Tuesday 3 May 2016

പുതിയ സീനുകൾ - ഔട്ട് ലൈൻ





പ്രേമനും ധർമ്മനും ആദ്യം പാലത്തിൽ വച്ച് കണ്ടുമുട്ടുന്നു. പ്രേമന്റെ ബിസിനസ്സ് പോളിയാനുള്ള കാരണം ധര്മ്മനാനെന്നു പ്രേമൻ പറയുന്നു. പ്രേമൻ ധര്മ്മനെ ഓടിക്കുന്നു.അവർ തമ്മിൽ വാഗ്വാദത്തിൽ ഏർപ്പെടുന്നു. അവിടെ വച്ച് ധര്മ്മനെ ഒരു കസ്റ്റമർ വിളിക്കുന്നു. ധര്മ്മൻ ഇപ്പോ വരാം എന്ന് പറഞ്ഞ് ബൈക്ക് സ്ടാര്ട്ടാക്കി പോകുന്നു.








നിർമ്മൽ പ്രേമിനെ പ്രമാണം ഉടനെ തരാം എന്ന് പറഞ്ഞ് വിളിക്കുന്ന സീൻ. സായിയും ഒപ്പമുണ്ട്.



പ്രേം അലനെ വിളിക്കാൻ ശ്രമിക്കുന്നു. ഫോൺ സ്വിച്ച് ഓഫ് ആണ്


കടലയും കഞ്ചാവും സമർത്ഥമായി  തൻറെ കൈവശം  ഒളിപ്പിക്കുന്ന പ്രേമൻ.



ധർമ്മൻ തന്റെ പുതിയ മൊബൈലിന്റെ ഗുണ ഗണങ്ങൾ പ്രേമന് പറഞ്ഞ് കൊടുക്കുന്നു. അവന്റെ സോഷ്യൽ മീഡിയയുടെ ഉപയോഗം കഞ്ചാവ് കച്ചവടത്തെ എങ്ങിനെ സ്വാധീനിക്കാം എന്ന പ്രഭാഷണം ഒന്നും അല്പം പോലും പ്രേമന് മനസ്സിലാവുന്നില്ല.


തരകന്റെ ബിസിനസ്സ് അബദ്ധങ്ങൾ

തേക്ക് മാഞ്ചിയം, ബിസിനസ്

കോലാർ താഴ്വരകളിൽ ഉള്ള ആട് ബിസിനസ്

അന്യർക്ക് ജാമ്യം നിൽക്കൽ

നോട്ട് ഇരട്ടിക്കൽ ബിസിനസ്സ്



രഹ്നയുയും ഷമ്നയും ഉള്ള സീനുകൾ





 

Monday 2 May 2016

ഹലാക്കിന്റെ അവലും കഞ്ഞീം - വൺ‌ലൈൻ

മനോഹരമായ ഒരു ആകാശക്കാ‍ഴ്ചയുടെ പശ്ചാത്തലത്തിൽ ടൈറ്റിലുകൾ ഒരോന്നായി തെളിയുന്നു. ആകാശത്തിൽ നിന്ന് ക്യാമറ കടലിലേയ്ക്കും കടലിൽ നിന്ന് കടൽ‌പ്പാലത്തിന് താഴെയുള്ള മണൽ‌പ്പരപ്പിലേയ്ക്കും കടൽക്കരയിലിരുന്ന് വളരെ സീരിയസ്സായി ചർച്ച ചെയ്യുന്ന അപരിചിതരായ മൂന്നു പേരിലേയ്ക്കും വന്നെത്തി നിൽക്കുന്നു. ശരിക്കും ഒരു ഗൂഢാലോചനയെന്ന് തോന്നിപ്പിക്കുന്ന ഷോട്ട്. അവരിലൊരാൾ "ഇത് റിസ്കാണ്.. എളുപ്പത്തിൽ ഒറ്റയടിക്ക് തീർക്കാവുന്ന വേറൊന്ന് പറയൂ..”  എന്ന് പറയുന്നു. ചിന്താനിമഗ്നനാവുന്ന മൂന്നാമൻ ഒരു ചുരൂട്ടിന് തീ കൊളുത്തി പുക ഊതിവിടുന്നു. അല്പനേരം ഗൌരവത്തിൽ എന്തോ‍ ആലോചിച്ചശേഷം അയാൾ മുരടനക്കുന്നു. ആരെയോ കൊല്ലാനുള്ള പ്ലാനിങ്ങിലാണ് അവരെന്ന് കാണികൾക്ക് പിടികിട്ടുന്നു. ഇവരിൽ നിന്നും കാഴ്ച അതുവഴി പോകുന്ന ഒറ്റപ്പെട്ട യാത്രക്കാരിലേയ്ക്ക് മാറുന്നു.

കടൽപ്പാലത്തിൽ കടല വിൽക്കാനായി സൈക്കിളിൽ വരുന്ന പ്രേമൻ അന്നത്തെ കസ്റ്റമേഴ്സിനെ തപ്പി തന്റെ ദിവസം തുടങ്ങുകയാണ്. കടലയുടെ മറവിൽ കഞ്ചാവ് വിൽപ്പനയാണ് പ്രേമന്റെ പ്രധാന ബിസിനസ്സ്. ഈ കച്ചവടത്തിൽ പ്രേമന് ഒരു എതിരാളിയുണ്ട്. തന്റെ സ്വന്തം അനന്തരവനായ ന്യൂ ജെനെറേഷൻ ധർമ്മൻ. ബൈക്കിൽ ചെത്തി നടക്കുന്ന കാതിൽ കമ്മലിട്ട ധർമ്മന്റെയടുത്ത് ചെറുപ്പക്കാർ വരുന്നതിനാൽ ഈയിടെയായി പ്രേമന്റെ ബിസിനസ്സിന് പൊതുവെ ഇടിവാണ്. ധർമ്മനും പ്രേമനും പരസ്പരം കണ്ടാൽ പിന്നെ പൊരിഞ്ഞ യുദ്ധം തന്നെയാണ്. എന്നാൽ രാത്രി വീട്ടിലെത്തി അല്പം മദ്യം അകത്താക്കി കഴിഞ്ഞാൽ രണ്ടു പേരും കണ്ണും കരളുമാണ്.

പാലത്തിൽ എത്തിയ പ്രേമന് അവിടെ വന്നിറങ്ങുന്ന ചെറുപ്പക്കാരനിലായി  ശ്രദ്ധ. ആദ്യം കടല വാങ്ങുവാനായി അവനെ പ്രേമൻ സമീപിച്ചുവെങ്കിലും അവനത്‌ കാര്യമായെടുത്തില്ല. അവന് പ്രേമൻ ഒരു ശല്യമായി മാറുന്നു. അവസാനം കഞ്ചാവ് തന്നെ വേണമോയെന്ന് ചോദിച്ചെങ്കിലും അവൻ ഒന്നും വാങ്ങാൻ കൂട്ടാക്കാതെ അയാളെ ആട്ടിയോടിക്കുന്നു. നിരാശയോടെ മറ്റ് കസ്റ്റമേഴ്സിനെ തിരക്കി അയാൾ പോകുന്നു. തന്റെ ജീവിതം അവസാനിപ്പിക്കുവാനായാണ് അലൻ തരകനെന്ന ആ ചെറുപ്പക്കാരൻ അവിടെ എത്തുന്നത്‌. ഇനി മരിക്കുകയല്ലാതെ അവന്റെ മുന്നിൽ വേറെ ഒരു മാർഗ്ഗവും ഇല്ല. ബിസ്സിനസ്സിൽ ബുദ്ധിയില്ലാത്ത അവന്റെ അപ്പൻ തരകൻ പല ബിസിനസ്സുകൾ ചെയ്ത് പരാജയപ്പെട്ട ഒന്നാന്തരം ക്ലീഷേ അപ്പനാണ്. ചുരുക്കത്തിൽ ആരോട് ചോദിച്ചാലും നയാപൈസ കടം കിട്ടാൻ ഒരു സാധ്യതയുമില്ലാത്ത ആദർശധീരനായ അപ്പൻ. കാൽക്കാശിന് വകയില്ലെങ്കിലും ഒരു ദുരഭിമാനികൂടിയാണ് തരകൻ. അതായത് മരിക്കാൻ കിടന്നാൽ‌പ്പോലും ആരുടേയും മുന്നിൽ ഇരക്കാൻ പോ‍കില്ലെന്ന് ശാഠ്യം പിടിക്കുന്ന ഒരാൾ.  തരകന്റെ മകൾ അലീനയുടെ കല്യാണം ഈയിടെ ഉറപ്പിച്ചു. പയ്യനെ പെങ്ങൾക്കും വീട്ടുകാർക്കും ഇഷ്ടമായി. ശാന്ത സ്വഭാവക്കാരനായ, അന്തസ്സും സ്വന്തമാ‍ായി ബിസിനസ്സുമുള്ള പയ്യൻ. അലീനയെ കണ്ടിഷ്ടപ്പെട്ട പയ്യനാകട്ടെ ഒരു ഡിമാന്റുമില്ല. വീടും സ്ഥലവും മാത്രമാണ് തരകന്റേയും കുടുംബത്തിന്റേയും ആകെയുള്ള സ്വത്ത്. ആ വസ്തുവിന്റെ പ്രമാണം പണയം വച്ച് കല്യാണം നടത്താമെന്ന് തരകനും കുടുംബവും തീരുമാനിക്കുന്നു. കെട്ടുപ്രായം കഴിഞ്ഞു നിൽക്കുന്ന പെണ്ണായതിനാൽ തരകനും ഭാര്യ ആലീസിനും ഈ കല്യാണം എത്രയും വേഗം നടത്തണം എന്നാണ് ആഗ്രഹം.  ഈ സീനുകളെല്ലാം ഒരു ഫ്ലാഷ് ബാക്കായി അവന്റെ മുന്നിൽ തെളിയുന്നു.

ഈ പ്രമാണം തന്നെയാണ് നമ്മുടെ അലനെ കുഴപ്പത്തിൽ കൊണ്ട് ചാടിക്കുന്നതും മരിക്കാൻ പ്രേരിപ്പിക്കുന്നതും. കുറെ ദിവസങ്ങൾക്കു മുമ്പ് അതായത് ഈ കല്യാണം ഉറയ്ക്കുന്നതിനും മുൻപ് തങ്ങളുടെ വീടിന്റെ പ്രമാണം ആത്മാർത്ഥ സുഹൃത്തായ പ്രേമിന് അവന്റെ ബിസിനസ്സിൽ മുടക്കുവാൻ  പണയ വസ്തുവായി വീട്ടുകാരറിയാതെ അലൻ കൊടുത്തിരുന്നു. ഉടനെ തിരിച്ചെടുക്കാം എന്നായിരുന്നു അവന്റെ ഉറപ്പ്. പറഞ്ഞ അവധികൾ പലതും കഴിഞ്ഞെങ്കിലും പ്രേം അലന് പ്രമാണം തിരിച്ചെടുത്ത് കൊടുക്കാതെ മുങ്ങി നടക്കുകയാ‍ണ്. കല്യാണം ഇങ്ങിനെ ഉടനെ നടക്കുമെന്ന് അലനും കരുതിയിരുന്നില്ല. കല്യാണം തീരുമാനിച്ചു കഴിഞ്ഞപ്പോൾ ഉടനെ തന്നെ പ്രേമിനെ കോണ്ടാക്റ്റ് ചെയ്തു വിവരം പറഞ്ഞെങ്കിലും തുടർന്ന് അവന്റെ ഫോൺ സ്വിച്ച് ഓഫ് ആവുകയും ചെയ്യുന്നു. തുടർന്ന് പ്രേമിനെ തപ്പി അലൻ യാത്ര തിരിക്കുന്നു. പ്രേം താമസിക്കുന്ന സ്ഥലത്തും, പതിവായി പോകാറുള്ള ഇടങ്ങളിലുമെല്ലാം അവനെത്തിരഞ്ഞ് അലൻ അലയുന്നു. നാളെയാണ് അലമാരയിൽ വച്ചിരിക്കുന്ന പ്രമാണവുമായി തരകൻ ബാങ്കിൽ പോകാനിരിക്കുന്ന ദിവസം. പ്രമാണം നോക്കുമ്പോൾ അത് കണ്ടില്ല എങ്കിൽ വീട്ടിൽ ഒരു കൂട്ട ആത്മഹത്യ നടക്കുമെന്ന് അലന് ഉറപ്പാണ്. ഇതേ സമയം അലമാരയിൽ പ്രമാണം തപ്പുന്ന തരകൻ ഞെട്ടിപ്പോകുന്നു. വീടുമുഴുവൻ അരിച്ചുപെറുക്കിയെങ്കിലും പ്രമാണം അവർക്ക് കണ്ടെത്താനാകുന്നില്ല. അതോടെ വീട്ടുകാരുടെ സംശയം അലനിലേയ്ക്ക് തിരിയുന്നു. അലനെ ഫോണിൽ വിളിക്കുന്നതോടെ സത്യാവസ്ഥകൾ മനസ്സിലാക്കുന്ന തരകൻ കാര്യങ്ങൾ എല്ല്ലാം കൈവിട്ടുപോയി എന്ന് മനസ്സിലാക്കുന്നു. 24 മണിക്കൂറിനുള്ളിൽ പ്രമാണം വീട്ടിൽ കൊണ്ടെത്തിച്ചില്ലെങ്കിൽ മൂവരും ആത്മഹത്യ ചെയ്യുമെന്ന് തരകൻ ഫോ‍ണിലൂടെ പറഞ്ഞ് പൊട്ടിക്കരയുന്നു.. അതോടെ അലൻ മാനസികമായി തളർന്നുപോകുന്നു. നിരപരാധികളായ മൂന്നുപേർ മരിക്കുന്നതിനെക്കാൾ ഭേദം കുടുംബത്തെ ചതിച്ച താൻ ജീവനൊടുക്കുന്നതാവും  നല്ലതെന്ന് അവൻ തീരുമാനിക്കുന്നു. തന്റെ മരണം കണ്ടെങ്കിലും പ്രേം ആ പ്രമാണം തിരിച്ചു നൽകുമെന്നും അങ്ങിനെ ഒരു കൂട്ട ആത്മഹത്യ ഒഴിവാക്കാമെന്നും അലൻ കണക്കുകൂട്ടുന്നു. അങ്ങനെയാണ് ആത്മഹത്യ ചെയ്യാനായി അലൻ റെയിൽ‌വേ ട്രാക്ക് തിരഞ്ഞെടുക്കുന്നത്. പക്ഷെ അതുവഴി പോകുന്ന ചില യാത്രക്കാർ കാരണം അവന്റെ ആ പദ്ധതി നടക്കാതെ വരുന്നു. തുടർന്ന് പകൽ സമയം ആൾത്തിരക്ക് കുറഞ്ഞ കടൽ‌പ്പാലത്തിൽ നിന്ന് കടലിലേയ്ക്ക് ചാടി ചാകാൻ അലൻ തീരുമാനിക്കുന്നു. ആരുടേയും ശ്രദ്ധ പിടിച്ചു പറ്റാതെ പാലത്തിൽ നിന്നും ചാടി ചാവണം. അത് മാത്രമാണ് അവന്റെ മനസ്സിലെ ചിന്ത.

ചാടാനുള്ള വശങ്ങൾ നോക്കി ചുറ്റുപാടും നിരീക്ഷിക്കുന്ന അലനരികിലേയ്ക്ക്  ഒരു പെൺകുട്ടി വന്നിറങ്ങുന്നു. അവൾ ആകെ ആശങ്കയിലാണ്. അതോടെ അലൻ തന്റെ ശ്രമം തൽക്കാലത്തേയ്‌ക്ക് നിർത്തിവയ്ക്കുന്നു. ഇവൾ പോകാതെ ഒരുപരിപാടിയും നടക്കില്ല എന്ന് അവന് ബോധ്യമാകുന്നു. സമയം പോകുന്തോറും അലന്റെ ആശങ്കകൾ വർദ്ധിക്കുന്നു. വാച്ചിൽ സമയം നോക്കുന്ന അവന്റെ ചങ്കിടിപ്പ് കൂടുന്നു. അവൻ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പോക്കറ്റിലിടുന്നു. മകന് കൊടുത്ത സമയം തീരാറാകുമ്പോൾ തരകൻ അലന്റെ നമ്പറിൽ തുടരെത്തുടരെ വിളിക്കുന്നു. ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നു എന്ന് മനസ്സിലാക്കുന്നതോടെ തരകൻ പരവശനാകുന്നു. അയാൾ ഉറച്ച തീരുമാനത്തോടെ  ടേബിളിന് പുറത്തിരിക്കുന്ന വിഷക്കുപ്പി കയ്യിലെടുക്കുന്നു. ആലീസിന്റേയും, അലീനയുടേയും കണ്ണുകൾ നിറഞ്ഞുതുളുമ്പുന്നു. വിഷം കഴിച്ച് സീലിംഗ് ഫാനിൽ തൂങ്ങിയാടുന്ന 3 മൃതദേഹങ്ങൾ പെട്ടെന്ന് ഓർക്കുന്ന അലൻ ഞെട്ടുന്നു. അവന്റെ മുഖം വേദനയാൽ പിടയുന്നു. ഇതേ സമയം അലന്റെ വീട്ടിൽ ആത്മഹത്യ ചെയ്യാൻ തീരുമാനമെടുത്ത തരകൻ മകൻ ചെയ്ത തെറ്റിന് തങ്ങളല്ല അവനാണ് ചാകേണ്ടതെന്ന നിലപാട് സ്വീകരിക്കുന്നു. കടൽ‌പ്പാലത്തിൽ വച്ച് അലനും രഹ്‌നയും തമ്മിൽ കാണുന്നു.

വീട്ടുകാരുടെ എതിർപ്പിനെ ധിക്കരിച്ച് അവൾ ഒരു മാസത്തിനു മുമ്പ് താൻ പ്രേമിച്ച ചെറുപ്പക്കാ‍രനെ വിവാഹം കഴിച്ചിരുന്നു. രഹ്‌നയിന്ന് ഗർഭിണിയുമാണ്. അവളുടെ ഭർത്താവിന്റെ വീട്ടുകാർക്കും ഈ വിവാഹം നടന്ന വിവരം അറിയില്ല. ഭർത്താവ് അവളുടെ സ്വർണ്ണം മുഴുവൻ രണ്ടാഴ്ച മുമ്പ് വാങ്ങിയിരുന്നു. ഇപ്പോൾ അയാളെ കുറിച്ച് യാതൊരു വിവരവും ഇല്ല. രഹ്‌നയുടെ കൂട്ടുകാരി ഷം‌നയ്ക്ക് എന്തോ സംശയം ആദ്യം തന്നെ തോന്നിയിരുന്നു. ഇപ്പോൾ രഹ്‌നയുടെ ഭർത്താവ് മുങ്ങുക കൂടി ചെയ്തപ്പോൾ അവൾ ചതിക്കപ്പെട്ടു എന്ന വസ്തുത ഷംന മനസ്സിലാക്കുന്നു. അവൾ അത് രഹ്‌നയെ ബോധ്യപ്പെടുത്തുന്നു. താൻ വഞ്ചിക്കപ്പെട്ടു എന്ന് രഹ്‌നയും തിരിച്ചറിയുന്നു. തന്റെ ഭർത്താവിനെ തപ്പി അവളും ആ നഗരം മുഴുവൻ അലയുന്നുവെ‌ങ്കിലും അവൾക്കവനെ കണ്ടെത്താൻ കഴിയുന്നില്ല. ഫോൺ സ്വിച്ച് ഓഫ് ചെയ്ത അയാളെ തിരയുന്നതിൽ ഇനി അർത്ഥമില്ലെന്നും, തിരികെ തനിക്ക് തന്റെ വീട്ടിലേയ്യ്ക്ക് പോകാനും കഴിയില്ലെന്നുമുള്ള സത്യം മനസ്സിലാക്കുന്നതോടെ ഈ ജീവിതം അവസാനിപ്പിക്കാൻ അവളും തീരുമാനിക്കുന്നു. അധികം തിരക്കില്ലാത്ത വിജനമായ കടൽ‌പ്പാലം അവൾ തിരഞ്ഞെടുക്കുന്നത് അങ്ങനെയാണ്. ചുരുക്കിപ്പറഞ്ഞാൽ മരിക്കുവാനായി ഒരാണും പെണ്ണും ഒരേസമയം ഒരേ സ്ഥലത്ത് അവിചാരിതമായി എത്തിച്ചേരുന്നു. ഇരുവരുടേയും ലക്ഷ്യങ്ങൾക്ക്  അവരുടെ സാന്നിധ്യം പരസ്പരം ശല്യമായി മാറുന്നു.

പ്രേമൻ  കടല വിൽക്കുവാനായി രഹ്നയെ സമീപിച്ചെങ്കിലും  ഒന്നും നടന്നില്ല. മാത്രവുമല്ല അയാൾക്ക്‌ ഇവരുടെ രണ്ടുപേരുടെയും വശപിശക് നിൽ‌പ്പിൽ പന്തികേട് തോന്നുകയും അയാൾ രണ്ടിലൊന്ന് അറിയുവാനായി അവിടെ തന്നെ ചുറ്റിപ്പറ്റി നിൽക്കുകയും ചെയ്യുന്നു. ഇവർ രണ്ടുപേരും ഒരുപക്ഷെ കടൽ‌പ്പാലത്തിൽ നിന്ന് ചാടിച്ചാവാൻ വന്നതാണോയെന്ന് അയാൾ ശങ്കിക്കുന്നു.

എന്തും ചെയ്യാൻ മടിക്കാത്തവരും തട്ടിപ്പ് വീരന്മാരുമാണ് നിർമ്മൽ ജോണും ജോയിച്ചനും. നിർമ്മൽ ആവശ്യത്തിന് പണം ഉണ്ടാക്കി കഴിഞ്ഞു. അയാൾക്ക്‌ ഇനി ഇതെല്ലാം അവസാനിപ്പിക്കണം എന്നാണു ചിന്ത. ഒരു വിവാഹമൊക്കെ കഴിച്ച് സെറ്റിൽ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അയാൾ. പ്രേമിനെ ബിസിനസ്സിൽ ചേർക്കാം എന്ന് വാഗ്ദാനം കൊടുത്ത് അലന്റെ ആ പ്രമാണം അവരാണ് പണയം വയ്പ്പിച്ചത്. സിറ്റിയിൽ ഉള്ള സ്ഥലമായതിനാൽ അതിന് കോടികളുടെ വിലയുണ്ട്‌. ആദ്യം വച്ച ബാങ്കിൽ നിന്നും അതവർ തിരിച്ചെടുക്കുന്നു. ജോയിച്ചന്റെ പരിചയത്തിൽ ഉള്ള ബ്ലെയിഡ് കമ്പനിയിൽ അത് വച്ചാൽ മാക്സിമം രണ്ട് കോടി കിട്ടുമെന്ന് ജോയിച്ചൻ  നിർമ്മലിനോട് പറയുന്നു.  പ്രമാണം പ്രേമിന്റെ അല്ലെന്നും അവർ മനസ്സിലാക്കുന്നു. നിർമ്മലും ജോയിച്ചനും ബിസിനസ്സിന്റെ പേരും പറഞ്ഞ് പ്രമാണം കൈക്കലാക്കി തന്നെ ചതിക്കുകയാണെന്ന് അലൻ മനസ്സിലാക്കുന്നു. പിന്നീട് പ്രമാണം അവരിൽ നിന്ന് വാങ്ങാൻ പ്രേം നിർമ്മലിന്റേയും ജോയിച്ചന്റേയും പുറകെ കൂടുന്നു. പ്രേം തങ്ങൾക്കൊരു ശല്യമാകുമെന്ന് ഉറപ്പാകുന്ന്നതോടെ അവനെ തട്ടാൻ ഇരുവരും പദ്ധതിയിടുന്നു. അലന്റെ സഹോദരിയുടെ വിവാഹം നിശ്ചയിച്ച വിവരം പ്രേമിനെ ആശങ്കാകുലനാക്കുന്നു. പ്രേമിനെ തട്ടിയ ശേഷം ഈ പ്രമാണം കൂട്ടിയ എമൌണ്ടിന് പണയം വയ്ക്കാൻ നിർമ്മലും ജോയിച്ചനും പല പദ്ധതികളും ആസൂത്രണം ചെയ്യുന്നു. അവനെ കൊല്ലാൻ ആളിനെ വിട്ടെങ്കിലും അത് നടക്കുന്നില്ല. പ്രമാണം കൊടുക്കുവാൻ എന്ന വ്യാജേന കടൽ പാലത്തിൽ വിളിച്ചു വരുത്തി പട്ടാപ്പകൽ അവനെ വക വരുത്തുവാൻ അവർ ഒടുവിൽ തീരുമാനിക്കുന്നു. പാലത്തിൽ നിന്ന് തള്ളിയിട്ട് സ്വാഭാവികമായ ആത്മഹത്യയാക്കി മാറ്റാനാണ് അവരുടെ ശ്രമം. അഥവാ അതിന് കഴിഞ്ഞില്ലെങ്കിൽ വെടിവച്ച് കൊല്ലാൻ അവർ മുന്നൊരുക്കം നടത്തുന്നു.

തങ്ങളുടെ പതിവ് പട്രോളിങ്ങിനു ഇറങ്ങിയ ഹെഡ് കോൺസ്റ്റബിൾ ജോ‍ർജും പുതിയതായി നിയമനം കിട്ടിയ പി സി വേണുവും കടൽ‌പ്പാലത്തിൽ എത്തുന്നു. കൊമ്പൻ ജോർജ് എന്നാണ് അയാൾ കള്ളന്മാർക്കിടയിൽ അറിയപ്പെടുന്നത്. തന്റെ വീര കൃത്യങ്ങൾ വേണുവിനെ പറഞ്ഞ് കേൾപ്പിക്കുന്നുണ്ട്. തന്റെ കൊമ്പൻ മീശയാണ് മീശ മാധവൻ എന്ന സിനിമയ്ക്ക് പ്രചോ‍ദനമായി മാറിയതെന്നുവരെ അയാൾ വേണുവിനെ പറഞ്ഞ് വിശ്വസിപ്പിക്കുന്നുണ്ട്. ഒരു പോലീസുകാരനാവാൻ വേണ്ട ഗുണങ്ങൾ, കള്ളന്മാരും പോലീസും തമ്മിലുള്ള ബുദ്ധിപരമായ സാമ്യങ്ങൾ, കള്ളന്മാർ എത്ര തരമുണ്ട് തുടങ്ങിയ പാഠങ്ങൾ അദ്ദേഹം വേണുവിനെ പഠിപ്പിക്കുന്നു. കൊമ്പൻ ജോർജ് എന്ന തന്റെ സീനിയറിന്റെ വീര സർവീസ് കഥകൾ കേട്ട് കോൺസ്റ്റബിൾ വേണു കോരിത്തരിക്കുന്നു.

ആത്മഹത്യ ചെയ്യുക എന്ന തങ്ങളുടെ ലക്ഷ്യങ്ങൾക്ക് പരസ്പരം തടസ്സമാകുന്ന രഹ്നയും അലനും അവിടെ വച്ച് പരിചയപ്പെടുന്നു. രണ്ടുപേരുടെയും ഉദ്ദേശം ഒന്നാണെന്ന് അവർ അറിയുന്നു.
അലൻ തന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം അവളോട് പറയുന്നു. അവരുടെ സംസാരം ഒളിഞ്ഞ് നിന്ന് കേൾക്കുന്ന പ്രേമൻ അവിടെ ആ ദിവസം എന്തെങ്കിലും നടക്കുമെന്ന് തന്നെ ഉറപ്പാക്കുന്നു. അയാൾ അവിടെ കറങ്ങി നടക്കുന്നു. പ്രമാണം ഇന്നുതന്നെ തരാമെന്നും അരമണിക്കൂറിനുള്ളിൽ കടൽ‌പ്പാലത്തിലെത്താനും നിർമ്മൽ പ്രേമിനെ അറിയിക്കുന്നു. പ്രമാണം ഉടൻ തന്നെ തരാം എന്ന വിവരം പറയാനായി പ്രേം അലനെ വിളിക്കുന്നെങ്കിലും ഫോൺ സ്വിച്ച് ഓഫ് എന്ന് അവൻ മനസ്സിലാക്കുന്നു. തുടർന്ന് അവൻ കടൽ‌പ്പാലത്തിലേയ്ക്ക് പോകാൻ തയ്യാറെടുക്കുന്നു. തന്നെയും കുടുംബത്തേയും ചതിച്ച മകനെ തരകൻ അന്വേഷിച്ചിറങ്ങുന്നു. അയാളുടെ ഒരു സുഹൃത്തും ഒപ്പമുണ്ട്.

നിർമ്മലും ജോയിച്ചനും ഒരു മാരുതി വാനിൽ കടൽ‌പ്പാലത്തിലെത്തുന്നു. വണ്ടിക്കകത്തിരുന്നുകൊണ്ട് അവർ പരിസരം വീക്ഷിക്കുന്നു. പ്രമാണം വാങ്ങാൻ വരുന്ന പ്രേമിനെ തള്ളിയിട്ട് കൊല്ലാൻ മനസ്സിൽക്കണ്ട സ്ഥലത്ത് ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും നിൽക്കുന്നത് കണ്ട് ഇവർ തങ്ങൾക്ക് തലവേദനയാകുമെന്ന് അവർ ഊഹിക്കുന്നു. ഇനി തള്ളിയിട്ട് കൊല്ലുക എന്ന പ്ലാൻ നടക്കില്ല എന്നവർക്ക് മനസ്സിലാവുന്നു. അതിനാൽ വണ്ടിക്കകത്തിരുന്നുകൊണ്ട് വെടി വച്ച് കൊല്ലാൻ  അവർ തീരുമാനിക്കുന്നു.
പഴയ കഞ്ചാവ് വില്പനക്കാരനായ പ്രേമനെ കൊമ്പൻ ജോർജും വേണുവും കാണുന്നു. അവരവനെ ചോദ്യം ചെയ്ത് വിട്ടയക്കുന്നു. പ്രേമൻ പഴയ കഞ്ചാവ് വില്പനക്കാരൻ ആണെന്നും എന്നാൽ ഇപ്പോൾ പാവമാണെന്നും കടല വില്പന കൊണ്ട് ജീവിച്ച് പോവുകയാണെന്നും ജോർജ് വേണുവിനോട് പറയുന്നു. നിർമ്മലും ജോ‍ായിച്ചനും പ്രതീക്ഷിച്ച പോലെ അവരുടെ ഇരയായ പ്രേം കടൽ‌പ്പാലത്തിനടുത്ത് കൃത്യസമയത്തുതന്നെ ബൈക്കിൽ വന്നിറങ്ങുന്നു.. നാലുപാടും നോക്കുന്ന പ്രേം നിർമ്മലിന്റെ ഒ‌മ്നി കാണുന്നു. അവൻ പ്രതീക്ഷയോടെ വണ്ടിക്കരികിലേയ്ക്ക് നടക്കുന്നു. തള്ളിയിട്ട് കൊല്ലൽ നടക്കില്ലെന്ന് അറിയാവുന്ന ജോയിച്ചൻ തങ്ങൾക്കുനേരെ വരുന്ന പ്രേമിനെ വെടിവയ്ക്കാൻ നിർമ്മലിനോട് ആവശ്യപ്പെടുന്നു. നിർമ്മൽ തോക്കെടുത്ത് പ്രേമിനുനേരെ ലക്ഷ്യം വയ്ക്കുന്നു. ട്രിഗറിൽ വിരൽമർത്തുന്ന നിർമ്മൽ. ഉണ്ട പ്രേമിനെ ലക്ഷ്യമാക്കി അതിവേഗത്തിൽ കുതിക്കുന്നു.

വെടിയൊച്ച കേൾക്കുന്നതോടെ പ്രേമന്റെ കയ്യിലെ കടലപ്പൊതി തെറിക്കുന്നു. ഹെഡ്‌കോൺസ്റ്റബിൾ കൊമ്പൻ ജോർജും വേണുവും നടുങ്ങിപ്പോകുന്നു. ഒരു നിലവിളിയോടെ നെഞ്ചിൽ കയ്യമർത്തി പിന്നിലേയ്ക്ക് വീഴുന്ന പ്രേം. അവിടേയ്ക്ക് ഓടിയടുക്കുന്ന പ്രേമനും പോലീസുകാരും. അതിവേഗത്തിൽ വണ്ടി റിവേഴ്സെടുത്ത് പായുന്ന നിർമ്മലും ജോയിച്ചനും. പെട്ടെന്നുള്ള വെടിശബ്ദം കേട്ട് അവിടേയ്ക്ക് നോക്കുന്ന അലനും രഹ്നയും. അവരും സംഭവസ്ഥലത്തേയ്ക്ക് ഓടിയെത്തുന്നു. രക്തത്തിൽ കുളിച്ചുകിടക്കുന്ന പ്രേമിനെ കണ്ട് അലൻ ഞെട്ടിപ്പോകുന്നു. തന്റെ പ്രമാണവും കൂട്ടുകാരന്റെ ജീവനും ഒരേ സമയം നഷ്ടമായ ദു:ഖത്താൽ പ്രേമിനെ കെട്ടിപ്പിടിച്ച് അലൻ കരയുന്നു. പ്രേമിന്റെ മുഖം കണ്ട് രഹ്നയും നടുങ്ങിപ്പോകുന്നു. ബാക്കി കരച്ചിൽ അവൾ ഏറ്റെടുക്കുമ്പോൾ ഇത്തവണ നടുങ്ങുന്നത് അലനാണ്. അവളെ ചതിച്ചിട്ടുപോയ ഭർത്താവും തന്നെ ചതിച്ചിട്ടുപോയ കൂട്ടുകാരനും ഒരാളാണെന്ന് ഇരുവരും മനസ്സിലാക്കുന്നു. കഥയറിയാതെ തലയ്ക്ക് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലാകുന്ന പ്രേമനും പോലീസുകാരും. കഥയുടെ ഒരു ഏകദേശരൂപം മനസ്സിലാക്കുന്ന പ്രേമൻ ക്യാമറയ്ക്കുനേരെ വന്ന് (ഫിഷ് ഐ ആംഗിൾ ലെൻസിൽ ഒരു കാർട്ടൂൺ ക്യാരക്ടർ പോലെ) ഇങ്ങനെ പറയുന്നു. “പിള്ളേ ഈ ക്ലൈമാക്സ് മാറ്റിയേ പറ്റൂ.. ഇതൊരുമാതിരി ഹലാക്കിന്റെ അവലും കഞ്ഞീം ആയിപ്പോയി. അല്ലേൽത്തന്നെ ട്രാജഡി ഇവിടെ ആർക്കുവേണം. നിങ്ങള് ക്ലൈമാക്സ് ഒന്ന് മാറ്റിപ്പിടിക്കിൻ.. ബ്ലീസ്..” പ്രേമൻ പറഞ്ഞതിനെ ശരിവച്ചുകൊണ്ട് വോയിസ് ഓവർ മുഴങ്ങുന്നു. "നമ്മുടെ പ്രേമൻ പറഞ്ഞാൽ പിന്നെ അതിന് അപ്പീലില്ല.. അയാളാണല്ലോ ഈ കഥ ഇത്രയും നേരം കൊണ്ട് പോയത്.." അതോടെ ആ രംഗം ഫ്രീസ് ആകുന്നു. തുടർന്ന് നേരത്തെ കണ്ട ഷോട്ടുകളെല്ലാം റിവേഴ്സിൽ സഞ്ചരിക്കുന്നു. മാരുതി വാനിൽ നിർമ്മലും ജോയിച്ചനും അവിടെ വരുന്ന ഷോട്ട് മുതൽ സ്വാഭാവിക ചലനത്തിലേയ്ക്ക് ദൃശ്യം പുനരാരംഭിക്കുന്നു. വണ്ടിക്കകത്തുള്ള ഷോട്ട്. നേരത്തെ അവർ സംസാരിച്ച അതേ ഡയലോഗുകൾ വീണ്ടും കേൾക്കുന്നു. വാനിന്റെ ഒരു സൈഡിലൂടെ ഇവരെ ചാക്കിലാക്കാൻ വരുന്ന പ്രേമൻ നിർമ്മലിന്റേയും ജോയിച്ചന്റേയും ചർച്ചയെല്ലാം മറഞ്ഞുനിന്ന് കേൾക്കുന്നു. പ്രേമൻ ഞെട്ടിപ്പോകുന്നു. നിർമ്മലിന്റെ കയ്യിലെ തോക്കും ജോയിച്ചന്റെ കയ്യിലിരിക്കുന്ന പ്രമാണവും അയാൾ വ്യക്തമായി കാണുന്നു.

അയാൾ അവിടെ നിന്നും വേഗം വലിയുന്നു. നേരെ ചെന്നു ചാടുന്നത് കോൺസ്റ്റബിൾസ് കൊമ്പൻ ജോർജിന്റേയും വേണുവിന്റേയും മുന്നിലാണ്. പ്രേമൻ ഭീതിയോടെ സാറെ ഇപ്പ ഇവിടെയൊരു കൊലപാതകം നടക്കുമെന്ന് പറയുമ്പോൾ അവരിത് കേട്ട് പൊട്ടിച്ചിരിക്കുന്നു. നേരത്തെ അവർ പറഞ്ഞ കാര്യങ്ങളും തോക്ക് കണ്ടതുമൊക്കെ വള്ളിപുള്ളി വിടാതെ പ്രേമൻ പോലീസുകാരെ അറിയിക്കുമ്പോൾ അവർ കൺഫ്യൂഷനിലാകുന്നു. ചാകാനായി ഒരുത്തൻ ഇപ്പൊ ബൈക്കിൽ വരുമെന്ന പ്രേമന്റെ മൊഴി കൊമ്പൻ ജോർജിലെ പോലീസ് വീര്യം ഉണർത്തുന്നു. ഇതേ സമയം പ്രേം ബൈക്കിൽ അവിടെ വന്നിറങ്ങുന്നു. ഇതോടെ പ്രേമൻ പറഞ്ഞ അവിശ്വസനീയമായ കാര്യങ്ങൾ സത്യമാണെന്ന് പോലീസുകാർക്ക് ഉറപ്പാകുന്നു. അതുവഴി വരുന്ന ധർമ്മനും ഈ സംഭവത്തിൽ പങ്കാളിയാകുന്നു. ബൈക്ക് വച്ചശേഷം നാലുപാടും ഒന്ന് നോക്കി മാരുതി വാനിനെ ലക്ഷ്യമാക്കി പ്രേം നടന്നു വരുന്നു. ജോയിച്ചന്റെ നിർദ്ദേശപ്രകാരം നിർമ്മൽ തോക്കെടുത്ത് അവനുനേരെ ഉന്നം വയ്ക്കുന്നു. ഈ സമയം പോലീസുകാർ അവരെ വളയുന്നു. പോലീസുകാരെക്കണ്ട് നിർമ്മൽ തോക്ക് ഒളിപ്പിക്കാൻ ശ്രമിക്കുന്നു. പ്രമാണവും തോക്കും കൊമ്പൻ ജോ‍ാർജും വേണുവും നിർമ്മലിൽ നിന്നും ജോയിച്ചനിൽ നിന്നും പിടികൂടുന്നു. അവരുടെ അടുത്തെത്തുന്ന പ്രേമിനോട് ജോർജ് എല്ലാ കാര്യങ്ങളും പറയുന്നു, ഒപ്പം അയാളുടെ പ്രമാണവും അവനെ ഏൽ‌പ്പിക്കുന്നു. പോലീസും ആൾക്കൂട്ടവും കണ്ട് അവിടെ അലനും രഹ്നയും വരികയും പ്രേമിനെ കണ്ട് അത്ഭുതപ്പെടുകയും ചെയ്യുന്നു. പോലീസ് കസ്റ്റഡിയിലാകുന്ന നിർമ്മൽ ജോണിനെക്കണ്ട് അലൻ ഞെട്ടിപ്പോകുന്നു. കുറെ ദിവസങ്ങൾക്ക് മുൻപ് തന്റെ പെങ്ങൾ അലീനയെ പെണ്ണുകാണാൻ ഒരു ഡീസന്റ് കുട്ടപ്പന്റെ രൂപഭാവങ്ങളോടെ നിർമ്മലും കൂടെ ജോയിച്ചനും വന്ന സീൻ അലന്റെ ഓർമ്മയിലൂടെ കാണിക്കുന്നു. ഒരേ സമയം തങ്ങളെ പല ഊരാക്കുടുക്കുകളിൽ നിന്ന് കൃത്യസമയത്ത് രക്ഷിച്ചതിൽ അവർ പ്രേമിനോട് നന്ദി പറയുന്നു. ഒരു പ്രമാണവും അത് വരുത്തിവച്ച വിനകളും അതേപോലെ യാദൃച്ഛികമാണെങ്കിലും താൻ ചില ആപത്തുകളിൽ നിന്ന് തനിക്ക് പ്രിയപ്പെട്ടവരെ രക്ഷപ്പെടുത്തിയതുമൊക്കെ അവിശ്വസനീയതയോടെ പ്രേം മനസ്സിലാക്കുന്നു. നിന്നെ ഒരിക്കലും ഞാൻ ചതിച്ചിട്ടില്ല എന്നുപറഞ്ഞുകൊണ്ട് പ്രേം അലനു പ്രമാണം കൈമാറുന്നു, ഒപ്പം രഹ്നയെ ചേർത്തുപിടിച്ച് നിന്നെയും ഞാൻ ചതിച്ചിട്ടില്ല, എല്ലാ പ്രശ്നങ്ങൾക്കും പിന്നിൽ ഈ പ്രമാണമാണെന്ന് പറയുന്നു. ഉറ്റ സുഹൃത്തുക്കളാണെങ്കിലും തന്നെ അറിയിക്കാതെ നടത്തിയ വിവാഹത്തിൽ അലന് പരിഭവമുണ്ടാകുന്നു. പല കഥകളും ഉപകഥകളും കേട്ട് തല മരവിച്ച ധർമ്മന്റെ ആനന്ദക്കരച്ചിൽ കേട്ട് എല്ലാവരും ഞെട്ടുന്നു. പ്രേമൻ ധർമ്മനെ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിക്കുന്നു. ഈ സമയം തരകനും കൂട്ടുകാരനും അലനെ തപ്പി അവിടെ എത്തുന്നു. കാര്യങ്ങളുടെ കിടപ്പ് അയാൾ മനസ്സിലാക്കുന്നു. അലൻ പ്രമാണം അപ്പനെ ഏൽ‌പ്പിക്കുന്നു. പോലീസുകാർ നിർമ്മലിനേയും ജോയിച്ചനേയും കൊണ്ടുപോകുന്നു. കടൽ‌പ്പാലത്തിന്റെ ബാക്ഡ്രോപ്പിൽ ശൂഭകരമായ ഒരു ക്ലൈമാക്സ് സംഭാവന ചെയ്ത കഥാപാത്രങ്ങൾ ധർമ്മന്റെ മൊബൈ‌ലിലെ ഒരു കൂതറ സെൽഫിക്ക് മുന്നിൽ കീഴടങ്ങുന്നു.

സിനിമയുടെ തുടക്കത്തിൽ കണ്ട സീനിന്റെ തുടർച്ച.
അപരിചിതരായ ആ മൂന്നുപേരും കടൽക്കരയിൽ ഇരിപ്പുണ്ട്. അവരിൽ രണ്ടുപേർ മൂന്നാമൻ പറഞ്ഞതെല്ലാം കേട്ട് ഞെട്ടി ഇരിക്കുകയാണ്. “ഇതാണ് ഹലാക്കിന്റെ അവലും കഞ്ഞീം എന്ന സിനിമയുടെ ത്രെഡ്.“ എന്ന് അയാൾ അവരോട് പറഞ്ഞുനിർത്തുന്നു. “സംഗതി കൊള്ളാം. ഇത് പൊളിക്കും“ എന്ന് രണ്ടാമൻ ഒന്നാമനോട് പറയുമ്പോൾ സിനിമ അവസാനിക്കുന്നു.
എൻഡ് സ്ക്രോളിംഗ് ആരംഭിക്കുന്നു.

Saturday 30 April 2016

New Scenes

 സീൻ

പകൽ
റോഡ്‌


ഉല്ലാസ്
വേണു

ഹെഡ് കോൺസ്റ്റബിൾ ഉല്ലാസും പി സി വേണുവും പട്രോളിൽ ആണ്.

ഉല്ലാസ്: നെന്റെ ആദ്യ ദെവസമാ മോനേ ഇത്..ഞാമ്പറയുന്നത് കേട്ട് നടന്നാ നെനക്ക് കൊള്ളാം..അല്ലെങ്കി നെന്റെ ജോലി ഹലാക്കിന്റെ അവലും കഞ്ഞീം പോലെ ആവും.. പറഞ്ഞേക്കാം..

വേണു: സാറാ എന്റെ ഗുരു..

ഉല്ലാസ്: എന്നിട്ട് നീ ദെക്ഷിണ ഒന്നും തന്നില്ലല്ലോ..

വേണു: അത് ഞാൻ തന്നിരിക്കും..

ഉല്ലാസ്: ങും.. വൈകുന്നേരം മതി.. ഇപ്പോ ഞാൻ പകലടിക്കുകേല..

വേണു: സാറെന്താ പറഞ്ഞത്..?

ഉല്ലാസ്: അതോ..? അത് ഞാൻ വൈകുന്നേരം പറയാം..അപ്പോ നീ ചെയ്താ മതി..ഇപ്പോ നീ നേരെ നോക്കി നടക്ക്..

വേണു: ശരി സാർ..

ഉല്ലാസ്:" അപ്പോ ഞാൻ ഈ കള്ളന്മാർ എത്ര തരം ആണെന്നാ പറഞ്ഞത്..?

വേണു: ആറ് തരം ..

ഉല്ലാസ്: ആറല്ല..അഞ്ച് ..

വേണു: ഇനി എനിക്ക് ഇവരൊക്കെ തമ്മിൽ മാറി പോവുമോ സാറേ..?

ഉല്ലാസ്: ഇല്ല ആ അതിനൊള്ള വഴികളൊക്കെ ഞാൻ പറഞ്ഞു തരാം. വ്യത്യാസങ്ങൾ ഉണ്ട്. ആദ്യം പോലീസ് കാരനാവാൻ നമുക്ക് വേണ്ട യോഗ്യതകൾ എന്തൊക്കെ ആണെന്ന് നെനക്ക് അറിയാമോ..?

വേണു: ഇല്ല സാർ .

ഉല്ലാസ്: ഒരു പോലീസുകാരനാവാൻ ആദ്യം വേണ്ടത് ഇത് പോലെ ഒള്ളൊരു മീശയാണ്.. നമ്മളിതിങ്ങനെ പിരിച്ച് വയ്കുമ്പോ ഏതവനും ഒന്ന് ഞെട്ടണം.. അല്ലാതെ നിന്റെ ടൈപ്പ് മീശ പോലീസമ്മാർക്ക് ചേരില്ല..നിന്നെ ആദ്യം കണ്ടപ്പോ തന്നെ എനിക്ക് ഇത് പറയാൻ തോന്നിയതാ..

വേണു: ഞങ്ങടെ കുടുമ്മത്ത് ആർക്കും മീശ വളരത്തില്ല സാറേ.. ഞാൻ നാല് കിലോ കരടി നെയ്യ് കഴിച്ച് നോക്കിയതാ..

ഉല്ലാസ്: (ഞെട്ടുന്നു) ഈ വിവരം നമ്മടെ എസ് ഐ സാറ് അറിയരുത്..അറിഞ്ഞാൽ നീ അഴി  എണ്ണും.. പുള്ളി ഒടുക്കത്തെ മൃഗ സ്നേഹിയാ.. നമ്മടെ ലോക്കപ്പി കെടക്കുന്ന പകുതി പ്രതികളും തെരുവ് നായകളെ  എന്തെങ്കിലും ചെയ്തവമ്മാരാ.. പിന്നെ നീ അതൊന്നും കാര്യമാക്കണ്ട.. ഞാൻ ഇതൊന്നും അങ്ങേരോട് പറയാൻ പോകുന്നില്ല..

വേണു: സാറിന്റെ മീശ കാണുമ്പോ ആരും ഒന്ന് ഞെട്ടും.. എന്റെ ഞെട്ടൽ ഇതുവരെ മാറീല്ല..എന്നാലും എനിക്കത് കാണുമ്പോ അതിലൊന്ന് തടവണം എന്ന് തോന്നാറുണ്ട്..

ഉല്ലാസ്: (സന്തോഷം കൊണ്ട് ചിരിക്കുന്നു) അത് അങ്ങനയാടാ.. പലർക്കും ഈ മീശ കാണുമ്പോ പലതും തോന്നും..നെനക്ക് തടവാൻ തോന്നി.. കള്ളമ്മാർക്ക് പേടി തോന്നും.. എന്നാ ചെല കലാകാരമമാര് അങ്ങനല്ല.. ഉദാഹരണം നമ്മടെ ജോസ് ലാല് സാറ്.. ഞങ്ങള് ഒരു ലോഡ്ജിൽ പണ്ട് ഒരുമിച്ച് താമസിച്ചവരാ..അന്നേ സാറിന് എന്റെ മീശ ഭയങ്കര ഇഷ്ടമാരുന്നു..അങ്ങനല്ലിയോ സാറ് മീശ മാധവൻ എന്ന സിനിമ തന്നെ ഒണ്ടാക്കിയത്..

വേണു: അയ്യോ സാറേ അത് ലാൽ ജോസ് സാർ എന്നല്ലിയോ..?

ഉല്ലാസ്: എടാ അത് നീയൊക്കെ വിളിക്കുമ്പോ.. ഞങ്ങൾ വളരെ അടുത്ത ആളുകൾ വിളിക്കുമ്പോ ജോസ് ലാൽ എന്നാ വിളിക്കുക.. പിന്നേം പല സിനിമകളും ഒണ്ടായി.. എനിക്കതിന്റെ ഒന്നും പേരുകള് ഓർമ്മ ഇല്ലെടാ ഉവ്വേ..അല്ലെങ്കി തന്നെ നമുക്കതിനൊക്കെ എവിടെ ടൈം..?

വേണു: അത് ശരിയാ സാറേ.. ഈ തെരക്കിന്റെ എടയിൽ അതൊക്കെ ഭയങ്കര പാടാ..

ഉല്ലാസ്: എന്നോട് പല സിനിമാക്കാരും  പറഞ്ഞിട്ടൊണ്ട്‌.. സത്യത്തിൽ എന്റെ ഈ മീശ അവര് കണ്ടില്ലാരുന്നെങ്കിൽ മലയാള സിനിമയിൽ തന്നെ ഭയങ്കര ദാരിദ്ര്യം ആകുമായിരുന്നു..

വേണു: ദാരിദ്ര്യമോ..?

ഉല്ലാസ്: അതേ..കഥാ ദാരിദ്ര്യം..

വേണു: അത് ശരിയാ സാറേ.. എന്നാലും സാറ് ഇത് വളർത്തി എടുക്കാൻ സാറ് കൊറേ കഷ്ടപ്പെട്ട് കാണുമല്ലോ..

ഉല്ലാസ്: പിന്നല്ലിയോ..കൊറേ കഷ്ടപ്പാട് ഏതു കാര്യത്തിലും വേണമല്ലോ..അത് ഇക്കാര്യത്തിലും ഒണ്ട്..

വേണു: ഒരു കത്രിക വച്ച് അതൊന്നു വെട്ടി ഷേപ്പാക്കിയാൽ ജോറാവും..

ഉല്ലാസ്:(ഞെട്ടുന്നു) കത്രികയോ..? നീ അത് മാത്രം എന്നോട് പറയരുത് ..ഈ ലോകത്ത് എനിക്ക് ഏറ്റവും പേടി ഒള്ളൊരു സാധനം എന്ന് പറഞ്ഞാൽ അത് കത്രികയാണ്..

വേണു: അയ്യോ അതെന്താ സാറേ..

ഉല്ലാസ്: നീയിത് പൊറത്ത് പറയരുത്.. ഒരിക്കൽ ഞാനൊരു പെണ്ണ് പറഞ്ഞിട്ട് എന്റെ മീശ ഒന്ന് വെട്ടാൻ നോക്കി ..വെട്ടി മിനുക്കാൻ ആയിരുന്നു പ്ലാൻ ..ഒരു വശം വെട്ടി വന്നപ്പോ മറ്റേ വശം അല്പം ചെറുതാവും..അത് വെട്ടി ശരിയാക്കുംപോ മറ്റേത് ചെറുതാവും..എന്തിന് പറയണം അവസാനം മൊത്തം വെട്ടി നെരത്തേണ്ടി വന്നു...അന്ന് മൊതല് ഈ കത്രിക എന്ന് പറേന്ന സാധനം നമുക്ക് ചേരില്ല എന്ന് എനിക്ക് മനസ്സിലായി...അതാ ഞാനീ ഉത്ഘാടനം ചെയ്യാനൊന്നും പോകാത്തത്.. കാരണം ആദ്യം അവരീ കത്രിക അല്ലിയോ എടുത്ത് കയ്യീ തരുന്നതേ..മറ്റേ ഈ സാധനം മുറിക്കാൻ.. അത് മുറിച്ചെങ്കിൽ അല്ലേ ഉത്ഘാടനം നടക്കൂ...

വേണു: അത് ശരിയാ

***********************************************************


ഉല്ലാസ്: ആദ്യം നമ്മൾ മനസ്സ് മനസ്സിലാക്കണം..

വേണു: മനസ്സിലായില്ല..

ഉല്ലാസ്: അതങ്ങനാ..ആദ്യം ഒന്നും മനസ്സിലാവില്ല..ഒരു പോലീസുകാരനാവാൻ ആദ്യമായി നമുക്ക് എന്താണ് വേണ്ടത്..?

വേണു: കള്ളമ്മാരെ ഓടിച്ചിട്ട് പിടിക്കാൻ പറ്റണം..

ഉല്ലാസ്: അല്ലേടാ മണ്ടാ..ആദ്യം കള്ളമ്മാരുടെ മനസ്സ് മനസ്സിലാക്കണം..അതായത് നമ്മളും ഒരു കള്ളനെ പോലെ ആവണം.. കള്ളനെ പോലെ ചിന്തിക്കണം..നമ്മക്ക് ആ ഫീൽഡിൽ അല്പം എക്സ്പീരിയൻസ് ഒക്കെ വേണം..അതല്ലേ എന്റെ ഗുണം..

വേണു: ആപ്പോ സാറ് പണ്ട് കള്ളനാരുന്നോ..?

ഉല്ലാസ്:(ചമ്മുന്നു) നീ ചുമ്മാതെ അനാവശ്യ കാര്യമൊന്നും ചോദിക്കാതെടെ.. ഞാൻ ചെലപ്പോ സത്യം ഒക്കെ അങ്ങ് പറഞ്ഞ് പോകും..

*******************************************




സീൻ


ഉല്ലാസ്

വേണു


രണ്ടു പേരും റോഡിലൂടെ നടക്കുന്നു


ഉല്ലാസ്: അന്ന് എനിക്ക്  ഉടുമ്പൻ ചോലയിലായിരുന്നു ഡ്യൂട്ടി..എസ് ഐ അന്ന് ലീവായിരുന്നു.. ഞാനും പിന്നെ പേടിത്തൊണ്ടമ്മാരായ രണ്ടു പോലീസുകാരും മാത്രമായിരുന്നു അവിടെ അന്നൊണ്ടായിരുന്നെ..

വേണു: എന്നിട്ട്..?

ഉല്ലാസ്: സ്റ്റേഷനിൽ ആരോ രാത്രി ഫോൺ വിളിച്ചു.. ഒരു ഡെഡ് ബോഡി റോഡിൽ കിടക്കുന്നു എന്ന് മാത്രം പറഞ്ഞു... പക്ഷേ ഞാൻ വിടുമോ.. അന്ന് രാത്രി തന്നെ ഞാൻ പ്രതിയെ പിടിച്ചു..

വേണു: അത് ഭയങ്കര സംഭവം തന്നെ ആണല്ലോ സാറേ

ഉല്ലാസ്: പിന്നല്ലിയോ..എന്റെ ഒറ്റ ബുദ്ധികൊണ്ടാ ഞാൻ പ്രതിയെ പിടികൂടിയത്.. ഡിപ്പാർട്ട്മെന്റിൽ തെളിയാതെ  കെടന്ന പല കൊലപാതക കേസുകളും പിന്നെ ഞാനാ തെളിയിച്ചത്..

വേണു: സാറിനെ ഗുരുവായി കിട്ടിയത് എന്റെ ഭാഗ്യം തന്നെ..

ഉല്ലാസ്: അത് പിന്നെ പറയാൻ ഒണ്ടോ..? നമ്മള് ഇങ്ങനെ നടന്ന് പോകുമ്പോ തന്നെ ചെലപ്പോ വല്ല കള്ളമ്മാരെയും തരത്തിന് കിട്ടി എന്നും വരാം..അങ്ങനെ വല്ലതും ഒണ്ടെങ്കിൽ ഞാൻ പറയാം കേട്ടോ..സംശയം ഒള്ളവമ്മാരെ എനിക്ക് കണ്ടാ തന്നെ പിടി കിട്ടും..


**************************************



സീൻ

സായി
ജോയിച്ചൻ

സായിയും ജോയിച്ചനും തങ്ങളുടെ താവളത്തിൽ.

സായി: അവനെ കൊല്ലാൻ അവന്മാർക്ക് പറ്റാഞ്ഞത്‌ വളരെ കഷ്ടമായിപ്പോയി..ഇവനെയൊക്കെ എന്തിനു കൊള്ളാം..



























Monday 8 February 2016

screenplay



സീൻ

ഔട്ട് ഡോർ

ബൈക്കിൽ പോകുന്ന പയ്യൻ




ഫ്ലാഷ് ബാക്ക് ഒന്ന്


സീൻ

പയ്യന്റെ വീട്

പയ്യൻ
അച്ഛൻ
അമ്മ
പെങ്ങൾ


ഒരു പ്രഭാതം. എല്ലാവരും ഡൈനിംഗ് ടേബിളിൽ. ദോശയും മുട്ടക്കറിയും ആണ് വിഭവം. അച്ഛനും അമ്മയും അല്പം ആലോചനയിലാണ്.

അച്ഛൻ:"ഇനിയിപ്പോ അവർക്ക് ഇഷ്ടമായ സ്ഥിതിക്ക് കല്യാണം നടത്താം...കൂടുതലൊന്നും നോക്കാനില്ല..കാശിന്റെ പ്രശ്നം മാത്രമാണ് എന്നെ കുഴക്കുന്നത്.. "

അമ്മ:"ഇവളുടെ കല്യാണം കഴിഞ്ഞാൽ പിന്നെ സമാധാനമായി. നമ്മുടെ കൂട്ടത്തിൽ ഇനി ഇവള് മാത്രമല്ലാ കെട്ടിക്കാതെ ഇങ്ങനെ നിക്കുന്നുള്ളൂ ..എനിക്ക് ഒരു സമാധാനവും ഇല്ല.."

അച്ഛൻ:"നിന്റെ പറച്ചില് കേട്ടാ തോന്നും ഞാൻ മനപ്പൂർവം ഇവളെ കെട്ടിച്ച് അയക്കാത്തതാ എന്ന്..എടീ ഓരോ ആലോചനകൾ വരുമ്പോ അവരൊക്കെ ചോദിക്കുന്ന കാശ് നമ്മുടെ കയ്യിൽ വേണ്ടേ..പിന്നെ സ്വർണ്ണം ... കാശിന്റെ കൊറവ് കൊണ്ട് എത്ര ആലോചനകൾ ഇപ്പൊ തന്നെ മുടങ്ങി..?'

അമ്മ:"ഇതും കൂടി നടക്കാതിരുന്നാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല..വല്ല വിഷം കുടിക്കുകയോ തൂങ്ങി ചാവുകയോ...എന്തും ചെയ്യാൻ ഞാൻ മടിക്കില്ല.."

അച്ഛൻ:"നമുക്ക് ഈ വീടിന്റെ ആധാരം പണയം വെയ്കാം..അതേ ഒരു മാർഗ്ഗമായി എന്റെ മുന്നിൽ ഇപ്പോ തെളിയുന്നുള്ളൂ.."

ഇത് കേട്ട് ഞെട്ടുന്ന പയ്യൻ. ഭക്ഷണം മതിയാക്കി എഴുന്നേൽക്കുന്നു.

അമ്മ:"നാളെ തന്നെ നിങ്ങൾ ബാങ്കിൽ പോകണം..എത്ര കിട്ടുമെന്ന് അറിയാമല്ലോ.."



ഫ്ലാഷ്ബാക്ക് രണ്ട്


സീൻ

പയ്യന്റെ മുറി


പയ്യൻ ആരെയോ ഫോൺ വിളിക്കുന്നു.


പയ്യൻ: "എടാ..ആകെ പ്രശ്നമാണ്..ഇന്ന് തന്നെ ആ പ്രമാണം എടുക്കണം..അത് വച്ചിട്ട്‌  ബാങ്കിൽ നിന്നും കാശെടുക്കണം എന്ന് അച്ഛനും അമ്മയും പ്ലാൻ ചെയ്യുന്നുണ്ട്..അനിയത്തിയുടെ കല്യാണത്തിനാ..ആകെ ചടങ്ങാവും...(ഫോൺ കട്ടാവുന്നു. വീണ്ടും ട്രൈ ചെയ്യുന്നു. കിട്ടുന്നില്ല)




ഫ്ലാഷ്ബാക്ക് മൂന്ന്


സീൻ

വീടിന്റെ പുറത്ത്

പയ്യൻ വീണ്ടും വീണ്ടും ഫോൺ വിളിക്കുന്നു.


"This phone is currently switched off..please try again later.."

അസ്വസ്ഥനായി മുറിയിലേക്ക് പോകുന്ന പയ്യൻ.



ഫ്ലാഷ് ബാക്ക് നാല്


സീൻ


വീടിനകം


വിഷം കഴിച്ച് മരിച്ചുകിടക്കുന്ന അച്ഛനെയും അമ്മയേയും പെങ്ങളേയും കണ്ട് തരിച്ച് നിൽക്കുന്ന പയ്യൻ. അവൻ പേടിച്ച് വീട്ടിൽ നിന്നും ഇറങ്ങി ഓടുന്നു.





സീൻ

ഔട്ട് ഡോർ

ക്ലിനിക്കൽ ലാബിന്റെ മുന്നിൽ നിൽക്കുന്ന പെൺകുട്ടി. കയ്യിൽ തുറന്ന് പിടിച്ചിരിക്കുന്ന യൂറിൻ പ്രെഗ്നൻസി ടെസ്റ്റ്‌ റിസൾട്ട്. ടെസ്റ്റ്‌ പോസിറ്റീവ് ആണ്. അവൾ ആരെയോ ഫോൺ വിളിക്കുന്നു. പല പ്രാവശ്യവും ട്രൈ ചെയ്യുന്നുണ്ട്.

"This phone is currently switched off..please try again later.."

ക്ഷമ നശിച്ച പെൺകുട്ടി തന്റെ കാറിലേക്ക് നടക്കുന്നു. കാറിൽ കയറി അവൾ ഓടിച്ച് പോകുന്നു.


പെൺകുട്ടി : ഇനി ജീവിച്ചിട്ട് കാര്യമില്ല. ഒരു അബോർഷൻ നടത്താനൊന്നും എന്നെ കിട്ടില്ല...

വേഗതയിൽ കാറോടിച്ച് പോകുന്നു.







കടൽപ്പാലത്തിൽ വന്നിറങ്ങുന്ന പയ്യൻ



സീൻ 


പയ്യൻ 

കടലക്കാരൻ 



കടൽ പാലത്തിലൂടെ നടക്കുന്ന പയ്യൻ. ചുറ്റും പരതി നോക്കുന്നുണ്ട്. പാലത്തിന്റെ മുകളിൽ നിന്നും കടലിലേക്ക് നോക്കുന്നു. ആളുകളുടെ ശ്രദ്ധയിൽ പെടാതിരിക്കാൻ ശ്രമിക്കുന്നത് പോലെ. ദൂരെ നിന്നും ചെറുപ്പക്കാരനെ നോക്കി നടന്ന് വരുന്ന കടല വിൽപ്പനക്കാരൻ. കയ്യിൽ ഒരു പ്ലാസ്റ്റിക് ബാഗിൽ കടല പോതിഞ്ഞതുണ്ട്. ഒരു കടല പൊതിയിൽ നിന്നും തിന്നുകൊണ്ടാണ് വരവ്.

കടലക്കാരൻ:(ആത്മഗതം)"ഇയാളെ ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ..ഒരമ്പത് രൂപേടെ കടല വിക്കാൻ പറ്റണം..കൈനീട്ടം എന്തായാലും ആയെന്ന് തോന്നുന്നു.."

പയ്യൻ:(ആത്മഗതം)"ആരും കാണാതിരുന്നാൽ മതി...രക്ഷിക്കാനായി ആരും ഉണ്ടാവരുത്.."

പയ്യൻ കടലക്കാരനെ കാണുന്നു. അയാളെ ഒഴിവാക്കാനായി കാണാത്ത മട്ടിൽ അഭിനയിക്കുന്നു. കടലക്കാരൻ വിടാൻ ഭാവമില്ല.


കടലക്കാരൻ:"സാർ..കടല വേണോ..? (പയ്യൻ അത് ശ്രദ്ധിക്കാതെ പോകാൻ ശ്രമിക്കുന്നു). അയ്യോ പോവല്ലേ സാറേ.. നിക്കണേ.. നല്ല കടലയാ സാറേ.. സാറിനെപ്പോലെയുള്ള നല്ല മനുഷേര് കടല വാങ്ങുന്നത് കൊണ്ടാ എന്റെ കുടുംബം കഴിയുന്നത്‌..ജീവിക്കാൻ വേണ്ടിയാ സാറേ.."

(പയ്യൻ കടലക്കാരനെ നോക്കുന്നു)

പയ്യൻ:(ആത്മഗതം):"ജീവിതം അവസാനിപ്പിക്കാൻ വന്നവന്റെ അടുത്താണ്  ജീവിക്കണം എന്ന് പറഞ്ഞ് കൊണ്ടുള്ള ഇവന്റെ വരവ്.."

കടലക്കാരൻ:"എന്താ സാറേ..ഒരെണ്ണം എടുക്കട്ടെ..(ഒരു പൊതി കടല പുറത്തെടുക്കുന്നു).

പയ്യൻ:"വേണ്ട..താനൊന്ന് പോയി തരാമോ..?"

കടലക്കാരൻ:"എവിടെ  പോകാനാ സാറേ..എല്ലാ ദിവസവും ഞാൻ ഇവിടെ തന്നെയാണ്.."

പയ്യൻ:"എനിക്കൽപ്പം സ്വസ്ഥത വേണം.."

കടലക്കാരൻ:"സാറിന് എന്തോ വിഷമം ഉണ്ടെന്ന് തോന്നുന്നു..ഞാൻ പോയേക്കാം.."

പയ്യൻ:(ആത്മഗതം)"ഇയാളൊരു ശല്യമായല്ലോ..ഇനി ഒന്നും സംസാരിക്കണ്ട..കൂടുതൽ അടുത്താൽ പിന്നെ ഇവിടെ നിന്നും ഇയാൾ പോകില്ല "

കടലക്കാരൻ:"ഞാനിനി സാറിനെ ശല്യപ്പെടുത്തുന്നില്ല.."

കടലക്കാരൻ നടന്ന് അല്പം ദൂരേക്ക് പോകുന്നു. കൂടെക്കൂടെ തിരിഞ്ഞ് നോക്കുന്നുണ്ട്.

പയ്യൻ:(ആത്മഗതം) "പോയത് നന്നായി..(ഫോൺ എടുക്കുന്നു. അത് സ്വിച്ച് ഓഫ് തന്നെയാണെന്ന് ഉറപ്പ് വരുത്തുന്നു. അത് കടലിൽ കളയാൻ തുടങ്ങുന്നു. എന്നാലും വേണ്ട എന്ന് കരുതി തിരിച്ച് പോക്കറ്റിൽ ഇടുന്നു).

കടലക്കാരൻ:"അങ്ങനെ  ആദ്യത്തെ കൈനീട്ടം നടന്നില്ല..ഇനി വേറെ ആരേലും വരും..വൈകുന്നേരത്തെ ബീച്ചിൽ പോയിട്ട് കാര്യമുള്ളൂ.." 



പെണ്ണ് വന്നിറങ്ങുന്നു 



പാലത്തിന് അല്പം ദൂരെയായി ഒരു കാറിൽ ഒരു പെണ്ണ് വന്നിറങ്ങുന്നു. കാർ നിറുത്തി ഇട്ടിട്ട് പാലത്തിലേക്ക് നടന്ന് വരുന്നു. ആകെ അസ്വസ്ഥയായി ആണ് വരവ്. അവളും പാലത്തിൽ വന്ന് നിലയുറപ്പിക്കുന്നു. കടലക്കാരനും പയ്യനും പെണ്ണിനെ കാണുന്നുണ്ട്. പയ്യൻ പെണ്ണ് അവിടെ വന്നതിൽ തൃപ്തനല്ല എന്ന് മുഖഭാവത്തിൽ നിന്നും വ്യക്തം. കടലക്കാരനിൽ പ്രതീക്ഷ കാണാം. അയാൾ പതിയെ പെണ്ണിനെ സമീപിക്കുന്നു.


കടലക്കാരൻ: "പെങ്ങളെ..കടല എടുക്കട്ടെ..?"

പെണ്ണ്:"വേണ്ട.."

കടലക്കാരൻ:നല്ല കടലയാ..ഇത് വരെ കൈനീട്ടം വിറ്റിട്ടില്ല..

പെണ്ണ്: ശരി.. എനിക്ക് വേണ്ട..

കടലക്കാരൻ: അതെന്താ പെങ്ങളെ..? എവിടെ നിന്ന് വര്വാ..?

പെണ്ണിന് കടലക്കാരനെ ഒട്ടും ഇഷ്ടപ്പെടുന്നില്ല. ദേഷ്യം വരുന്നു.

പെണ്ണ്: എവിടെ നിന്ന് വന്നാലെന്താ..? ഇതൊക്കെ അറിഞ്ഞിട്ട് തനിക്കെന്ത് വേണം..?

കടലക്കാരൻ: ഒന്നും വേണ്ട.. സ്നേഹം ഒള്ളത് കൊണ്ടാ ..

പെണ്ണ്: സ്നേഹം ഒന്നും വേണ്ട..സ്നേഹം മൂലമാ ഞാനിപ്പോ ഇവിടെ എത്തിയത്..

കടലക്കാരൻ; അതെന്താ പെങ്ങളേ അങ്ങനെ പറഞ്ഞത്.. സ്നേഹം കൊണ്ട് ഇവിടെ എത്തിയെന്നോ..?

പെണ്ണ്: എന്റെ പൊന്ന് ചേട്ടാ .. ഒന്ന് പോയി തരാമോ.. എന്തെങ്കിലും ആയിക്കോട്ട്.. ഞാൻ ചേട്ടനോട് ഒന്നും ചോദിച്ചില്ലല്ലോ..

കടലക്കാരൻ: എന്നാ ഞാമ്പോയേക്കാം..

(തിരിഞ്ഞ് നടക്കുന്നു)

(ആത്മഗതം) ഇനി എവള് യെന്തിനാരിക്കും ഇവടെ എത്തിയത്..? ചാടി ചാവാൻ വല്ലതും തന്നെ ..? ഇന്നി ഇപ്പോ ആണെങ്കി തന്നെ നമ്മക്ക് യെന്തര്..? അപ്പോ ആദ്യം വന്ന പയലും  ചാവാൻ തന്നെ വന്നത്..? യെന്തെരെടെ ഇത് ചാവാൻ വരുന്നവമ്മാരടെ സംസ്ഥാന സമ്മേളനം വല്ലതും തന്നെ..? ഒരു കാര്യം ചെയ്യാം..ഇവിടെ ഒക്കെ തന്നെ കറങ്ങി നടക്കാം..രണ്ടിലൊന്ന് അറിയാല്ലോ.. ഹി ഹി ഹി


(അവിടെ തന്നെ കറങ്ങി നടക്കുന്നു. കൂടെ കൂടെ പയ്യന്റെയും പെണ്ണിന്റെയും നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ട്)




സീൻ

കടൽ പാലം

പയ്യൻ

പെൺകുട്ടി

കടലക്കാരൻ



പയ്യനും പെൺകുട്ടിയും പരസ്പരം നോക്കുന്നു. രണ്ടു പേരെയും നോക്കിക്കൊണ്ട്‌ കടലക്കാരനും അവിടെയുണ്ട്.

പയ്യൻ: (ആത്മഗതം) ഇവൾ എന്തിനാവും വന്നത്? ഇനി ഇവളും മരിക്കാനാവുമോ പ്ലാൻ ? എന്നാൽ എന്റെ കാര്യം നടക്കില്ല. ആ കടല വിക്കുന്ന തെണ്ടി ഇനി പോവില്ല എന്ന് തോന്നുന്നു. ഒന്ന് മരിക്കാൻ പോലും ആരും സമ്മതിക്കില്ല. അവനെ ഒന്ന് കൂടി ട്രൈ ചെയ്യാം.

(ഫോണെടുത്ത് വിളിക്കുന്നു. മറുപടി കിട്ടുന്നില്ല) അവനെ ഇനി നോക്കണ്ട.. നാളെ എന്റെ വീട്ടിൽ എന്തെങ്കിലും നടക്കും..



പെൺ കുട്ടി പയ്യനെയും കടലക്കാരനെയും നോക്കുന്നു. അസ്വസ്തത മുഖത്ത് പ്രകടമാണ്. അവൾ നടന്ന് പയ്യനെ സമീപിക്കുന്നു. സംസാരിക്കാൻ ചെന്ന അവൾ വേണ്ട എന്ന രീതിയിൽ തിരിച്ച് പോകുന്നു. പയ്യനും അവളെ നോക്കുന്നു.


പയ്യൻ: (ആത്മഗതം) ഇവളെന്തിനാ എന്റെ അടുത്ത് വരാൻ തുടങ്ങിയത് ? എന്നോട് സംസാരിക്കാൻ ആവും.. ഇവളോട്‌ അങ്ങോട്ട് ചെന്ന് മിണ്ടിയാലോ..എന്താ കാര്യം എന്നറിയാമല്ലോ..


പയ്യൻ പതിയെ പെൺകുട്ടിയുടെ സമീപത്തേക്ക് നടക്കുന്നു.


സീൻ

കൊലപാതകിയും കൂട്ടുകാരനും ഒരു ബാഗുമായി വാനിൽ കയറുന്നു. വാൻ സ്റ്റാർട്ടായി പോകുന്നു.

കൊലപാതകി: ഈ പ്രമാണം വേണമെന്ന് പറഞ്ഞ് അവനെന്നെ കൊറേ പ്രാവശ്യം വിളിച്ചിരുന്നു.. ഞാൻ ഫോണെടുത്തില്ല... അവസാനം  പാലത്തിൽ വാ തരാം എന്നങ്ങ് പറഞ്ഞു..

കൂട്ടുകാരൻ : എന്നേം വിളിച്ചു ..ഞാനും എടുത്തില്ല..  പിന്നെ ഞാനീ പറഞ്ഞ സ്ഥലത്ത് പ്രമാണം പണയം വെച്ചാൽ നമുക്ക് ഇരട്ടി കാശ് കിട്ടും.. അത് കൊണ്ടാ ഈ ബാങ്കിൽ നിന്നും അതെടുക്കാൻ ഞാൻ പറഞ്ഞത്.. പുതിയ സ്ഥലത്ത്  പലിശ അല്പം കൂടുതലാ .. പക്ഷേ നമ്മൾ ഇനി ഈ പ്രമാണം തിരിച്ചെടുക്കില്ലല്ലോ ..


കൊലപാതകി : അതെ .. അവന് കാശ് കൊടുക്കാമെന്നാ ഞാനാദ്യം കരുതിയത്..പിന്നെ ആലോചിച്ചപ്പോ തോന്നി അത് വേണ്ടാന്ന് .. അവസരങ്ങൾ ഒരിക്കലൊക്കെയേ വരൂ  .. അത് കളയുന്നവൻ ഒരു മണ്ടനാ ..

കൂട്ടുകാരൻ: നീ എന്ത് വട്ടാടാ പറയുന്നെ ? അങ്ങനെ ഒന്നും ആലോചിക്കേണ്ട കാര്യം പോലും ഇല്ല..അവൻ നമ്മടെ ബിസിനസ്സിൽ വല്ല മൊതലും മൊടക്കിയോ.. കാശിടാനും കഷ്ടപ്പെടാനും നമ്മൾ.. പങ്ക് പറ്റാൻ അവനും..

കൊലപാതകി: ശരിയാ..നീ പറയുന്നതിൽ കാര്യമുണ്ട്..

കൂട്ടുകാരൻ: അവൻ ഒരു പ്രമാണം തന്നു ..അത് വച്ച് നമ്മൾ കൊറേ കാശും എടുത്തു..അല്ലാതെ അവനെന്താ ചെയ്തതത്? ആ പ്രമാണം പോലും അവന്റെയല്ല... അവനെ ഒഴിവാക്കിയാൽ ആ പ്രശ്നം തീരില്ലേ ..?

കൊലപാതകി: പ്രമാണം കിട്ടുമെന്ന് കരുതി അവൻ ഉടനെ പാലത്തിൽ എത്തും.. ഇന്നവനെ തീർക്കണം...രണ്ട് ചോയ്സ് ആണ് നമുക്കുള്ളത്. ഒന്ന് അവനെ തള്ളിയിട്ട് കൊല്ലണം. അല്ലെങ്കിൽ പിന്നെ വെടി വയ്കണം. ഏതു മാർഗ്ഗമായാലും വേണ്ടില്ല.. അവിടത്തെ സിറ്റുവേഷൻ നോക്കി നമുക്ക് വേണ്ടത് ചെയ്യാം..




സീൻ


പാലത്തിലൂടെ രണ്ട് പോലീസുകാർ വരുന്നു. അവരെ കണ്ട കടലക്കാരൻ ഒന്ന് പരുങ്ങുന്നു. പോലീസുകാർ അത് നോട്ട് ചെയ്യുന്നു.


പോലീസ് ഒന്ന്: (കടലക്കാരനെ നോക്കി) അവന് എന്തോ ഒരു കള്ളാ ലക്ഷണം പോലെ ..നോക്കിക്കേ..

പോലീസ് രണ്ട് : ആർക്ക്..?

പോലീസ് ഒന്ന്: ദാ അവന് ..

പോലീസ് രണ്ട്: ഏതോ ബംഗാളി ആണെന്ന് തോന്നുന്നു..അവന്റെയൊക്കെ കയ്യിൽ ചെലപ്പോ കാശ് കാണും ..ഒന്ന് വെരട്ടി നോക്കാം ..അല്ലേ..?

പോലീസ് ഒന്ന് : ഡാ ഭായീ .. അവടെ നിക്കെടാ ..ഇന്നെന്താ പണിക്ക് പോയില്ലേ ..?

പോലീസ് രണ്ട് : അവന് ഒന്നും മനസ്സിലായിക്കാണില്ല .. തുമാരാ നാം ക്യാ ഹെ ..?

കടലക്കാരൻ: ഞാൻ മലയാളിയാ സാറേ ..കടല വിക്കാൻ വന്നതാ ...

പോലീസ് ഒന്ന്: അത് ശരി ..എന്നിട്ട് കടല എവിടെ..?

(കടലക്കാരൻ കടലയുടെ പൊതികൾ അവരെ കാണിക്കുന്നു. രണ്ടു പേരും ആവശ്യത്തിന് കൈക്കലാക്കുന്നു)

പോലീസ് രണ്ട് : ശരി .. ശരി ..ഇപ്പൊഴത്തേക്ക് നിന്നെ വെറുതെ വിടുന്നു..ഇവിടൊന്നും അധികം കറങ്ങി നടക്കണ്ട കേട്ടോ..

കടലക്കാരൻ: ഇല്ല സാറമ്മാരെ.. ഞാൻ ഒടനെ വീട്ടി പൊയ്കോളാം ..കഞ്ഞി കുടിക്കാൻ സമയമായി...

പോലീസ് ഒന്ന് : ശരി ..വേഗം പോയ്കോ ..കഞ്ഞി തണുക്കണ്ട ..

(പോലീസുകാർ നടന്ന് പോകുന്നു)

കടലക്കാരൻ: (ആത്മഗതം) ബംഗാളി ആണെന്ന് പറഞ്ഞാ മതിയാരുന്നു.. പക്ഷേ ഹിന്ദി അറിയില്ലല്ലോ ..അതാ പ്രശ്നം .. കടല കാലമാടമ്മാര് കൊണ്ട് പോയി ..




സീൻ


കാറിൽ വരുന്ന കൊലപാതകിയും കൂട്ടുകാരനും. അവർ കടൽ പാലത്തിന് സമീപം എത്തുന്നു. അവിടെ വണ്ടി പാർക്ക് ചെയ്യുന്നു.


കൊലപാതകി: അവനെ വെയിറ്റ് ചെയ്യാം.. ഉടനെ വരും..

അവർ പാലത്തിലേക്ക് നോക്കുന്നു. അവിടെയുള്ള പയ്യനെയും കടലക്കാരനെയും പെണ്ണിനേയും ശ്രദ്ധിക്കുന്നു.

കൂട്ടുകാരൻ: നീയല്ലേ പറഞ്ഞത് ഈ സമയത്ത് പാലത്തിൽ അധികം ആരും കാണില്ല എന്ന്..

കൊലപാതകി: സാധാരണ ഈ സമയത്ത് പാലത്തിൽ അധികം ആള് കാണില്ല.. പക്ഷേ ഇന്ന് അങ്ങിനെയല്ല..

കൂട്ടുകാരൻ: ഒരു പയ്യനും ഒരു പെണ്ണും ഉണ്ട്.. കാമുകീ കാമുകന്മാർ ആവാം..വേറൊരുത്തൻ അവിടെ ഉണ്ടല്ലോ..?

കൊലപാതകി: ഉം.. അവരൊക്കെ ഇപ്പോൾ പോകുമായിരിക്കും.. നമുക്ക് വെയിറ്റ് ചെയ്യാം.. അല്ലേ ?

കൂട്ടുകാരൻ: അതേ.. അതേ മാർഗ്ഗമുള്ളു.. ഉന്നം തെറ്റിയാൽ പോയി.. സൂക്ഷിച്ച് വേണം..

കൊലപാതകി: തോക്ക് കൊണ്ട് വെടി  വച്ചാലും കള്ള വെടി   വച്ചാലും ഒരിക്കലും എനിക്ക് ഉന്നം തെറ്റിയിട്ടില്ല .. തൊളച്ചു തന്നെ കയറും.. ഇല്ലെങ്കി കയറ്റും ..



സീൻ



കടലക്കാരൻ വണ്ടി കാണുന്നു.


കടലക്കാരൻ:(ആത്മഗതം) ഇനി ഈ വണ്ടീ വന്നവരെ ഒന്ന് മുട്ടാം.. വല്ലോം തടഞ്ഞാലോ..?"

കടലക്കാരൻ വണ്ടിയുടെ അടുത്തേക്ക് പോകുന്നു.


വണ്ടിയുടെ അടുത്തെത്തുന്ന കടലക്കാരൻ.


കടലക്കാരൻ: നല്ല കടല ഒണ്ട് സാറേ..ഓരോന്ന് എടുക്കട്ടെ..?

കൂട്ടുകാരൻ: നല്ല കടല ആണോ ..? നല്ലതാണെങ്കിൽ ഓരോന്ന് എടുത്തോ...

കടലക്കാരൻ: നല്ലത് തന്നെ സാറേ.. ബെസ്റ്റ് കടല.. സാറ് ഒന്ന് തിന്നാ പിന്നെ വീണ്ടും തിന്നും...

(രണ്ട് പൊതി കടല കൊടുക്കുന്നു. കൂട്ടുകാരാൻ അത് വാങ്ങിയിട്ട് ആയിരം രൂപയുടെ ഒരു നോട്ട് കൊടുക്കുന്നു)

കടലക്കാരൻ: അയ്യോ സാറേ ചില്ലറ ഇല്ല..

കൂട്ടുകാരൻ: തന്റെ കയ്യിൽ ആയിരത്തിന്റെ ചില്ലറ ഇല്ലേ..?'

കടലക്കാരൻ: ഇല്ല സാറേ... ഇത് വരെ കൈനീട്ടം വിറ്റിട്ടില്ല..

(കൂട്ടുകാരൻ രൂപ തിരികെ വാങ്ങുന്നു. എന്നിട്ട് കടല തിരിച്ച് കൊടുക്കാൻ തുടങ്ങുന്നു)

കൂട്ടുകാരൻ: ചില്ലറ ഇല്ലെങ്കിൽ നിന്റെ കടലയും വേണ്ട..

കടലക്കാരൻ: അത് കഷ്ടമാ സാറേ..ഇനി സാറമ്മാരെടെ കയ്യിൽ നിന്നും അത് ഞാൻ തിരിച്ച് വാങ്ങിക്കത്തില്ല... അത് തിന്നോ സാറമ്മാരെ..

കൊലപാതകി: എടോ അവിടെ നിൽക്കുന്ന ആ പയ്യനും പെണ്ണും ആരാ..? താൻ അവരോട് സംസാരിച്ചോ..?

കടലക്കാരൻ: ഒരു പ്രയോജനവും ഇല്ലാത്ത ആളുകളാ സാറേ..കടല വാങ്ങില്ല ... എന്തിനാണോ എന്തോ..രണ്ടും അവിടെ കുറ്റി അടിച്ചിരിക്കുവാ..ചോദിച്ചിട്ട് ഒന്നും പറയുന്നേം  ഇല്ല..


സീൻ

പയ്യൻ

പെൺകുട്ടി

പയ്യനും പെൺകുട്ടിയും സംസാരിക്കുന്നു.



പയ്യൻ: കുട്ടി എന്താണിവിടെ..?

പെൺകുട്ടി: അതറിഞ്ഞിട്ട് ഇപ്പോ തനിക്കെന്ത് വേണം..? ഞാൻ തന്നെ ശല്യപ്പെടുത്തുന്നില്ലല്ലോ..?

പയ്യൻ: ഇല്ലെന്ന് ആര് പറഞ്ഞു..? തനിക്കിവിടെ നിന്നൊന്ന് പോയി തരാൻ പറ്റുമോ..?

പെൺകുട്ടി: ഈ ചോദ്യം ഞാൻ തന്നോടാ ചോദിക്കേണ്ടത്‌..തനിക്കിവിടെ നിന്നും പോയ്കൂടെ..?

പയ്യൻ: ഞാൻ പോയിട്ട് തനിക്കെന്ത് വേണം..?

പെൺകുട്ടി; എനിക്കെന്ത് വേണമെന്ന് നീ അറിഞ്ഞാൽ പോകാമോ..? എങ്കിൽ ഞാൻ പറയാം..എനിക്ക് മരിക്കണം..എന്താ ഇനി നിനക്ക് പൊയ്കൂടെ .. ?

(പയ്യൻ അന്തംവിടുന്നു)

പയ്യൻ: നീയും മരിക്കാനാണോ വന്നത്.. ഞാനും അതിന് തന്നെയാ ഇവിടെ വന്നത്.. നീ എന്തിന് മരിക്കണം..?

(പെൺകുട്ടി ഞെട്ടിയ രീതിയിൽ അവനെ നോക്കുന്നു)

പെൺകുട്ടി: എനിക്ക് ഇനി മരിക്കാതെ വേറെ ഒരു മാർഗ്ഗവും ഇല്ല.. എന്റെ ജീവിതം ഇത്രയേ ഉള്ളു..

പയ്യൻ: മൂന്ന് പേരെ മരണത്തിൽ നിന്നും രക്ഷിക്കാൻ വേണ്ടിയാണ് ഞാൻ മരിക്കാൻ പോകുന്നത്.. എന്റെ അച്ഛനും അമ്മയും പെങ്ങളും.. എന്റെ വീടിന്റെ പ്രമാണം പണയത്തിലാണ് .. എന്റെ ഏറ്റവും വേണ്ടപ്പെട്ട കൂട്ടുകാരന്  കുറച്ച് ദിവസം പണയം വയ്കാനാ  ഞാനത് വീട്ടിലാരും അറിയാതെ എടുത്ത് കൊടുത്തത്...  കുറെ നാളായെങ്കിലും അവനത്‌ തിരിച്ച് തന്നിട്ടില്ല..ഞാൻ  അക്കാര്യം പറഞ്ഞ് പല പ്രാവശ്യം അവനെ ഫോൺ വിളിച്ചു ....  ഫോൺ സ്വിച്ച് ഓഫ്‌ ആണ്...ആ പ്രമാണം കിട്ടിയിട്ട് വേണം അച്ഛന് അത് ബാങ്കിൽ വച്ച് പൈസ എടുത്ത് എന്റെ പെങ്ങളെ കെട്ടിച്ച് വിടാൻ... പ്രമാണം അവിടെയില്ലെന്ന്  വീട്ടിലാർക്കും  അറിയില്ല..കല്യാണം ഇത് മൂലം നടക്കാതെ വന്നാൽ അവരെല്ലാം ആത്മഹത്യ ചെയ്യും...

പെൺകുട്ടി: മറ്റുള്ളവർക്ക് വേണ്ടി മരിക്കാൻ പോകുന്ന നീ ഒരു വിഡ്ഢി ആണെന്നേ ഞാൻ പറയൂ..ഈ ലോകത്ത് ആരും ആരുടേയും സ്വന്തമല്ല..എല്ലാവർക്കും അവരവരുടെ കാര്യങ്ങൾ...  ഈ സ്വന്തം, ബന്ധം എന്നൊക്കെ നീ പറയുന്നില്ലേ ? അതെല്ലാം നിന്റെ വെറും തോന്നലുകൾ മാത്രം ... നീ മരിച്ചാൽ അവർക്കെന്ത്..?

പയ്യൻ: നിനക്ക് തെറ്റി.. അവർ എന്റെ എല്ലാമാണ്.. അവർക്ക് വേണ്ടി ഞാൻ  എന്തും ചെയ്യും.. നീ നിന്റെ കാര്യം നോക്കിയാൽ മതി..

പെൺകുട്ടി: ഞാൻ എന്റെ കാര്യം മാത്രമേ നോക്കൂ..അല്ലാതെ ഞാൻ വേറെ ആരുടെ കാര്യം നോക്കാൻ..?

പയ്യൻ: നീ അത്ര മിടുക്കി ആണല്ലോ.. പിന്നെ എന്തിനാ നീ മരിക്കാനായി ഇവിടെ വന്നത്..?

പെൺകുട്ടി: ഞാൻ മരിക്കുന്നത് എനിക്ക് വേണ്ടിയാണ്.. ആകെ ഞാൻ  ജീവിതത്തിൽ ഒരബദ്ധം മാത്രമേ ചെയ്തിട്ടുള്ളൂ .. ഒരുത്തനെ ഞാൻ സ്നേഹിച്ചു.... പക്ഷേ അവനെന്നെ വഞ്ചിച്ചു.... ഇപ്പോൾ ഞാൻ ഗർഭിണിയാണ്‌... ഇന്നാണ് എനിക്ക് ലാബിൽ നിന്നും അവനെ ഞാൻ വിളിക്കാൻ നോക്കി.. ഒരു മറുപടിയും ഇല്ല... എന്നെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞു... ഇനി എനിക്കവനെ കാണണ്ട..എനിക്ക് ജീവിക്കുകയും വേണ്ട...

പയ്യൻ: നീ സത്യത്തിൽ ഒരു മണ്ടിയാണ്..ഒരുത്തൻ ഗർഭിണിയാക്കി എന്ന പേരിൽ ഇന്ന് കേരളത്തിൽ ആരും മരിക്കാറില്ല..അതൊക്കെ സോൾവ് ചെയ്യാൻ എന്തൊക്കെ മാർഗ്ഗങ്ങൾ ഇന്നുണ്ട്..?

പെൺകുട്ടി: നിനക്ക് നിന്റെ ന്യായങ്ങൾ കാണും.. നീ  വിചാരിക്കുന്നതുപോലെ സോൾവ് ചെയ്യാൻ പറ്റുന്നതല്ല എന്റെ പ്രശ്നം.. ഇന്ന് എനിക്ക് മരിക്കണം..അതല്ലാതെ എന്റെ മുന്നിൽ വേറെ ഒരു മാര്ഗ്ഗവും ഇല്ല..

പയ്യൻ: നീ ചാടി മരിക്കുകയുമില്ല ..എന്നെയൊട്ടു ചാവാൻ അനുവദിക്കുകയും ഇല്ല ...

പെൺകുട്ടി: എനിക്ക് എന്റെ വഴി .. നിനക്ക് നിന്റെ വഴി...

(കടലക്കാരൻ ഇതെല്ലാം മാറി നിന്ന് കേൾക്കുന്നുണ്ടായിരുന്നു)

കടലക്കാരൻ: (ആത്മഗതം) അപ്പോ രണ്ടെണ്ണവും ചാവാനാ ഇവിടെ വന്നത്... ആ പോലീസുകാരമ്മാര് പോയല്ലോ അല്ലെങ്കി രണ്ടിനേം പിടിപ്പിക്കാരുന്നു..



സീൻ


പാലത്തിന്റെ മറ്റേ അറ്റത്ത്‌ കൊല്ലപ്പെടാൻ പോകുന്നവൻ എത്തുന്നു. ബൈക്ക് അവിടെ വച്ച് അവൻ പാലത്തിലേക്ക് നടക്കുന്നു.



സീൻ


വാനിൽ ഇരിക്കുന്ന കൊലപാതകികൾ. അവർ കൊല്ലപ്പെടാൻ പോകുന്നവനെ കാണുന്നു.

കൂട്ടുകാരൻ: എടാ.. അവൻ എത്തി..ഇനി നോക്കി നിന്നിട്ട് കാര്യമില്ല...

കൊലപാതകി തോക്കെടുത്ത് വെടിവയ്കുന്നു. കൊല്ലപ്പെടാൻ വന്നവൻ വെടിയേറ്റ്‌ വീഴുന്നു. ഉടനെ മരിക്കുന്നു. ബഹളം കേട്ട് കടലക്കാരനും പയ്യനും പെൺകുട്ടിയും അങ്ങോട്ട് ഓടുന്നു. കൊലപാതകിയും കൂട്ടുകാരനും വണ്ടി സ്റ്റാർട്ടാക്കി ഓടിച്ച് പോകുന്നു.


കടലക്കാരൻ: അയ്യോ.. നല്ല ഒരു പയ്യനായിരുന്നല്ലോ..ആരോ വെടി വച്ചുകൊന്നു.. ആ വാനിൽ ഇരുന്നവന്മാർ ആകണം...

പയ്യൻ: അയ്യോ ഇതെന്റെ കൂട്ടുകാരനാ.. അയ്യോ.. ഇവനാ എന്റെ കയ്യിൽ നിന്നും പ്രമാണം വാങ്ങിയത്...
(കൊല്ലപ്പെടാൻ വന്നവന്റെയും പയ്യന്റെയും വിവിധ ശബ്ദമില്ലാത്ത വിവിധ സീനുകൾ. പ്രമാണം ചോദിക്കുന്നു. പയ്യൻ വീട്ടിൽ നിന്നും ആരും അറിയാതെ പ്രമാണം എടുക്കുന്ന സീൻ. അവർ രണ്ടുപേരും ചേർന്ന് അത് ബാങ്കിൽ പണയം വച്ചിട്ട് കാശുമായി ഇറങ്ങി വരുന്ന സീൻ)

പെൺകുട്ടി: ഇതെന്റെ ബോയ് ഫ്രണ്ടാ(പെൺകുട്ടിയും കൊല്ലപ്പെടാൻ വന്നവനും ഒരുമിച്ചുള്ള ശബ്ദമില്ലാത്ത വിവിധ സീനുകൾ).. അയ്യോ.. (ബോധം കെട്ട് വീഴുന്നു)

കടലക്കാരൻ:  അയ്യേ..ഇതാകെ ചളം ആയല്ലോ..അപ്പോ എവൻ മുഖാന്തരമാണോ എവരു രണ്ട് പേരും ചാവാനായി ഇവിടെ വന്നത്..? ഇനി  ആ പയ്യന്റെ പ്രമാണവും ഇനി കിട്ടത്തും .. ആ പെണ്ണിന്റെ  ജീവിതം കട്ടപ്പൊകേം ആയി  .. (ക്യാമറയെ നോക്കി) അണ്ണാ ..നിങ്ങള് ഈ ക്ലൈമാക്സ് ഒന്ന്  മാറ്റണം... എല്ലാം മംഗളമായിട്ട് തന്നെ തീരട്ട് ..


വോയിസ് ഓവർ

നമ്മുടെ കടലക്കാരൻ പറഞ്ഞതിലും അല്പം കാര്യം ഇല്ലാതില്ല.. അപ്പോൾ എന്തായാലും ഈ ക്ലൈമാക്സ് ഒന്ന് മാറ്റിയേക്കാം..



സിനിമ ആദ്യം മുതൽ ഫാസ്റ്റ് ഫോർവേഡ് ആവുന്നു. പോലീസുകാർ പാലത്തിലൂടെ വരുന്ന സീൻ ആവുമ്പോൾ സിനിമ സാധാരണ ഗതിയിലാവുന്നു.


സീൻ

പാലത്തിലൂടെ നടന്ന് വരുന്ന പോലീസുകാർ.  അവർ അല്പം ധൃതിയിലാണ് .കടലക്കാരൻ അവിടെ നിൽക്കുന്നുണ്ട്. പോലീസുകാർ കടലക്കാരനെ ശ്രദ്ധിക്കാതെ കടന്ന് പോകുന്നു.

കടലക്കാരൻ: (ആത്മഗതം) ഇവമ്മാര് മിണ്ടു ചെയ്യുന്നില്ലല്ലോ .. അങ്ങനെ വിട്ടാൽ പറ്റില്ല...

(അവരുടെ പിറകേ ചെല്ലുന്നു).

കടലക്കാരൻ: സാറമ്മാരെ ..സാറമ്മാരെ ..ഒന്ന് നിക്കണേ ...

(പോലീസുകാർ തിരിഞ്ഞ് നോക്കുന്നു )

എന്റെ പൊന്ന് സാറമ്മാരെ ..രക്ഷിക്കണം ..ഇപ്പോ ഇവിടെ ഒരു കൊലപാതകം നടക്കും ..

പോലീസ് ഒന്ന് : കൊലപാതകമോ ..?

കടലക്കാരൻ : അതേ സാറേ .. ഒരു ചെറുക്കനെ ഇപ്പോ വേദി വച്ച് കൊല്ലും.. ആ വാനിൽ ഇരിക്കുന്നവന്മാർ ..

പോലീസ് രണ്ട് : ഏതു വാനിൽ ..?

(കടലക്കാരൻ നോക്കുമ്പോൾ വാൻ അവിടെ ഇല്ല )

പോലീസ് രണ്ട് : (അവിടെ നിൽക്കുന്ന പെണ്ണിനേയും പയ്യനെയും നോക്കുന്നു) ആ നില്ക്കുന്ന പയ്യനെ ആണോ കൊല്ലാൻ പോകുന്നതെന്ന് താൻ പറയുന്നത് ..?

കടലക്കാരൻ: ആ പയ്യനെ അല്ല സാർ .. സാറമ്മാര് ഒന്ന് വെയിറ്റ് ചെയ്യണം ..ഇപ്പോ ഒരു വെളുത്ത  വാൻ ദാ അവിടെ വന്ന് പാർക്ക് ചെയ്യും ..അതിൽ രണ്ട് ഭീകരമ്മാര് കാണും .. ഒരുത്തൻ ചൊമല ഷർട്ട്..വേറൊരുത്തൻ നീല ബനിയൻ.. കൊറച്ച് കഴിയുമ്പോ വേറെ ഒരു പയ്യന് കളം കളം ഉടുപ്പിട്ട് ഒരു ബൈക്കിൽ ദോ അവിടെ വന്ന് ഏറങ്ങീട്ട് പാലത്തിലൂടെ ഇങ്ങനെ നടന്ന് വരും .. അപ്പോ തന്നെ വാനിലിരിക്കുന്നവര് അവനെ വേദി വച്ച് കൊല്ലും.. നിങ്ങള് അത് സംഭവിക്കുന്നേനു മുമ്പ് തന്നെ അവമ്മാരെ അറസ്റ്റ് ചെയ്യണം...


പോലീസ് ഒന്ന് : നീ എന്താടാ ഊളംപാറയിൽ നിന്ന് ചാടി വന്നതാണോ.. നിന്നെ ഒടനെ തന്നെ അങ്ങോട്ട് പറഞ്ഞ് വിടാം.

(ഇതേ സമയം ഒരു വെളുത്ത വാൻ ദൂരെ പാർക്ക് ചെയ്യുന്നു. അതിൽ കടലക്കാരൻ പറഞ്ഞ രീതിയിൽ ഉള്ള രണ്ടു പേർ ഇരിക്കുന്നത് പോലീസ് രണ്ട് കാണുന്നു)

പോലീസ് രണ്ട്: സാറേ ..ദേ അങ്ങോട്ട് നോക്കിക്കേ .. ഇവന് വട്ടല്ല എന്ന് തോന്നുന്നു..

(പോലീസ് ഒന്ന് ഇത് കാണുന്നു )

പോലീസ് ഒന്ന്: അതെ അതെ .. എവൻ പറഞ്ഞതിൽ എന്തോ കാര്യം ഇല്ലാതില്ല..

(കൊല്ലപ്പെടാൻ പോകുന്നവനും പാലത്തിൽ എത്തുന്നു. കടലക്കാരൻ അത് കാണുന്നു)

കടലക്കാരൻ : സാറമ്മാരെ ഞാമ്പറഞ്ഞ ആ പയ്യൻ ദേ വരുന്നു ..ഇനി തമസിക്കല്ലേ ..അവൻ ദാ അവിടെ എത്തുന്നതിന് മുമ്പ് വെടി പൊട്ടിയിരിക്കും...

(പോലീസുകാർ പരസ്പരം നോക്കുന്നു. അവർ വാനിന്റെ അടുത്തേക്ക് സ്പീഡിൽ നടക്കുന്നു)



സീൻ


വാനിന്റെ അകവശം


(കൊലപാതകിയും കൂട്ടുകാരനും കൊല്ലപ്പെടാൻ വരുന്നവനെ കാണുന്നു. കൊലപാതകി തോക്കെടുത്ത് ഉന്നം പിടിക്കുന്നു. കൂട്ടുകാരൻ നടന്ന് വരുന്ന പോലീസുകാരെ കാണുന്നു)

കൂട്ടുകാരൻ: എടാ നിക്ക്.. നോക്കിക്കേ രണ്ട് പോലീസുകാര് ഇങ്ങോട്ടു വരുന്നൊണ്ട് .. നീ വേഗം ആ തോക്ക് അങ്ങ് കള.. നമ്മള് രണ്ടും ഇപ്പോ തന്നെ അകത്താവും..

(കൊലപാതകി പോലീസുകാരെ കണ്ടതും തോക്ക് എറിഞ്ഞ് കളയുന്നു. പോലീസുകാർ അവിടെ എത്തുന്നു )

പോലീസ് ഒന്ന്: എവിടെടാ തോക്ക് ..?

കൊലപാതകി : എന്താ സാർ ..? ഒന്നും മനസ്സിലായില്ല ..

കൂടുകാരൻ: ഞങ്ങൾ ഒരു പ്രമാണം കൊടുക്കാൻ വന്നതാ സാറേ.. ദാ ആ വരുന്നവനില്ലേ ..? അവന്റെ പ്രമാണമാ .. അത് കൊടുക്കണം ..

കൊലപാതകി: അതേ സാർ ..ഒരത്യാവശ്യം വന്നപ്പോ പണയം വയ്കാൻ വാങ്ങിച്ചതാ ..

പോലീസ് രണ്ട് : ആണോ ..? അവനോട് ഞങ്ങള്  ചോദിക്കും .. സത്യം അല്ലെങ്കിൽ രണ്ടിനേം ഇപ്പോ തന്നെ അകത്താക്കും ..

പോലീസ് ഒന്ന്: (കൊല്ലപ്പെടാൻ വന്നവനെ നോക്കി) ഡാ ഇവിടെ വാ..

(കൊല്ലപ്പെടാൻ വന്നവൻ വരുന്നു)  നിനക്ക് ഇവരെ അറിയാമോ ..?

കൊല്ലപ്പെടാൻ വന്നവൻ: അറിയാം സാർ.. എന്റെ കൂട്ടുകാരാ.. ഒരു പ്രമാണം എനിക്ക് തരാനാ ഇവര് ഇവിടെ വന്നത് സാറേ ...


പോലീസ് രണ്ട് : എന്നിട്ട് പ്രമാണം എവിടെ ?

(കൊലപാതകി തിരക്കിട്ട് പ്രമാണം ബാഗിൽ നിന്നും എടുക്കുന്നു )

കൊലപാതകി : ഇതാ സാർ ..

പോലീസ് ഒന്ന് : ശരി ..അതങ്ങോട്ട് കൊട് ..എല്ലാം മംഗളമായി തന്നെ അവസാനിക്കട്ടെ ..

(കൊലപാതകി പ്രമാണം കൊടുക്കുന്നു. അവിടെ പയ്യനും പെണ്ണും എത്തുന്നു . എല്ലാവരും പരസ്പരം കാണുന്നു. എല്ലാം അങ്ങിനെ കടലക്കാരന്റെ ആഗ്രഹം പോലെ മംഗളമായി തന്നെ അവസാനിക്കുന്നു)

കടലക്കാരൻ: ആരും പോവല്ലേ ..ഇന്നിനി കച്ചോടം നടന്നില്ലേലും വേണ്ട ..എല്ലാരും ഈ കടല തിന്നണം .. പൈസ തരണ്ട ...എന്റെ ഒരു സന്തോഷം ..

(എല്ലാവരും ചിരിച്ച് കൊണ്ട് കടല വാങ്ങുന്നു )

കടലക്കാരൻ;(ക്യാമറയെ നോക്കി ) നിങ്ങളെ ഞാൻ നമിച്ചണ്ണാ .. (കൈ കൂപ്പുന്നു )

വൈഡ് ഹെലിക്യാം ഷോട്ട്

ടൈറ്റിൽ   പ്രണാമം 























































































Saturday 6 February 2016

one line

















മൂന്നു പേർ ഒരു കടപ്പുറത്ത് ഇരുന്ന് എന്തോ ചര്ച്ച ചെയ്യുന്നു. അതിലൊരാൾ "ഇത് പറ്റില്ല.. വേറെ വഴി നോക്കൂ" എന്ന് പറയുന്നു. മറ്റ് രണ്ട് പേർ ചിന്താമാഗ്നരാവുന്നു. ആരെയോ കൊല്ലുന്ന  കാര്യമോ മറ്റോ ആണെന്നാവും കാണികൾ കരുതുക.


കടൽപ്പാലത്തിൽ കടല വിൽക്കാനായി സൈക്കിളിൽ വരുന്ന പ്രേമൻ അന്നത്തെ കസ്റ്റമേഴ്സിനെ തപ്പി തന്റെ ദിവസം തുടങ്ങുകയാണ്. കടലയുടെ മറവിൽ കഞ്ചാവ് വിൽപ്പനയാണ് പ്രേമന്റെ പ്രധാന ബിസിനസ്സ്. ഈ കച്ചവടത്തിൽ പ്രേമന് ഒരു എതിരാളിയുണ്ട്. തന്റെ സ്വന്തം അനന്തിരവനായ ന്യൂ ജെനെറേഷൻ ധർമ്മൻ. ബൈക്കിൽ ചെത്തി നടക്കുന്ന കാതിൽ കമ്മലിട്ട ധർമ്മന്റെയടുത്ത് ചെറുപ്പക്കാർ വരുന്നതിനാൽ ഈയിടെയായി പ്രേമന്റെ ബിസിനസ്സിന് പൊതുവെ ഇടിവാണ്. ധര്മ്മനും പ്രേമനും പരസ്പരം കണ്ടാൽ പിന്നെ പൊരിഞ്ഞ യുദ്ധം തന്നെയാണ്. എന്നാൽ രാത്രി വീട്ടിലെത്തി അല്പം മദ്യം അകത്താക്കി കഴിഞ്ഞാൽ രണ്ടു പേരും കരളും കരളുമാണ്.


പാലത്തിൽ എത്തിയ പ്രേമന് അവിടെ വന്നിറങ്ങുന്ന ചെറുപ്പക്കാരനിലായി  ശ്രദ്ധ. ആദ്യം കടല വാങ്ങുവാനായി അവനെ പ്രേമൻ സമീപിച്ചുവെങ്കിലും അവനത്‌ കാര്യമായെടുത്തില്ല. അവന് പ്രേമൻ ഒരു ശല്യമായി മാറി. അവസാനം കഞ്ചാവ് തന്നെ വേണമോയെന്ന് ചോദിച്ചെങ്കിലും അവൻ ഒന്നും വാങ്ങാൻ കൂട്ടാക്കിയില്ല. പ്രേമൻ നിരാശനായി അവിടെ നിന്നും പിൻവാങ്ങി. മറ്റ് കസ്ടമേഴ്സിനെ തിരക്കി അയാള് പോയി.

തന്റെ ജീവിതം അവസാനിപ്പിക്കുവാനായാണ് ചെറുപ്പക്കാരൻ അവിടെ എത്തുന്നത്‌. ഇനി മരിക്കുകയല്ലാതെ അവന്റെ മുന്നിൽ വേറെ ഒരു മാര്ഗ്ഗവും ഇല്ല. അവന് അച്ഛനും അമ്മയും ഒരു സഹോദരിയുമാണ് ഉള്ളത്. അനേകം ബിസിനസ്സുകൾ ചെയ്ത് പരാജയപ്പെട്ട അച്ഛന് ഇന്ന് ആരും അഞ്ചു പൈസ കടമായി പോലും കൊടുക്കാനില്ല. പെങ്ങളുടെ കല്യാണം ഈയിടെ തീരുമാനിച്ചു. പയ്യനെ പെങ്ങൾക്കും വീട്ടുകാർക്കും ഇഷ്ടമായി. വീടും സ്ഥലവും മാത്രമേ അവർക്ക് സ്വന്തമായുള്ളൂ. ആ പ്രമാണം പണയം വച്ച് കല്യാണം നടത്താമെന്ന് വീട്ടുകാർ തീരുമാനിക്കുന്നു. കെട്ടു പ്രായം കഴിഞ്ഞു നിൽക്കുന്ന പെണ്ണായതിനാൽ അമ്മക്കും അച്ഛനും ഈ കല്യാണം എത്രയും വേഗം നടത്തണം എന്നാണ് ആഗ്രഹം.

ഈ പ്രമാണം തന്നെയാണ് നമ്മുടെ പയ്യനെ മരിക്കാൻ പ്രേരിപ്പിക്കുന്നതും. കുറെ ദിവസങ്ങൾക്കു മുമ്പ് ഈ പ്രമാണം തന്റെ സുഹൃത്തിന് ബിസിനസ്സിൽ മുടക്കുവാൻ കാശിനായി പയ്യൻ കൊടുത്തിരുന്നു. ഉടനെ തിരിച്ചെടുക്കാം എന്നായിരുന്നു പ്ലാൻ. കല്യാണം ഇങ്ങിനെ ഉടനെ നടക്കുമെന്ന് അവർ കരുതിയിരുന്നില്ല. കല്യാണം തീരുമാനിച്ചു കഴിഞ്ഞപ്പോൾ ഉടനെ തന്നെ സുഹൃത്തിനെ കോണ്ടാക്റ്റ് ചെയ്തു വിവരം പറഞ്ഞെങ്കിലും ഇന്നലെ മുതൽ അവന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്. നാളെ തന്റെ അച്ഛൻ പ്രമാണവുമായി ബാങ്കിൽ പോകാനിരിക്കുകയാണ്. അതിനായി പ്രമാണം നോക്കുമ്പോൾ അത് കണ്ടില്ല എങ്കിൽ വീട്ടിൽ ഒരു കൂട്ട ആത്മഹത്യ നടക്കുമെന്ന് പയ്യന് ഉറപ്പാണ്. എന്നാൽ അതിലും ഭേദം താൻ തന്നെ ആത്മഹത്യ ചെയ്യുന്നതാവും നല്ലതെന്ന് അവൻ തീരുമാനിച്ചു. തന്റെ മരണം കണ്ടെങ്കിലും സുഹൃത്ത് ആ പ്രമാണം തിരിച്ചു നല്കുമല്ലോ. അങ്ങിനെ ഒരു കൂട്ട ആത്മഹത്യ ഒഴിവാക്കാം. അതാണ്‌ അവന്റെ പ്രതീക്ഷ. ആരുടേയും ശ്രദ്ധ പിടിച്ചു പറ്റാതെ പാലത്തിൽ നിന്നും ചാടി ചാവണം. അത് മാത്രമാണ് അവന്റെ മനസ്സിലെ ചിന്ത. തന്റെ കുടുംബം ആത്മഹത്യ ചെയ്യുന്ന ദൃശ്യം അവന്റെ മനസ്സിൽ ഇടക്കിടെ തെളിയുന്നുണ്ട്. അതവനെ വളരെ അസ്വസ്ഥനാക്കുന്നുണ്ട്.


അവിടെ ഒരു പെൺകുട്ടി വന്നിറങ്ങുന്നു. അവൾ ആകെ ആശങ്കയിലാണ്. വീട്ടുകാർ അറിയാതെ അവൾ ഒരു മാസത്തിനു മുമ്പ് താൻ പ്രേമിച്ച പയ്യനെ വിവാഹം കഴിച്ചിരുന്നു. അവളിന്ന് ഗർഭിണിയും  ആണ്. അവളുടെ ഭർത്താവിന്റെ വീട്ടുകാർക്കും ഈ വിവാഹം നടന്ന വിവരം അറിയില്ല. ഭർത്താവ് അവളുടെ സ്വര്ണ്ണം മുഴുവൻ രണ്ടാഴ്ച മുമ്പ് വാങ്ങിയിരുന്നു. ഇപ്പോൾ അയാളെ കുറിച്ച് യാതൊരു വിവരവും ഇല്ല. അവളുടെ കൂട്ടുകാരിക്ക് എന്തോ സംശയം ആദ്യം തന്നെ തോന്നിയിരുന്നു. ഇപ്പോൾ ഭർത്താവ് മുങ്ങുക കൂടി ചെയ്തപ്പോൾ താൻ ചതിക്കപ്പെട്ടു എന്നാ വസ്തുത അവൾ മനസ്സിലാക്കുന്നു. വഞ്ചിക്കപ്പെട്ട അവൾക്കു ജീവിതം മടുത്തു. ഇനി മരണമാണ് മുന്നിലുള്ള ഏക മാർഗ്ഗം. അതിനായാണ് അവൾ പാലത്തിൽ എത്തുന്നത്.

പ്രേമൻ അവളെയും കടല വാങ്ങിക്കുവാനായി സമീപിച്ചുവെങ്കിലും ഒന്നും നടന്നില്ല. അയാൾക്ക്‌ ഇവരുടെ രണ്ടു പേരുടെയും കാര്യത്തില അല്പം സംശയം തോന്നുകയും അയാൾ രണ്ടിലൊന്ന് അറിയുവാനായി അവിടെ തന്നെ ചുറ്റിപ്പറ്റി നിൽക്കുകയും ചെയ്യുന്നു.

പയ്യന്റെ അച്ഛൻ പ്രമാണം തിരയുന്നു. അത് കാണാത്തതിനാൽ അമ്മ ആത്മഹത്യക്ക് തയാറെടുക്കുന്നു. അവർ പയ്യനെ വിളിച്ചെങ്കിലും അവന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്. അവനെ കണ്ടുപിടിച്ചിട്ട് മരിച്ചാൽ മതിയെന്ന് അച്ഛൻ തീരുമാനിക്കുന്നു. അവരെല്ലാം അവനെ തിരക്കി ഇറങ്ങുന്നു.

എന്തും ചെയ്യാൻ മടിക്കാത്തവരും തട്ടിപ്പ് വീരന്മാരുമാണ് സായിയും ജോയിച്ചനും. സായി ആവശ്യത്തിന് പണം ഉണ്ടാക്കി കഴിഞ്ഞു. അയാൾക്ക്‌ ഇനി ഇതെല്ലാം അവസാനിപ്പിക്കണം എന്നാണു ചിന്ത. ഒരു വിവാഹമൊക്കെ കഴിച്ച് സെറ്റിൽ ചെയ്യാനുള്ള തയാറെടുപ്പിലാണ് അവൻ. മണിക്കുട്ടനെ ബിസിനസ്സിൽ ചേർക്കാം എന്ന് വാഗ്ദാനം കൊടുത്ത് നമ്മുടെ പയ്യന്റെ പ്രമാണം അവരാണ് പണയം വപ്പിച്ചത്. സിറ്റിയിൽ ഉള്ള സ്ഥലമായതിനാൽ അതിന് കോടികളുടെ വിലയുണ്ട്‌. ആദ്യം വച്ച ബാങ്കിൽ നിന്നും അതവർ എടുക്കുന്നു. ജോയിച്ചന്റെ പരിചയത്തിൽ ഉള്ള ബ്ലെയിഡ് കമ്പനിയിൽ അത് വച്ചാൽ രണ്ട് കോടി കിട്ടുമെന്ന് ജോയിച്ചൻ  സായിയോട് പറയുന്നു. മണിക്കുട്ടന്റെ പ്രമാണം അല്ല അതെന്നും അവർ മനസ്സിലാക്കി. മണിക്കുട്ടനെ എങ്ങിനെ എങ്കിലും ഒഴിവാക്കി ഈ പ്രമാണം തങ്ങൾക്കു പണയം വയ്കാം എന്നായി അവരുടെ  ചിന്ത. അവനെ കൊല്ലാനവർ  ആളിനെ വിട്ടെങ്കിലും അത് നടക്കുന്നില്ല. പ്രമാണം കൊടുക്കുവാൻ എന്ന വ്യാജേന കടൽ പാലത്തിൽ വിളിച്ചു വരുത്തി അവനെ വക വരുത്തുവാൻ ആണ് അവരുടെ ഇപ്പോഴത്തെ  പ്ലാൻ. പാലത്തിൽ നിന്ന് തള്ളിയിടുകയോ വെടി വച്ച് കൊല്ലുകയോ ആവാം.

തങ്ങളുടെ പതിവ് പട്രോളിങ്ങിനു ഇറങ്ങിയ ഹെഡ് കോൺ സ്റ്റബിൽ ഉല്ലാസും പുതിയതായി നിയമനം കിട്ടിയ പി സി വേണുവും കടല്പാലത്തിന്റെ അടുത്തേക്ക് വരുന്നുണ്ട്. ഉല്ലാസ് തന്റെ വീര കൃത്യങ്ങൾ വേണുവിനെ പറഞ്ഞ് കേൾപ്പിക്കുന്നുണ്ട്. തന്റെ കൊമ്പൻ മീശയാണ് മീശ മാധവൻ എന്നാ സിനിമയുടെ കഥയായി മാറിയതെന്നുവരെ അയാൾ വേണുവിനെ പറഞ്ഞ് വിശ്വസിപ്പിക്കുന്നുണ്ട്. ഒരു പോലീസുകാരനാവാൻ വേണ്ട ഗുണങ്ങൾ, കള്ളന്മാർ എത്ര തരമുണ്ട് തുടങ്ങിയ പാഠങ്ങൾ അദ്ദേഹം വേണുവിനെ പഠിപ്പിക്കുന്നു.


പാലത്തിൽ വച്ച് പെൺകുട്ടിയും ചെറുപ്പക്കാരനും തമ്മിൽ പരിചയപ്പെടുന്നു. രണ്ടു പേരുടെയും ഉദ്ദേശം ഒന്നാണെന്ന് അവർ അറിയുന്നു. അവരുടെ സംസാരം ഒളിഞ്ഞ് നിന്ന് കേള്ക്കുന്ന പ്രേമൻ അവിടെ ആ ദിവസം എന്തെങ്കിലും നടക്കുമെന്ന് തന്നെ ഉറപ്പാക്കുന്നു. അയാൾ അവിടെ കറങ്ങി നടക്കുന്നു.


സായിയും ജോയിച്ചനും അവിടെ ഒരു മാരുതി വാനിൽ എത്തുന്നു. പ്രമാണം വാങ്ങാൻ മണിക്കുട്ടനോട് പാലത്തിൽ  വരാൻ പറഞ്ഞിട്ടാണ് അവർ അവിടെ എത്തുന്നത്‌. അവിടെ എത്തിയ അവർ പാലത്തിൽ നിൽക്കുന്ന പെൺകുട്ടിയെയും പയ്യനെയും കാണുന്നു. ഇനി തള്ളിയിട്ട് കൊല്ലുക എന്നാ പ്ലാൻ നടക്കില്ല എന്നവർക്ക് മനസ്സിലാവുന്നു. അതിനാൽ വെടി വച്ച് കൊല്ലാം എന്ന് തന്നെ അവർ തീരുമാനിക്കുന്നു. ഇവരുടെ ചർച്ചയെല്ലാം മറഞ്ഞ് നിന്ന് കേൾക്കുന്ന പ്രേമൻ ഞെട്ടുന്നു. അയാൾ അവിടെ നിന്നും വേഗം പോയേക്കാം എന്ന് കരുതുന്നു. അല്ലെങ്കിൽ അയാളെയും ഇവന്മാർ കൊന്നാലോ?

പഴയ കഞ്ചാവ് വില്പനക്കാരനായ പ്രേമനെ ഉല്ലാസും വേണുവും കാണുന്നു. അവരവനെ ചോദ്യം ചെയ്ത് വിട്ടയക്കുന്നു. പ്രേമൻ പഴയ കഞ്ചാവ് വില്പനക്കാരൻ ആണെന്നും എന്നാൽ ഇപ്പോൾ പാവമാണെന്നും കടല വില്പന കൊണ്ട് ജീവിച്ച് പോവുകയാണെന്നും ഉല്ലാസ് വേണുവിനോട് പറയുന്നു.


ഈ സമയം പരിക്ഷീണനായ മണിക്കുട്ടൻ പ്രമാണം വാങ്ങുവാനായി പാലത്തിൽ വരുന്നു. പെൺകുട്ടിയും പയ്യനും പാലത്തിൽ ഉണ്ടെങ്കിലും അവനെ അവർ കാണുന്നില്ല. മണിക്കുട്ടനെ  കണ്ട മാത്രയിൽ തന്നെ സായി അവനെ വെടി വച്ച് കൊല്ലുന്നു. അവർ സന്തോഷത്തോടെ വാൻ ഓടിച്ച് പോകുന്നു. ശബ്ദം കേട്ട പ്രേമനും പെൺ കുട്ടിയും പയ്യനും അവിടേക്ക് ഓടി വരുന്നു. തന്റെ ഭർത്താവായ മണിക്കുട്ടൻ മരിച്ചു കിടക്കുന്നത് കാണുന്ന പെൺകുട്ടി ബോധ രഹിതയാവുന്നു. തന്റെ പ്രമാണം വാങ്ങിക്കൊണ്ട് പോയ സുഹൃത്ത് മരിച്ചു കിടക്കുന്നത് കണ്ട പയ്യൻ വാവിട്ടു കരയുന്നു. ഈ സമയം പയ്യനെ തിരക്കി വന്ന അച്ഛനും അമ്മയും പെങ്ങളും ഇത് കണ്ടു സ്തബ്ദരായി നിൽക്കുന്നു.

ഇതെല്ലാം കണ്ട പ്രേമന് ഈ സംഭവം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അയാൾ ക്യാമറയെ നോക്കി ഈ ക്ലൈമാക്സ് മാറ്റണം എന്ന് പറയുന്നു. ഇത്രയും പേരെ വേദനിപ്പിച്ചുകൊണ്ടുള്ള ഒരു ക്ലൈമാക്സ് ശരിയല്ല. അതായിരുന്നു അയാളുടെ വാദം. ഇതാകെ ഹലാക്കിന്റെ അവലും  കഞ്ഞി പോലെയായി എന്നാണ് അയാളുടെ അഭിപ്രായം.

വോയിസ് ഓവർ "നമ്മുടെ പ്രേമൻ പറഞ്ഞാൽ പിന്നെ അതിന് അപ്പീലില്ല..അയാളാണല്ലോ ഈ കഥ ഇത്രയും നേരം കൊണ്ട് പോയത്.."


സീനുകൾ പുറകോട്ട് പോകുന്നു.

പോലീസുകാർ പ്രേമനെ ചോദ്യം ചെയ്യുന്ന സ്ഥലത്ത് വന്ന് അത് സാധാരണ ഗതിയിലാവുന്നു. പ്രേമൻ ഇപ്പോൾ ഇവിടെ ഒരു പയ്യൻ ബൈക്കിൽ വരുമെന്നും അവനെ വാനിൽ ഇരിക്കുന്നവർ വെടി  വച്ച്  കൊല്ലുമെന്നും അവരോടു പറയുന്നു. ആദ്യം പ്രേമൻ പറയുന്നത്  വിശ്വസിക്കുന്നില്ല. അവരുടെ കയ്യില ഒരു തോക്കും പ്രമാണവും ഉണ്ടെന്ന് പ്രേമൻ പറഞ്ഞത് കേട്ട് അതൊന്നു ചോദിച്ചു കളയാം എന്ന് കരുതി പോലീസുകാർ വാനിന്റെ അടുത്തെത്തുന്നു. ജോയിച്ചൻ പോലീസ് വരുന്നത് കണ്ടിട്ട് തോക്ക് മാറ്റിക്കളയുന്നു. പരിശോധനയിൽ പോലീസിന് പ്രമാണം കിട്ടുന്നു. ആ സമയം മണിക്കുട്ടൻ അവിടെ എത്തുന്നു. ഈ പ്രമാണം ആരുടെ ആണെന്ന് പോലീസുകാർ മണിക്കുട്ടനോട് ചോദിക്കുന്നു. ഇത് തന്റെ സുഹൃത്തുക്കൾ ആണെന്നും അവർ ഈ പ്രമാണം തരാൻ വന്നതാണെന്നും മണിക്കുട്ടൻ ഉല്ലാസിനോടും വേണുവിനോടും  പറയുന്നു.  ഈ ബഹളം കണ്ടു അവിടെ എത്തുന്ന പെൺകുട്ടിക്ക് തന്റെ ഭർത്താവിനെ തിരിച്ച് കിട്ടുന്നു. പയ്യന് ഇനി മരിക്കണ്ട കാര്യമില്ല. അവന് പ്രമാണം കിട്ടിയല്ലോ.അവിടെ എത്തുന്ന അവന്റെ കുംബവും ഹാപ്പിയാവുന്നു. അവിടെ വച്ച് സായിയെ കാണുന്ന പയ്യനും കുടുംബവും സായിയാണ് അവരുടെ വീട്ടിൽ കല്യാണം ആലോചിച്ച് വന്ന പയ്യൻ എന്ന സത്യം മനസ്സിലാക്കുന്നു.തന്റെ കൂര്മ്മ ബുദ്ധിയിൽ ഒരു കേസ് കൂടി പരിഹരിച്ചതിന്റെ സന്തോഷത്തിലാണ് ഉല്ലാസ്. വേണുവിന് ഉല്ലാസിനോടുള്ള ബഹുമാനം ഇരട്ടിക്കുന്നു.

എല്ലാവരും കൂടി നിന്ന് ഒരു സെൽഫി എടുക്കാമെന്ന് പ്രേമൻ പറയുന്നു. തന്റെ ശത്രുവായ അനന്തരവൻ ധർമ്മനേയും പ്രേമൻ സെൽഫിയിൽ നിൽക്കാൻ ക്ഷണിക്കുന്നു. അവരുടെ ഒരു വിചിത്ര സെൽഫി സ്ക്രീനിൽ നിറയുന്നു.


ഇപ്പോൾ നമ്മൾ സിനിമയുടെ ആദ്യം കണ്ട മൂന്നു പേരെയാണ് ആ പാലത്തിൽ സെൽഫി എടുത്ത സ്ഥലത്ത് കാണുന്നത്. അത് ഈ സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവും ആയിരുന്നു. ഈ കഥ എങ്ങിനെയുണ്ട് എന്ന് തിരക്കഥാകൃത്ത് മറ്റ് രണ്ടു പേരോടും ചോദിക്കുന്നു. നിർമ്മാതാവും സംവിധായകനും സന്തോഷമാവുന്നു. അവർ പരസ്പരം കൈ കൊടുക്കുന്നു. ചിത്രം നിർമ്മിക്കാം എന്ന് നിർമ്മാതാവ് ഉറപ്പ് കൊടുക്കുന്നു.