Monday, 8 February 2016

screenplay



സീൻ

ഔട്ട് ഡോർ

ബൈക്കിൽ പോകുന്ന പയ്യൻ




ഫ്ലാഷ് ബാക്ക് ഒന്ന്


സീൻ

പയ്യന്റെ വീട്

പയ്യൻ
അച്ഛൻ
അമ്മ
പെങ്ങൾ


ഒരു പ്രഭാതം. എല്ലാവരും ഡൈനിംഗ് ടേബിളിൽ. ദോശയും മുട്ടക്കറിയും ആണ് വിഭവം. അച്ഛനും അമ്മയും അല്പം ആലോചനയിലാണ്.

അച്ഛൻ:"ഇനിയിപ്പോ അവർക്ക് ഇഷ്ടമായ സ്ഥിതിക്ക് കല്യാണം നടത്താം...കൂടുതലൊന്നും നോക്കാനില്ല..കാശിന്റെ പ്രശ്നം മാത്രമാണ് എന്നെ കുഴക്കുന്നത്.. "

അമ്മ:"ഇവളുടെ കല്യാണം കഴിഞ്ഞാൽ പിന്നെ സമാധാനമായി. നമ്മുടെ കൂട്ടത്തിൽ ഇനി ഇവള് മാത്രമല്ലാ കെട്ടിക്കാതെ ഇങ്ങനെ നിക്കുന്നുള്ളൂ ..എനിക്ക് ഒരു സമാധാനവും ഇല്ല.."

അച്ഛൻ:"നിന്റെ പറച്ചില് കേട്ടാ തോന്നും ഞാൻ മനപ്പൂർവം ഇവളെ കെട്ടിച്ച് അയക്കാത്തതാ എന്ന്..എടീ ഓരോ ആലോചനകൾ വരുമ്പോ അവരൊക്കെ ചോദിക്കുന്ന കാശ് നമ്മുടെ കയ്യിൽ വേണ്ടേ..പിന്നെ സ്വർണ്ണം ... കാശിന്റെ കൊറവ് കൊണ്ട് എത്ര ആലോചനകൾ ഇപ്പൊ തന്നെ മുടങ്ങി..?'

അമ്മ:"ഇതും കൂടി നടക്കാതിരുന്നാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല..വല്ല വിഷം കുടിക്കുകയോ തൂങ്ങി ചാവുകയോ...എന്തും ചെയ്യാൻ ഞാൻ മടിക്കില്ല.."

അച്ഛൻ:"നമുക്ക് ഈ വീടിന്റെ ആധാരം പണയം വെയ്കാം..അതേ ഒരു മാർഗ്ഗമായി എന്റെ മുന്നിൽ ഇപ്പോ തെളിയുന്നുള്ളൂ.."

ഇത് കേട്ട് ഞെട്ടുന്ന പയ്യൻ. ഭക്ഷണം മതിയാക്കി എഴുന്നേൽക്കുന്നു.

അമ്മ:"നാളെ തന്നെ നിങ്ങൾ ബാങ്കിൽ പോകണം..എത്ര കിട്ടുമെന്ന് അറിയാമല്ലോ.."



ഫ്ലാഷ്ബാക്ക് രണ്ട്


സീൻ

പയ്യന്റെ മുറി


പയ്യൻ ആരെയോ ഫോൺ വിളിക്കുന്നു.


പയ്യൻ: "എടാ..ആകെ പ്രശ്നമാണ്..ഇന്ന് തന്നെ ആ പ്രമാണം എടുക്കണം..അത് വച്ചിട്ട്‌  ബാങ്കിൽ നിന്നും കാശെടുക്കണം എന്ന് അച്ഛനും അമ്മയും പ്ലാൻ ചെയ്യുന്നുണ്ട്..അനിയത്തിയുടെ കല്യാണത്തിനാ..ആകെ ചടങ്ങാവും...(ഫോൺ കട്ടാവുന്നു. വീണ്ടും ട്രൈ ചെയ്യുന്നു. കിട്ടുന്നില്ല)




ഫ്ലാഷ്ബാക്ക് മൂന്ന്


സീൻ

വീടിന്റെ പുറത്ത്

പയ്യൻ വീണ്ടും വീണ്ടും ഫോൺ വിളിക്കുന്നു.


"This phone is currently switched off..please try again later.."

അസ്വസ്ഥനായി മുറിയിലേക്ക് പോകുന്ന പയ്യൻ.



ഫ്ലാഷ് ബാക്ക് നാല്


സീൻ


വീടിനകം


വിഷം കഴിച്ച് മരിച്ചുകിടക്കുന്ന അച്ഛനെയും അമ്മയേയും പെങ്ങളേയും കണ്ട് തരിച്ച് നിൽക്കുന്ന പയ്യൻ. അവൻ പേടിച്ച് വീട്ടിൽ നിന്നും ഇറങ്ങി ഓടുന്നു.





സീൻ

ഔട്ട് ഡോർ

ക്ലിനിക്കൽ ലാബിന്റെ മുന്നിൽ നിൽക്കുന്ന പെൺകുട്ടി. കയ്യിൽ തുറന്ന് പിടിച്ചിരിക്കുന്ന യൂറിൻ പ്രെഗ്നൻസി ടെസ്റ്റ്‌ റിസൾട്ട്. ടെസ്റ്റ്‌ പോസിറ്റീവ് ആണ്. അവൾ ആരെയോ ഫോൺ വിളിക്കുന്നു. പല പ്രാവശ്യവും ട്രൈ ചെയ്യുന്നുണ്ട്.

"This phone is currently switched off..please try again later.."

ക്ഷമ നശിച്ച പെൺകുട്ടി തന്റെ കാറിലേക്ക് നടക്കുന്നു. കാറിൽ കയറി അവൾ ഓടിച്ച് പോകുന്നു.


പെൺകുട്ടി : ഇനി ജീവിച്ചിട്ട് കാര്യമില്ല. ഒരു അബോർഷൻ നടത്താനൊന്നും എന്നെ കിട്ടില്ല...

വേഗതയിൽ കാറോടിച്ച് പോകുന്നു.







കടൽപ്പാലത്തിൽ വന്നിറങ്ങുന്ന പയ്യൻ



സീൻ 


പയ്യൻ 

കടലക്കാരൻ 



കടൽ പാലത്തിലൂടെ നടക്കുന്ന പയ്യൻ. ചുറ്റും പരതി നോക്കുന്നുണ്ട്. പാലത്തിന്റെ മുകളിൽ നിന്നും കടലിലേക്ക് നോക്കുന്നു. ആളുകളുടെ ശ്രദ്ധയിൽ പെടാതിരിക്കാൻ ശ്രമിക്കുന്നത് പോലെ. ദൂരെ നിന്നും ചെറുപ്പക്കാരനെ നോക്കി നടന്ന് വരുന്ന കടല വിൽപ്പനക്കാരൻ. കയ്യിൽ ഒരു പ്ലാസ്റ്റിക് ബാഗിൽ കടല പോതിഞ്ഞതുണ്ട്. ഒരു കടല പൊതിയിൽ നിന്നും തിന്നുകൊണ്ടാണ് വരവ്.

കടലക്കാരൻ:(ആത്മഗതം)"ഇയാളെ ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ..ഒരമ്പത് രൂപേടെ കടല വിക്കാൻ പറ്റണം..കൈനീട്ടം എന്തായാലും ആയെന്ന് തോന്നുന്നു.."

പയ്യൻ:(ആത്മഗതം)"ആരും കാണാതിരുന്നാൽ മതി...രക്ഷിക്കാനായി ആരും ഉണ്ടാവരുത്.."

പയ്യൻ കടലക്കാരനെ കാണുന്നു. അയാളെ ഒഴിവാക്കാനായി കാണാത്ത മട്ടിൽ അഭിനയിക്കുന്നു. കടലക്കാരൻ വിടാൻ ഭാവമില്ല.


കടലക്കാരൻ:"സാർ..കടല വേണോ..? (പയ്യൻ അത് ശ്രദ്ധിക്കാതെ പോകാൻ ശ്രമിക്കുന്നു). അയ്യോ പോവല്ലേ സാറേ.. നിക്കണേ.. നല്ല കടലയാ സാറേ.. സാറിനെപ്പോലെയുള്ള നല്ല മനുഷേര് കടല വാങ്ങുന്നത് കൊണ്ടാ എന്റെ കുടുംബം കഴിയുന്നത്‌..ജീവിക്കാൻ വേണ്ടിയാ സാറേ.."

(പയ്യൻ കടലക്കാരനെ നോക്കുന്നു)

പയ്യൻ:(ആത്മഗതം):"ജീവിതം അവസാനിപ്പിക്കാൻ വന്നവന്റെ അടുത്താണ്  ജീവിക്കണം എന്ന് പറഞ്ഞ് കൊണ്ടുള്ള ഇവന്റെ വരവ്.."

കടലക്കാരൻ:"എന്താ സാറേ..ഒരെണ്ണം എടുക്കട്ടെ..(ഒരു പൊതി കടല പുറത്തെടുക്കുന്നു).

പയ്യൻ:"വേണ്ട..താനൊന്ന് പോയി തരാമോ..?"

കടലക്കാരൻ:"എവിടെ  പോകാനാ സാറേ..എല്ലാ ദിവസവും ഞാൻ ഇവിടെ തന്നെയാണ്.."

പയ്യൻ:"എനിക്കൽപ്പം സ്വസ്ഥത വേണം.."

കടലക്കാരൻ:"സാറിന് എന്തോ വിഷമം ഉണ്ടെന്ന് തോന്നുന്നു..ഞാൻ പോയേക്കാം.."

പയ്യൻ:(ആത്മഗതം)"ഇയാളൊരു ശല്യമായല്ലോ..ഇനി ഒന്നും സംസാരിക്കണ്ട..കൂടുതൽ അടുത്താൽ പിന്നെ ഇവിടെ നിന്നും ഇയാൾ പോകില്ല "

കടലക്കാരൻ:"ഞാനിനി സാറിനെ ശല്യപ്പെടുത്തുന്നില്ല.."

കടലക്കാരൻ നടന്ന് അല്പം ദൂരേക്ക് പോകുന്നു. കൂടെക്കൂടെ തിരിഞ്ഞ് നോക്കുന്നുണ്ട്.

പയ്യൻ:(ആത്മഗതം) "പോയത് നന്നായി..(ഫോൺ എടുക്കുന്നു. അത് സ്വിച്ച് ഓഫ് തന്നെയാണെന്ന് ഉറപ്പ് വരുത്തുന്നു. അത് കടലിൽ കളയാൻ തുടങ്ങുന്നു. എന്നാലും വേണ്ട എന്ന് കരുതി തിരിച്ച് പോക്കറ്റിൽ ഇടുന്നു).

കടലക്കാരൻ:"അങ്ങനെ  ആദ്യത്തെ കൈനീട്ടം നടന്നില്ല..ഇനി വേറെ ആരേലും വരും..വൈകുന്നേരത്തെ ബീച്ചിൽ പോയിട്ട് കാര്യമുള്ളൂ.." 



പെണ്ണ് വന്നിറങ്ങുന്നു 



പാലത്തിന് അല്പം ദൂരെയായി ഒരു കാറിൽ ഒരു പെണ്ണ് വന്നിറങ്ങുന്നു. കാർ നിറുത്തി ഇട്ടിട്ട് പാലത്തിലേക്ക് നടന്ന് വരുന്നു. ആകെ അസ്വസ്ഥയായി ആണ് വരവ്. അവളും പാലത്തിൽ വന്ന് നിലയുറപ്പിക്കുന്നു. കടലക്കാരനും പയ്യനും പെണ്ണിനെ കാണുന്നുണ്ട്. പയ്യൻ പെണ്ണ് അവിടെ വന്നതിൽ തൃപ്തനല്ല എന്ന് മുഖഭാവത്തിൽ നിന്നും വ്യക്തം. കടലക്കാരനിൽ പ്രതീക്ഷ കാണാം. അയാൾ പതിയെ പെണ്ണിനെ സമീപിക്കുന്നു.


കടലക്കാരൻ: "പെങ്ങളെ..കടല എടുക്കട്ടെ..?"

പെണ്ണ്:"വേണ്ട.."

കടലക്കാരൻ:നല്ല കടലയാ..ഇത് വരെ കൈനീട്ടം വിറ്റിട്ടില്ല..

പെണ്ണ്: ശരി.. എനിക്ക് വേണ്ട..

കടലക്കാരൻ: അതെന്താ പെങ്ങളെ..? എവിടെ നിന്ന് വര്വാ..?

പെണ്ണിന് കടലക്കാരനെ ഒട്ടും ഇഷ്ടപ്പെടുന്നില്ല. ദേഷ്യം വരുന്നു.

പെണ്ണ്: എവിടെ നിന്ന് വന്നാലെന്താ..? ഇതൊക്കെ അറിഞ്ഞിട്ട് തനിക്കെന്ത് വേണം..?

കടലക്കാരൻ: ഒന്നും വേണ്ട.. സ്നേഹം ഒള്ളത് കൊണ്ടാ ..

പെണ്ണ്: സ്നേഹം ഒന്നും വേണ്ട..സ്നേഹം മൂലമാ ഞാനിപ്പോ ഇവിടെ എത്തിയത്..

കടലക്കാരൻ; അതെന്താ പെങ്ങളേ അങ്ങനെ പറഞ്ഞത്.. സ്നേഹം കൊണ്ട് ഇവിടെ എത്തിയെന്നോ..?

പെണ്ണ്: എന്റെ പൊന്ന് ചേട്ടാ .. ഒന്ന് പോയി തരാമോ.. എന്തെങ്കിലും ആയിക്കോട്ട്.. ഞാൻ ചേട്ടനോട് ഒന്നും ചോദിച്ചില്ലല്ലോ..

കടലക്കാരൻ: എന്നാ ഞാമ്പോയേക്കാം..

(തിരിഞ്ഞ് നടക്കുന്നു)

(ആത്മഗതം) ഇനി എവള് യെന്തിനാരിക്കും ഇവടെ എത്തിയത്..? ചാടി ചാവാൻ വല്ലതും തന്നെ ..? ഇന്നി ഇപ്പോ ആണെങ്കി തന്നെ നമ്മക്ക് യെന്തര്..? അപ്പോ ആദ്യം വന്ന പയലും  ചാവാൻ തന്നെ വന്നത്..? യെന്തെരെടെ ഇത് ചാവാൻ വരുന്നവമ്മാരടെ സംസ്ഥാന സമ്മേളനം വല്ലതും തന്നെ..? ഒരു കാര്യം ചെയ്യാം..ഇവിടെ ഒക്കെ തന്നെ കറങ്ങി നടക്കാം..രണ്ടിലൊന്ന് അറിയാല്ലോ.. ഹി ഹി ഹി


(അവിടെ തന്നെ കറങ്ങി നടക്കുന്നു. കൂടെ കൂടെ പയ്യന്റെയും പെണ്ണിന്റെയും നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ട്)




സീൻ

കടൽ പാലം

പയ്യൻ

പെൺകുട്ടി

കടലക്കാരൻ



പയ്യനും പെൺകുട്ടിയും പരസ്പരം നോക്കുന്നു. രണ്ടു പേരെയും നോക്കിക്കൊണ്ട്‌ കടലക്കാരനും അവിടെയുണ്ട്.

പയ്യൻ: (ആത്മഗതം) ഇവൾ എന്തിനാവും വന്നത്? ഇനി ഇവളും മരിക്കാനാവുമോ പ്ലാൻ ? എന്നാൽ എന്റെ കാര്യം നടക്കില്ല. ആ കടല വിക്കുന്ന തെണ്ടി ഇനി പോവില്ല എന്ന് തോന്നുന്നു. ഒന്ന് മരിക്കാൻ പോലും ആരും സമ്മതിക്കില്ല. അവനെ ഒന്ന് കൂടി ട്രൈ ചെയ്യാം.

(ഫോണെടുത്ത് വിളിക്കുന്നു. മറുപടി കിട്ടുന്നില്ല) അവനെ ഇനി നോക്കണ്ട.. നാളെ എന്റെ വീട്ടിൽ എന്തെങ്കിലും നടക്കും..



പെൺ കുട്ടി പയ്യനെയും കടലക്കാരനെയും നോക്കുന്നു. അസ്വസ്തത മുഖത്ത് പ്രകടമാണ്. അവൾ നടന്ന് പയ്യനെ സമീപിക്കുന്നു. സംസാരിക്കാൻ ചെന്ന അവൾ വേണ്ട എന്ന രീതിയിൽ തിരിച്ച് പോകുന്നു. പയ്യനും അവളെ നോക്കുന്നു.


പയ്യൻ: (ആത്മഗതം) ഇവളെന്തിനാ എന്റെ അടുത്ത് വരാൻ തുടങ്ങിയത് ? എന്നോട് സംസാരിക്കാൻ ആവും.. ഇവളോട്‌ അങ്ങോട്ട് ചെന്ന് മിണ്ടിയാലോ..എന്താ കാര്യം എന്നറിയാമല്ലോ..


പയ്യൻ പതിയെ പെൺകുട്ടിയുടെ സമീപത്തേക്ക് നടക്കുന്നു.


സീൻ

കൊലപാതകിയും കൂട്ടുകാരനും ഒരു ബാഗുമായി വാനിൽ കയറുന്നു. വാൻ സ്റ്റാർട്ടായി പോകുന്നു.

കൊലപാതകി: ഈ പ്രമാണം വേണമെന്ന് പറഞ്ഞ് അവനെന്നെ കൊറേ പ്രാവശ്യം വിളിച്ചിരുന്നു.. ഞാൻ ഫോണെടുത്തില്ല... അവസാനം  പാലത്തിൽ വാ തരാം എന്നങ്ങ് പറഞ്ഞു..

കൂട്ടുകാരൻ : എന്നേം വിളിച്ചു ..ഞാനും എടുത്തില്ല..  പിന്നെ ഞാനീ പറഞ്ഞ സ്ഥലത്ത് പ്രമാണം പണയം വെച്ചാൽ നമുക്ക് ഇരട്ടി കാശ് കിട്ടും.. അത് കൊണ്ടാ ഈ ബാങ്കിൽ നിന്നും അതെടുക്കാൻ ഞാൻ പറഞ്ഞത്.. പുതിയ സ്ഥലത്ത്  പലിശ അല്പം കൂടുതലാ .. പക്ഷേ നമ്മൾ ഇനി ഈ പ്രമാണം തിരിച്ചെടുക്കില്ലല്ലോ ..


കൊലപാതകി : അതെ .. അവന് കാശ് കൊടുക്കാമെന്നാ ഞാനാദ്യം കരുതിയത്..പിന്നെ ആലോചിച്ചപ്പോ തോന്നി അത് വേണ്ടാന്ന് .. അവസരങ്ങൾ ഒരിക്കലൊക്കെയേ വരൂ  .. അത് കളയുന്നവൻ ഒരു മണ്ടനാ ..

കൂട്ടുകാരൻ: നീ എന്ത് വട്ടാടാ പറയുന്നെ ? അങ്ങനെ ഒന്നും ആലോചിക്കേണ്ട കാര്യം പോലും ഇല്ല..അവൻ നമ്മടെ ബിസിനസ്സിൽ വല്ല മൊതലും മൊടക്കിയോ.. കാശിടാനും കഷ്ടപ്പെടാനും നമ്മൾ.. പങ്ക് പറ്റാൻ അവനും..

കൊലപാതകി: ശരിയാ..നീ പറയുന്നതിൽ കാര്യമുണ്ട്..

കൂട്ടുകാരൻ: അവൻ ഒരു പ്രമാണം തന്നു ..അത് വച്ച് നമ്മൾ കൊറേ കാശും എടുത്തു..അല്ലാതെ അവനെന്താ ചെയ്തതത്? ആ പ്രമാണം പോലും അവന്റെയല്ല... അവനെ ഒഴിവാക്കിയാൽ ആ പ്രശ്നം തീരില്ലേ ..?

കൊലപാതകി: പ്രമാണം കിട്ടുമെന്ന് കരുതി അവൻ ഉടനെ പാലത്തിൽ എത്തും.. ഇന്നവനെ തീർക്കണം...രണ്ട് ചോയ്സ് ആണ് നമുക്കുള്ളത്. ഒന്ന് അവനെ തള്ളിയിട്ട് കൊല്ലണം. അല്ലെങ്കിൽ പിന്നെ വെടി വയ്കണം. ഏതു മാർഗ്ഗമായാലും വേണ്ടില്ല.. അവിടത്തെ സിറ്റുവേഷൻ നോക്കി നമുക്ക് വേണ്ടത് ചെയ്യാം..




സീൻ


പാലത്തിലൂടെ രണ്ട് പോലീസുകാർ വരുന്നു. അവരെ കണ്ട കടലക്കാരൻ ഒന്ന് പരുങ്ങുന്നു. പോലീസുകാർ അത് നോട്ട് ചെയ്യുന്നു.


പോലീസ് ഒന്ന്: (കടലക്കാരനെ നോക്കി) അവന് എന്തോ ഒരു കള്ളാ ലക്ഷണം പോലെ ..നോക്കിക്കേ..

പോലീസ് രണ്ട് : ആർക്ക്..?

പോലീസ് ഒന്ന്: ദാ അവന് ..

പോലീസ് രണ്ട്: ഏതോ ബംഗാളി ആണെന്ന് തോന്നുന്നു..അവന്റെയൊക്കെ കയ്യിൽ ചെലപ്പോ കാശ് കാണും ..ഒന്ന് വെരട്ടി നോക്കാം ..അല്ലേ..?

പോലീസ് ഒന്ന് : ഡാ ഭായീ .. അവടെ നിക്കെടാ ..ഇന്നെന്താ പണിക്ക് പോയില്ലേ ..?

പോലീസ് രണ്ട് : അവന് ഒന്നും മനസ്സിലായിക്കാണില്ല .. തുമാരാ നാം ക്യാ ഹെ ..?

കടലക്കാരൻ: ഞാൻ മലയാളിയാ സാറേ ..കടല വിക്കാൻ വന്നതാ ...

പോലീസ് ഒന്ന്: അത് ശരി ..എന്നിട്ട് കടല എവിടെ..?

(കടലക്കാരൻ കടലയുടെ പൊതികൾ അവരെ കാണിക്കുന്നു. രണ്ടു പേരും ആവശ്യത്തിന് കൈക്കലാക്കുന്നു)

പോലീസ് രണ്ട് : ശരി .. ശരി ..ഇപ്പൊഴത്തേക്ക് നിന്നെ വെറുതെ വിടുന്നു..ഇവിടൊന്നും അധികം കറങ്ങി നടക്കണ്ട കേട്ടോ..

കടലക്കാരൻ: ഇല്ല സാറമ്മാരെ.. ഞാൻ ഒടനെ വീട്ടി പൊയ്കോളാം ..കഞ്ഞി കുടിക്കാൻ സമയമായി...

പോലീസ് ഒന്ന് : ശരി ..വേഗം പോയ്കോ ..കഞ്ഞി തണുക്കണ്ട ..

(പോലീസുകാർ നടന്ന് പോകുന്നു)

കടലക്കാരൻ: (ആത്മഗതം) ബംഗാളി ആണെന്ന് പറഞ്ഞാ മതിയാരുന്നു.. പക്ഷേ ഹിന്ദി അറിയില്ലല്ലോ ..അതാ പ്രശ്നം .. കടല കാലമാടമ്മാര് കൊണ്ട് പോയി ..




സീൻ


കാറിൽ വരുന്ന കൊലപാതകിയും കൂട്ടുകാരനും. അവർ കടൽ പാലത്തിന് സമീപം എത്തുന്നു. അവിടെ വണ്ടി പാർക്ക് ചെയ്യുന്നു.


കൊലപാതകി: അവനെ വെയിറ്റ് ചെയ്യാം.. ഉടനെ വരും..

അവർ പാലത്തിലേക്ക് നോക്കുന്നു. അവിടെയുള്ള പയ്യനെയും കടലക്കാരനെയും പെണ്ണിനേയും ശ്രദ്ധിക്കുന്നു.

കൂട്ടുകാരൻ: നീയല്ലേ പറഞ്ഞത് ഈ സമയത്ത് പാലത്തിൽ അധികം ആരും കാണില്ല എന്ന്..

കൊലപാതകി: സാധാരണ ഈ സമയത്ത് പാലത്തിൽ അധികം ആള് കാണില്ല.. പക്ഷേ ഇന്ന് അങ്ങിനെയല്ല..

കൂട്ടുകാരൻ: ഒരു പയ്യനും ഒരു പെണ്ണും ഉണ്ട്.. കാമുകീ കാമുകന്മാർ ആവാം..വേറൊരുത്തൻ അവിടെ ഉണ്ടല്ലോ..?

കൊലപാതകി: ഉം.. അവരൊക്കെ ഇപ്പോൾ പോകുമായിരിക്കും.. നമുക്ക് വെയിറ്റ് ചെയ്യാം.. അല്ലേ ?

കൂട്ടുകാരൻ: അതേ.. അതേ മാർഗ്ഗമുള്ളു.. ഉന്നം തെറ്റിയാൽ പോയി.. സൂക്ഷിച്ച് വേണം..

കൊലപാതകി: തോക്ക് കൊണ്ട് വെടി  വച്ചാലും കള്ള വെടി   വച്ചാലും ഒരിക്കലും എനിക്ക് ഉന്നം തെറ്റിയിട്ടില്ല .. തൊളച്ചു തന്നെ കയറും.. ഇല്ലെങ്കി കയറ്റും ..



സീൻ



കടലക്കാരൻ വണ്ടി കാണുന്നു.


കടലക്കാരൻ:(ആത്മഗതം) ഇനി ഈ വണ്ടീ വന്നവരെ ഒന്ന് മുട്ടാം.. വല്ലോം തടഞ്ഞാലോ..?"

കടലക്കാരൻ വണ്ടിയുടെ അടുത്തേക്ക് പോകുന്നു.


വണ്ടിയുടെ അടുത്തെത്തുന്ന കടലക്കാരൻ.


കടലക്കാരൻ: നല്ല കടല ഒണ്ട് സാറേ..ഓരോന്ന് എടുക്കട്ടെ..?

കൂട്ടുകാരൻ: നല്ല കടല ആണോ ..? നല്ലതാണെങ്കിൽ ഓരോന്ന് എടുത്തോ...

കടലക്കാരൻ: നല്ലത് തന്നെ സാറേ.. ബെസ്റ്റ് കടല.. സാറ് ഒന്ന് തിന്നാ പിന്നെ വീണ്ടും തിന്നും...

(രണ്ട് പൊതി കടല കൊടുക്കുന്നു. കൂട്ടുകാരാൻ അത് വാങ്ങിയിട്ട് ആയിരം രൂപയുടെ ഒരു നോട്ട് കൊടുക്കുന്നു)

കടലക്കാരൻ: അയ്യോ സാറേ ചില്ലറ ഇല്ല..

കൂട്ടുകാരൻ: തന്റെ കയ്യിൽ ആയിരത്തിന്റെ ചില്ലറ ഇല്ലേ..?'

കടലക്കാരൻ: ഇല്ല സാറേ... ഇത് വരെ കൈനീട്ടം വിറ്റിട്ടില്ല..

(കൂട്ടുകാരൻ രൂപ തിരികെ വാങ്ങുന്നു. എന്നിട്ട് കടല തിരിച്ച് കൊടുക്കാൻ തുടങ്ങുന്നു)

കൂട്ടുകാരൻ: ചില്ലറ ഇല്ലെങ്കിൽ നിന്റെ കടലയും വേണ്ട..

കടലക്കാരൻ: അത് കഷ്ടമാ സാറേ..ഇനി സാറമ്മാരെടെ കയ്യിൽ നിന്നും അത് ഞാൻ തിരിച്ച് വാങ്ങിക്കത്തില്ല... അത് തിന്നോ സാറമ്മാരെ..

കൊലപാതകി: എടോ അവിടെ നിൽക്കുന്ന ആ പയ്യനും പെണ്ണും ആരാ..? താൻ അവരോട് സംസാരിച്ചോ..?

കടലക്കാരൻ: ഒരു പ്രയോജനവും ഇല്ലാത്ത ആളുകളാ സാറേ..കടല വാങ്ങില്ല ... എന്തിനാണോ എന്തോ..രണ്ടും അവിടെ കുറ്റി അടിച്ചിരിക്കുവാ..ചോദിച്ചിട്ട് ഒന്നും പറയുന്നേം  ഇല്ല..


സീൻ

പയ്യൻ

പെൺകുട്ടി

പയ്യനും പെൺകുട്ടിയും സംസാരിക്കുന്നു.



പയ്യൻ: കുട്ടി എന്താണിവിടെ..?

പെൺകുട്ടി: അതറിഞ്ഞിട്ട് ഇപ്പോ തനിക്കെന്ത് വേണം..? ഞാൻ തന്നെ ശല്യപ്പെടുത്തുന്നില്ലല്ലോ..?

പയ്യൻ: ഇല്ലെന്ന് ആര് പറഞ്ഞു..? തനിക്കിവിടെ നിന്നൊന്ന് പോയി തരാൻ പറ്റുമോ..?

പെൺകുട്ടി: ഈ ചോദ്യം ഞാൻ തന്നോടാ ചോദിക്കേണ്ടത്‌..തനിക്കിവിടെ നിന്നും പോയ്കൂടെ..?

പയ്യൻ: ഞാൻ പോയിട്ട് തനിക്കെന്ത് വേണം..?

പെൺകുട്ടി; എനിക്കെന്ത് വേണമെന്ന് നീ അറിഞ്ഞാൽ പോകാമോ..? എങ്കിൽ ഞാൻ പറയാം..എനിക്ക് മരിക്കണം..എന്താ ഇനി നിനക്ക് പൊയ്കൂടെ .. ?

(പയ്യൻ അന്തംവിടുന്നു)

പയ്യൻ: നീയും മരിക്കാനാണോ വന്നത്.. ഞാനും അതിന് തന്നെയാ ഇവിടെ വന്നത്.. നീ എന്തിന് മരിക്കണം..?

(പെൺകുട്ടി ഞെട്ടിയ രീതിയിൽ അവനെ നോക്കുന്നു)

പെൺകുട്ടി: എനിക്ക് ഇനി മരിക്കാതെ വേറെ ഒരു മാർഗ്ഗവും ഇല്ല.. എന്റെ ജീവിതം ഇത്രയേ ഉള്ളു..

പയ്യൻ: മൂന്ന് പേരെ മരണത്തിൽ നിന്നും രക്ഷിക്കാൻ വേണ്ടിയാണ് ഞാൻ മരിക്കാൻ പോകുന്നത്.. എന്റെ അച്ഛനും അമ്മയും പെങ്ങളും.. എന്റെ വീടിന്റെ പ്രമാണം പണയത്തിലാണ് .. എന്റെ ഏറ്റവും വേണ്ടപ്പെട്ട കൂട്ടുകാരന്  കുറച്ച് ദിവസം പണയം വയ്കാനാ  ഞാനത് വീട്ടിലാരും അറിയാതെ എടുത്ത് കൊടുത്തത്...  കുറെ നാളായെങ്കിലും അവനത്‌ തിരിച്ച് തന്നിട്ടില്ല..ഞാൻ  അക്കാര്യം പറഞ്ഞ് പല പ്രാവശ്യം അവനെ ഫോൺ വിളിച്ചു ....  ഫോൺ സ്വിച്ച് ഓഫ്‌ ആണ്...ആ പ്രമാണം കിട്ടിയിട്ട് വേണം അച്ഛന് അത് ബാങ്കിൽ വച്ച് പൈസ എടുത്ത് എന്റെ പെങ്ങളെ കെട്ടിച്ച് വിടാൻ... പ്രമാണം അവിടെയില്ലെന്ന്  വീട്ടിലാർക്കും  അറിയില്ല..കല്യാണം ഇത് മൂലം നടക്കാതെ വന്നാൽ അവരെല്ലാം ആത്മഹത്യ ചെയ്യും...

പെൺകുട്ടി: മറ്റുള്ളവർക്ക് വേണ്ടി മരിക്കാൻ പോകുന്ന നീ ഒരു വിഡ്ഢി ആണെന്നേ ഞാൻ പറയൂ..ഈ ലോകത്ത് ആരും ആരുടേയും സ്വന്തമല്ല..എല്ലാവർക്കും അവരവരുടെ കാര്യങ്ങൾ...  ഈ സ്വന്തം, ബന്ധം എന്നൊക്കെ നീ പറയുന്നില്ലേ ? അതെല്ലാം നിന്റെ വെറും തോന്നലുകൾ മാത്രം ... നീ മരിച്ചാൽ അവർക്കെന്ത്..?

പയ്യൻ: നിനക്ക് തെറ്റി.. അവർ എന്റെ എല്ലാമാണ്.. അവർക്ക് വേണ്ടി ഞാൻ  എന്തും ചെയ്യും.. നീ നിന്റെ കാര്യം നോക്കിയാൽ മതി..

പെൺകുട്ടി: ഞാൻ എന്റെ കാര്യം മാത്രമേ നോക്കൂ..അല്ലാതെ ഞാൻ വേറെ ആരുടെ കാര്യം നോക്കാൻ..?

പയ്യൻ: നീ അത്ര മിടുക്കി ആണല്ലോ.. പിന്നെ എന്തിനാ നീ മരിക്കാനായി ഇവിടെ വന്നത്..?

പെൺകുട്ടി: ഞാൻ മരിക്കുന്നത് എനിക്ക് വേണ്ടിയാണ്.. ആകെ ഞാൻ  ജീവിതത്തിൽ ഒരബദ്ധം മാത്രമേ ചെയ്തിട്ടുള്ളൂ .. ഒരുത്തനെ ഞാൻ സ്നേഹിച്ചു.... പക്ഷേ അവനെന്നെ വഞ്ചിച്ചു.... ഇപ്പോൾ ഞാൻ ഗർഭിണിയാണ്‌... ഇന്നാണ് എനിക്ക് ലാബിൽ നിന്നും അവനെ ഞാൻ വിളിക്കാൻ നോക്കി.. ഒരു മറുപടിയും ഇല്ല... എന്നെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞു... ഇനി എനിക്കവനെ കാണണ്ട..എനിക്ക് ജീവിക്കുകയും വേണ്ട...

പയ്യൻ: നീ സത്യത്തിൽ ഒരു മണ്ടിയാണ്..ഒരുത്തൻ ഗർഭിണിയാക്കി എന്ന പേരിൽ ഇന്ന് കേരളത്തിൽ ആരും മരിക്കാറില്ല..അതൊക്കെ സോൾവ് ചെയ്യാൻ എന്തൊക്കെ മാർഗ്ഗങ്ങൾ ഇന്നുണ്ട്..?

പെൺകുട്ടി: നിനക്ക് നിന്റെ ന്യായങ്ങൾ കാണും.. നീ  വിചാരിക്കുന്നതുപോലെ സോൾവ് ചെയ്യാൻ പറ്റുന്നതല്ല എന്റെ പ്രശ്നം.. ഇന്ന് എനിക്ക് മരിക്കണം..അതല്ലാതെ എന്റെ മുന്നിൽ വേറെ ഒരു മാര്ഗ്ഗവും ഇല്ല..

പയ്യൻ: നീ ചാടി മരിക്കുകയുമില്ല ..എന്നെയൊട്ടു ചാവാൻ അനുവദിക്കുകയും ഇല്ല ...

പെൺകുട്ടി: എനിക്ക് എന്റെ വഴി .. നിനക്ക് നിന്റെ വഴി...

(കടലക്കാരൻ ഇതെല്ലാം മാറി നിന്ന് കേൾക്കുന്നുണ്ടായിരുന്നു)

കടലക്കാരൻ: (ആത്മഗതം) അപ്പോ രണ്ടെണ്ണവും ചാവാനാ ഇവിടെ വന്നത്... ആ പോലീസുകാരമ്മാര് പോയല്ലോ അല്ലെങ്കി രണ്ടിനേം പിടിപ്പിക്കാരുന്നു..



സീൻ


പാലത്തിന്റെ മറ്റേ അറ്റത്ത്‌ കൊല്ലപ്പെടാൻ പോകുന്നവൻ എത്തുന്നു. ബൈക്ക് അവിടെ വച്ച് അവൻ പാലത്തിലേക്ക് നടക്കുന്നു.



സീൻ


വാനിൽ ഇരിക്കുന്ന കൊലപാതകികൾ. അവർ കൊല്ലപ്പെടാൻ പോകുന്നവനെ കാണുന്നു.

കൂട്ടുകാരൻ: എടാ.. അവൻ എത്തി..ഇനി നോക്കി നിന്നിട്ട് കാര്യമില്ല...

കൊലപാതകി തോക്കെടുത്ത് വെടിവയ്കുന്നു. കൊല്ലപ്പെടാൻ വന്നവൻ വെടിയേറ്റ്‌ വീഴുന്നു. ഉടനെ മരിക്കുന്നു. ബഹളം കേട്ട് കടലക്കാരനും പയ്യനും പെൺകുട്ടിയും അങ്ങോട്ട് ഓടുന്നു. കൊലപാതകിയും കൂട്ടുകാരനും വണ്ടി സ്റ്റാർട്ടാക്കി ഓടിച്ച് പോകുന്നു.


കടലക്കാരൻ: അയ്യോ.. നല്ല ഒരു പയ്യനായിരുന്നല്ലോ..ആരോ വെടി വച്ചുകൊന്നു.. ആ വാനിൽ ഇരുന്നവന്മാർ ആകണം...

പയ്യൻ: അയ്യോ ഇതെന്റെ കൂട്ടുകാരനാ.. അയ്യോ.. ഇവനാ എന്റെ കയ്യിൽ നിന്നും പ്രമാണം വാങ്ങിയത്...
(കൊല്ലപ്പെടാൻ വന്നവന്റെയും പയ്യന്റെയും വിവിധ ശബ്ദമില്ലാത്ത വിവിധ സീനുകൾ. പ്രമാണം ചോദിക്കുന്നു. പയ്യൻ വീട്ടിൽ നിന്നും ആരും അറിയാതെ പ്രമാണം എടുക്കുന്ന സീൻ. അവർ രണ്ടുപേരും ചേർന്ന് അത് ബാങ്കിൽ പണയം വച്ചിട്ട് കാശുമായി ഇറങ്ങി വരുന്ന സീൻ)

പെൺകുട്ടി: ഇതെന്റെ ബോയ് ഫ്രണ്ടാ(പെൺകുട്ടിയും കൊല്ലപ്പെടാൻ വന്നവനും ഒരുമിച്ചുള്ള ശബ്ദമില്ലാത്ത വിവിധ സീനുകൾ).. അയ്യോ.. (ബോധം കെട്ട് വീഴുന്നു)

കടലക്കാരൻ:  അയ്യേ..ഇതാകെ ചളം ആയല്ലോ..അപ്പോ എവൻ മുഖാന്തരമാണോ എവരു രണ്ട് പേരും ചാവാനായി ഇവിടെ വന്നത്..? ഇനി  ആ പയ്യന്റെ പ്രമാണവും ഇനി കിട്ടത്തും .. ആ പെണ്ണിന്റെ  ജീവിതം കട്ടപ്പൊകേം ആയി  .. (ക്യാമറയെ നോക്കി) അണ്ണാ ..നിങ്ങള് ഈ ക്ലൈമാക്സ് ഒന്ന്  മാറ്റണം... എല്ലാം മംഗളമായിട്ട് തന്നെ തീരട്ട് ..


വോയിസ് ഓവർ

നമ്മുടെ കടലക്കാരൻ പറഞ്ഞതിലും അല്പം കാര്യം ഇല്ലാതില്ല.. അപ്പോൾ എന്തായാലും ഈ ക്ലൈമാക്സ് ഒന്ന് മാറ്റിയേക്കാം..



സിനിമ ആദ്യം മുതൽ ഫാസ്റ്റ് ഫോർവേഡ് ആവുന്നു. പോലീസുകാർ പാലത്തിലൂടെ വരുന്ന സീൻ ആവുമ്പോൾ സിനിമ സാധാരണ ഗതിയിലാവുന്നു.


സീൻ

പാലത്തിലൂടെ നടന്ന് വരുന്ന പോലീസുകാർ.  അവർ അല്പം ധൃതിയിലാണ് .കടലക്കാരൻ അവിടെ നിൽക്കുന്നുണ്ട്. പോലീസുകാർ കടലക്കാരനെ ശ്രദ്ധിക്കാതെ കടന്ന് പോകുന്നു.

കടലക്കാരൻ: (ആത്മഗതം) ഇവമ്മാര് മിണ്ടു ചെയ്യുന്നില്ലല്ലോ .. അങ്ങനെ വിട്ടാൽ പറ്റില്ല...

(അവരുടെ പിറകേ ചെല്ലുന്നു).

കടലക്കാരൻ: സാറമ്മാരെ ..സാറമ്മാരെ ..ഒന്ന് നിക്കണേ ...

(പോലീസുകാർ തിരിഞ്ഞ് നോക്കുന്നു )

എന്റെ പൊന്ന് സാറമ്മാരെ ..രക്ഷിക്കണം ..ഇപ്പോ ഇവിടെ ഒരു കൊലപാതകം നടക്കും ..

പോലീസ് ഒന്ന് : കൊലപാതകമോ ..?

കടലക്കാരൻ : അതേ സാറേ .. ഒരു ചെറുക്കനെ ഇപ്പോ വേദി വച്ച് കൊല്ലും.. ആ വാനിൽ ഇരിക്കുന്നവന്മാർ ..

പോലീസ് രണ്ട് : ഏതു വാനിൽ ..?

(കടലക്കാരൻ നോക്കുമ്പോൾ വാൻ അവിടെ ഇല്ല )

പോലീസ് രണ്ട് : (അവിടെ നിൽക്കുന്ന പെണ്ണിനേയും പയ്യനെയും നോക്കുന്നു) ആ നില്ക്കുന്ന പയ്യനെ ആണോ കൊല്ലാൻ പോകുന്നതെന്ന് താൻ പറയുന്നത് ..?

കടലക്കാരൻ: ആ പയ്യനെ അല്ല സാർ .. സാറമ്മാര് ഒന്ന് വെയിറ്റ് ചെയ്യണം ..ഇപ്പോ ഒരു വെളുത്ത  വാൻ ദാ അവിടെ വന്ന് പാർക്ക് ചെയ്യും ..അതിൽ രണ്ട് ഭീകരമ്മാര് കാണും .. ഒരുത്തൻ ചൊമല ഷർട്ട്..വേറൊരുത്തൻ നീല ബനിയൻ.. കൊറച്ച് കഴിയുമ്പോ വേറെ ഒരു പയ്യന് കളം കളം ഉടുപ്പിട്ട് ഒരു ബൈക്കിൽ ദോ അവിടെ വന്ന് ഏറങ്ങീട്ട് പാലത്തിലൂടെ ഇങ്ങനെ നടന്ന് വരും .. അപ്പോ തന്നെ വാനിലിരിക്കുന്നവര് അവനെ വേദി വച്ച് കൊല്ലും.. നിങ്ങള് അത് സംഭവിക്കുന്നേനു മുമ്പ് തന്നെ അവമ്മാരെ അറസ്റ്റ് ചെയ്യണം...


പോലീസ് ഒന്ന് : നീ എന്താടാ ഊളംപാറയിൽ നിന്ന് ചാടി വന്നതാണോ.. നിന്നെ ഒടനെ തന്നെ അങ്ങോട്ട് പറഞ്ഞ് വിടാം.

(ഇതേ സമയം ഒരു വെളുത്ത വാൻ ദൂരെ പാർക്ക് ചെയ്യുന്നു. അതിൽ കടലക്കാരൻ പറഞ്ഞ രീതിയിൽ ഉള്ള രണ്ടു പേർ ഇരിക്കുന്നത് പോലീസ് രണ്ട് കാണുന്നു)

പോലീസ് രണ്ട്: സാറേ ..ദേ അങ്ങോട്ട് നോക്കിക്കേ .. ഇവന് വട്ടല്ല എന്ന് തോന്നുന്നു..

(പോലീസ് ഒന്ന് ഇത് കാണുന്നു )

പോലീസ് ഒന്ന്: അതെ അതെ .. എവൻ പറഞ്ഞതിൽ എന്തോ കാര്യം ഇല്ലാതില്ല..

(കൊല്ലപ്പെടാൻ പോകുന്നവനും പാലത്തിൽ എത്തുന്നു. കടലക്കാരൻ അത് കാണുന്നു)

കടലക്കാരൻ : സാറമ്മാരെ ഞാമ്പറഞ്ഞ ആ പയ്യൻ ദേ വരുന്നു ..ഇനി തമസിക്കല്ലേ ..അവൻ ദാ അവിടെ എത്തുന്നതിന് മുമ്പ് വെടി പൊട്ടിയിരിക്കും...

(പോലീസുകാർ പരസ്പരം നോക്കുന്നു. അവർ വാനിന്റെ അടുത്തേക്ക് സ്പീഡിൽ നടക്കുന്നു)



സീൻ


വാനിന്റെ അകവശം


(കൊലപാതകിയും കൂട്ടുകാരനും കൊല്ലപ്പെടാൻ വരുന്നവനെ കാണുന്നു. കൊലപാതകി തോക്കെടുത്ത് ഉന്നം പിടിക്കുന്നു. കൂട്ടുകാരൻ നടന്ന് വരുന്ന പോലീസുകാരെ കാണുന്നു)

കൂട്ടുകാരൻ: എടാ നിക്ക്.. നോക്കിക്കേ രണ്ട് പോലീസുകാര് ഇങ്ങോട്ടു വരുന്നൊണ്ട് .. നീ വേഗം ആ തോക്ക് അങ്ങ് കള.. നമ്മള് രണ്ടും ഇപ്പോ തന്നെ അകത്താവും..

(കൊലപാതകി പോലീസുകാരെ കണ്ടതും തോക്ക് എറിഞ്ഞ് കളയുന്നു. പോലീസുകാർ അവിടെ എത്തുന്നു )

പോലീസ് ഒന്ന്: എവിടെടാ തോക്ക് ..?

കൊലപാതകി : എന്താ സാർ ..? ഒന്നും മനസ്സിലായില്ല ..

കൂടുകാരൻ: ഞങ്ങൾ ഒരു പ്രമാണം കൊടുക്കാൻ വന്നതാ സാറേ.. ദാ ആ വരുന്നവനില്ലേ ..? അവന്റെ പ്രമാണമാ .. അത് കൊടുക്കണം ..

കൊലപാതകി: അതേ സാർ ..ഒരത്യാവശ്യം വന്നപ്പോ പണയം വയ്കാൻ വാങ്ങിച്ചതാ ..

പോലീസ് രണ്ട് : ആണോ ..? അവനോട് ഞങ്ങള്  ചോദിക്കും .. സത്യം അല്ലെങ്കിൽ രണ്ടിനേം ഇപ്പോ തന്നെ അകത്താക്കും ..

പോലീസ് ഒന്ന്: (കൊല്ലപ്പെടാൻ വന്നവനെ നോക്കി) ഡാ ഇവിടെ വാ..

(കൊല്ലപ്പെടാൻ വന്നവൻ വരുന്നു)  നിനക്ക് ഇവരെ അറിയാമോ ..?

കൊല്ലപ്പെടാൻ വന്നവൻ: അറിയാം സാർ.. എന്റെ കൂട്ടുകാരാ.. ഒരു പ്രമാണം എനിക്ക് തരാനാ ഇവര് ഇവിടെ വന്നത് സാറേ ...


പോലീസ് രണ്ട് : എന്നിട്ട് പ്രമാണം എവിടെ ?

(കൊലപാതകി തിരക്കിട്ട് പ്രമാണം ബാഗിൽ നിന്നും എടുക്കുന്നു )

കൊലപാതകി : ഇതാ സാർ ..

പോലീസ് ഒന്ന് : ശരി ..അതങ്ങോട്ട് കൊട് ..എല്ലാം മംഗളമായി തന്നെ അവസാനിക്കട്ടെ ..

(കൊലപാതകി പ്രമാണം കൊടുക്കുന്നു. അവിടെ പയ്യനും പെണ്ണും എത്തുന്നു . എല്ലാവരും പരസ്പരം കാണുന്നു. എല്ലാം അങ്ങിനെ കടലക്കാരന്റെ ആഗ്രഹം പോലെ മംഗളമായി തന്നെ അവസാനിക്കുന്നു)

കടലക്കാരൻ: ആരും പോവല്ലേ ..ഇന്നിനി കച്ചോടം നടന്നില്ലേലും വേണ്ട ..എല്ലാരും ഈ കടല തിന്നണം .. പൈസ തരണ്ട ...എന്റെ ഒരു സന്തോഷം ..

(എല്ലാവരും ചിരിച്ച് കൊണ്ട് കടല വാങ്ങുന്നു )

കടലക്കാരൻ;(ക്യാമറയെ നോക്കി ) നിങ്ങളെ ഞാൻ നമിച്ചണ്ണാ .. (കൈ കൂപ്പുന്നു )

വൈഡ് ഹെലിക്യാം ഷോട്ട്

ടൈറ്റിൽ   പ്രണാമം 























































































Saturday, 6 February 2016

one line

















മൂന്നു പേർ ഒരു കടപ്പുറത്ത് ഇരുന്ന് എന്തോ ചര്ച്ച ചെയ്യുന്നു. അതിലൊരാൾ "ഇത് പറ്റില്ല.. വേറെ വഴി നോക്കൂ" എന്ന് പറയുന്നു. മറ്റ് രണ്ട് പേർ ചിന്താമാഗ്നരാവുന്നു. ആരെയോ കൊല്ലുന്ന  കാര്യമോ മറ്റോ ആണെന്നാവും കാണികൾ കരുതുക.


കടൽപ്പാലത്തിൽ കടല വിൽക്കാനായി സൈക്കിളിൽ വരുന്ന പ്രേമൻ അന്നത്തെ കസ്റ്റമേഴ്സിനെ തപ്പി തന്റെ ദിവസം തുടങ്ങുകയാണ്. കടലയുടെ മറവിൽ കഞ്ചാവ് വിൽപ്പനയാണ് പ്രേമന്റെ പ്രധാന ബിസിനസ്സ്. ഈ കച്ചവടത്തിൽ പ്രേമന് ഒരു എതിരാളിയുണ്ട്. തന്റെ സ്വന്തം അനന്തിരവനായ ന്യൂ ജെനെറേഷൻ ധർമ്മൻ. ബൈക്കിൽ ചെത്തി നടക്കുന്ന കാതിൽ കമ്മലിട്ട ധർമ്മന്റെയടുത്ത് ചെറുപ്പക്കാർ വരുന്നതിനാൽ ഈയിടെയായി പ്രേമന്റെ ബിസിനസ്സിന് പൊതുവെ ഇടിവാണ്. ധര്മ്മനും പ്രേമനും പരസ്പരം കണ്ടാൽ പിന്നെ പൊരിഞ്ഞ യുദ്ധം തന്നെയാണ്. എന്നാൽ രാത്രി വീട്ടിലെത്തി അല്പം മദ്യം അകത്താക്കി കഴിഞ്ഞാൽ രണ്ടു പേരും കരളും കരളുമാണ്.


പാലത്തിൽ എത്തിയ പ്രേമന് അവിടെ വന്നിറങ്ങുന്ന ചെറുപ്പക്കാരനിലായി  ശ്രദ്ധ. ആദ്യം കടല വാങ്ങുവാനായി അവനെ പ്രേമൻ സമീപിച്ചുവെങ്കിലും അവനത്‌ കാര്യമായെടുത്തില്ല. അവന് പ്രേമൻ ഒരു ശല്യമായി മാറി. അവസാനം കഞ്ചാവ് തന്നെ വേണമോയെന്ന് ചോദിച്ചെങ്കിലും അവൻ ഒന്നും വാങ്ങാൻ കൂട്ടാക്കിയില്ല. പ്രേമൻ നിരാശനായി അവിടെ നിന്നും പിൻവാങ്ങി. മറ്റ് കസ്ടമേഴ്സിനെ തിരക്കി അയാള് പോയി.

തന്റെ ജീവിതം അവസാനിപ്പിക്കുവാനായാണ് ചെറുപ്പക്കാരൻ അവിടെ എത്തുന്നത്‌. ഇനി മരിക്കുകയല്ലാതെ അവന്റെ മുന്നിൽ വേറെ ഒരു മാര്ഗ്ഗവും ഇല്ല. അവന് അച്ഛനും അമ്മയും ഒരു സഹോദരിയുമാണ് ഉള്ളത്. അനേകം ബിസിനസ്സുകൾ ചെയ്ത് പരാജയപ്പെട്ട അച്ഛന് ഇന്ന് ആരും അഞ്ചു പൈസ കടമായി പോലും കൊടുക്കാനില്ല. പെങ്ങളുടെ കല്യാണം ഈയിടെ തീരുമാനിച്ചു. പയ്യനെ പെങ്ങൾക്കും വീട്ടുകാർക്കും ഇഷ്ടമായി. വീടും സ്ഥലവും മാത്രമേ അവർക്ക് സ്വന്തമായുള്ളൂ. ആ പ്രമാണം പണയം വച്ച് കല്യാണം നടത്താമെന്ന് വീട്ടുകാർ തീരുമാനിക്കുന്നു. കെട്ടു പ്രായം കഴിഞ്ഞു നിൽക്കുന്ന പെണ്ണായതിനാൽ അമ്മക്കും അച്ഛനും ഈ കല്യാണം എത്രയും വേഗം നടത്തണം എന്നാണ് ആഗ്രഹം.

ഈ പ്രമാണം തന്നെയാണ് നമ്മുടെ പയ്യനെ മരിക്കാൻ പ്രേരിപ്പിക്കുന്നതും. കുറെ ദിവസങ്ങൾക്കു മുമ്പ് ഈ പ്രമാണം തന്റെ സുഹൃത്തിന് ബിസിനസ്സിൽ മുടക്കുവാൻ കാശിനായി പയ്യൻ കൊടുത്തിരുന്നു. ഉടനെ തിരിച്ചെടുക്കാം എന്നായിരുന്നു പ്ലാൻ. കല്യാണം ഇങ്ങിനെ ഉടനെ നടക്കുമെന്ന് അവർ കരുതിയിരുന്നില്ല. കല്യാണം തീരുമാനിച്ചു കഴിഞ്ഞപ്പോൾ ഉടനെ തന്നെ സുഹൃത്തിനെ കോണ്ടാക്റ്റ് ചെയ്തു വിവരം പറഞ്ഞെങ്കിലും ഇന്നലെ മുതൽ അവന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്. നാളെ തന്റെ അച്ഛൻ പ്രമാണവുമായി ബാങ്കിൽ പോകാനിരിക്കുകയാണ്. അതിനായി പ്രമാണം നോക്കുമ്പോൾ അത് കണ്ടില്ല എങ്കിൽ വീട്ടിൽ ഒരു കൂട്ട ആത്മഹത്യ നടക്കുമെന്ന് പയ്യന് ഉറപ്പാണ്. എന്നാൽ അതിലും ഭേദം താൻ തന്നെ ആത്മഹത്യ ചെയ്യുന്നതാവും നല്ലതെന്ന് അവൻ തീരുമാനിച്ചു. തന്റെ മരണം കണ്ടെങ്കിലും സുഹൃത്ത് ആ പ്രമാണം തിരിച്ചു നല്കുമല്ലോ. അങ്ങിനെ ഒരു കൂട്ട ആത്മഹത്യ ഒഴിവാക്കാം. അതാണ്‌ അവന്റെ പ്രതീക്ഷ. ആരുടേയും ശ്രദ്ധ പിടിച്ചു പറ്റാതെ പാലത്തിൽ നിന്നും ചാടി ചാവണം. അത് മാത്രമാണ് അവന്റെ മനസ്സിലെ ചിന്ത. തന്റെ കുടുംബം ആത്മഹത്യ ചെയ്യുന്ന ദൃശ്യം അവന്റെ മനസ്സിൽ ഇടക്കിടെ തെളിയുന്നുണ്ട്. അതവനെ വളരെ അസ്വസ്ഥനാക്കുന്നുണ്ട്.


അവിടെ ഒരു പെൺകുട്ടി വന്നിറങ്ങുന്നു. അവൾ ആകെ ആശങ്കയിലാണ്. വീട്ടുകാർ അറിയാതെ അവൾ ഒരു മാസത്തിനു മുമ്പ് താൻ പ്രേമിച്ച പയ്യനെ വിവാഹം കഴിച്ചിരുന്നു. അവളിന്ന് ഗർഭിണിയും  ആണ്. അവളുടെ ഭർത്താവിന്റെ വീട്ടുകാർക്കും ഈ വിവാഹം നടന്ന വിവരം അറിയില്ല. ഭർത്താവ് അവളുടെ സ്വര്ണ്ണം മുഴുവൻ രണ്ടാഴ്ച മുമ്പ് വാങ്ങിയിരുന്നു. ഇപ്പോൾ അയാളെ കുറിച്ച് യാതൊരു വിവരവും ഇല്ല. അവളുടെ കൂട്ടുകാരിക്ക് എന്തോ സംശയം ആദ്യം തന്നെ തോന്നിയിരുന്നു. ഇപ്പോൾ ഭർത്താവ് മുങ്ങുക കൂടി ചെയ്തപ്പോൾ താൻ ചതിക്കപ്പെട്ടു എന്നാ വസ്തുത അവൾ മനസ്സിലാക്കുന്നു. വഞ്ചിക്കപ്പെട്ട അവൾക്കു ജീവിതം മടുത്തു. ഇനി മരണമാണ് മുന്നിലുള്ള ഏക മാർഗ്ഗം. അതിനായാണ് അവൾ പാലത്തിൽ എത്തുന്നത്.

പ്രേമൻ അവളെയും കടല വാങ്ങിക്കുവാനായി സമീപിച്ചുവെങ്കിലും ഒന്നും നടന്നില്ല. അയാൾക്ക്‌ ഇവരുടെ രണ്ടു പേരുടെയും കാര്യത്തില അല്പം സംശയം തോന്നുകയും അയാൾ രണ്ടിലൊന്ന് അറിയുവാനായി അവിടെ തന്നെ ചുറ്റിപ്പറ്റി നിൽക്കുകയും ചെയ്യുന്നു.

പയ്യന്റെ അച്ഛൻ പ്രമാണം തിരയുന്നു. അത് കാണാത്തതിനാൽ അമ്മ ആത്മഹത്യക്ക് തയാറെടുക്കുന്നു. അവർ പയ്യനെ വിളിച്ചെങ്കിലും അവന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്. അവനെ കണ്ടുപിടിച്ചിട്ട് മരിച്ചാൽ മതിയെന്ന് അച്ഛൻ തീരുമാനിക്കുന്നു. അവരെല്ലാം അവനെ തിരക്കി ഇറങ്ങുന്നു.

എന്തും ചെയ്യാൻ മടിക്കാത്തവരും തട്ടിപ്പ് വീരന്മാരുമാണ് സായിയും ജോയിച്ചനും. സായി ആവശ്യത്തിന് പണം ഉണ്ടാക്കി കഴിഞ്ഞു. അയാൾക്ക്‌ ഇനി ഇതെല്ലാം അവസാനിപ്പിക്കണം എന്നാണു ചിന്ത. ഒരു വിവാഹമൊക്കെ കഴിച്ച് സെറ്റിൽ ചെയ്യാനുള്ള തയാറെടുപ്പിലാണ് അവൻ. മണിക്കുട്ടനെ ബിസിനസ്സിൽ ചേർക്കാം എന്ന് വാഗ്ദാനം കൊടുത്ത് നമ്മുടെ പയ്യന്റെ പ്രമാണം അവരാണ് പണയം വപ്പിച്ചത്. സിറ്റിയിൽ ഉള്ള സ്ഥലമായതിനാൽ അതിന് കോടികളുടെ വിലയുണ്ട്‌. ആദ്യം വച്ച ബാങ്കിൽ നിന്നും അതവർ എടുക്കുന്നു. ജോയിച്ചന്റെ പരിചയത്തിൽ ഉള്ള ബ്ലെയിഡ് കമ്പനിയിൽ അത് വച്ചാൽ രണ്ട് കോടി കിട്ടുമെന്ന് ജോയിച്ചൻ  സായിയോട് പറയുന്നു. മണിക്കുട്ടന്റെ പ്രമാണം അല്ല അതെന്നും അവർ മനസ്സിലാക്കി. മണിക്കുട്ടനെ എങ്ങിനെ എങ്കിലും ഒഴിവാക്കി ഈ പ്രമാണം തങ്ങൾക്കു പണയം വയ്കാം എന്നായി അവരുടെ  ചിന്ത. അവനെ കൊല്ലാനവർ  ആളിനെ വിട്ടെങ്കിലും അത് നടക്കുന്നില്ല. പ്രമാണം കൊടുക്കുവാൻ എന്ന വ്യാജേന കടൽ പാലത്തിൽ വിളിച്ചു വരുത്തി അവനെ വക വരുത്തുവാൻ ആണ് അവരുടെ ഇപ്പോഴത്തെ  പ്ലാൻ. പാലത്തിൽ നിന്ന് തള്ളിയിടുകയോ വെടി വച്ച് കൊല്ലുകയോ ആവാം.

തങ്ങളുടെ പതിവ് പട്രോളിങ്ങിനു ഇറങ്ങിയ ഹെഡ് കോൺ സ്റ്റബിൽ ഉല്ലാസും പുതിയതായി നിയമനം കിട്ടിയ പി സി വേണുവും കടല്പാലത്തിന്റെ അടുത്തേക്ക് വരുന്നുണ്ട്. ഉല്ലാസ് തന്റെ വീര കൃത്യങ്ങൾ വേണുവിനെ പറഞ്ഞ് കേൾപ്പിക്കുന്നുണ്ട്. തന്റെ കൊമ്പൻ മീശയാണ് മീശ മാധവൻ എന്നാ സിനിമയുടെ കഥയായി മാറിയതെന്നുവരെ അയാൾ വേണുവിനെ പറഞ്ഞ് വിശ്വസിപ്പിക്കുന്നുണ്ട്. ഒരു പോലീസുകാരനാവാൻ വേണ്ട ഗുണങ്ങൾ, കള്ളന്മാർ എത്ര തരമുണ്ട് തുടങ്ങിയ പാഠങ്ങൾ അദ്ദേഹം വേണുവിനെ പഠിപ്പിക്കുന്നു.


പാലത്തിൽ വച്ച് പെൺകുട്ടിയും ചെറുപ്പക്കാരനും തമ്മിൽ പരിചയപ്പെടുന്നു. രണ്ടു പേരുടെയും ഉദ്ദേശം ഒന്നാണെന്ന് അവർ അറിയുന്നു. അവരുടെ സംസാരം ഒളിഞ്ഞ് നിന്ന് കേള്ക്കുന്ന പ്രേമൻ അവിടെ ആ ദിവസം എന്തെങ്കിലും നടക്കുമെന്ന് തന്നെ ഉറപ്പാക്കുന്നു. അയാൾ അവിടെ കറങ്ങി നടക്കുന്നു.


സായിയും ജോയിച്ചനും അവിടെ ഒരു മാരുതി വാനിൽ എത്തുന്നു. പ്രമാണം വാങ്ങാൻ മണിക്കുട്ടനോട് പാലത്തിൽ  വരാൻ പറഞ്ഞിട്ടാണ് അവർ അവിടെ എത്തുന്നത്‌. അവിടെ എത്തിയ അവർ പാലത്തിൽ നിൽക്കുന്ന പെൺകുട്ടിയെയും പയ്യനെയും കാണുന്നു. ഇനി തള്ളിയിട്ട് കൊല്ലുക എന്നാ പ്ലാൻ നടക്കില്ല എന്നവർക്ക് മനസ്സിലാവുന്നു. അതിനാൽ വെടി വച്ച് കൊല്ലാം എന്ന് തന്നെ അവർ തീരുമാനിക്കുന്നു. ഇവരുടെ ചർച്ചയെല്ലാം മറഞ്ഞ് നിന്ന് കേൾക്കുന്ന പ്രേമൻ ഞെട്ടുന്നു. അയാൾ അവിടെ നിന്നും വേഗം പോയേക്കാം എന്ന് കരുതുന്നു. അല്ലെങ്കിൽ അയാളെയും ഇവന്മാർ കൊന്നാലോ?

പഴയ കഞ്ചാവ് വില്പനക്കാരനായ പ്രേമനെ ഉല്ലാസും വേണുവും കാണുന്നു. അവരവനെ ചോദ്യം ചെയ്ത് വിട്ടയക്കുന്നു. പ്രേമൻ പഴയ കഞ്ചാവ് വില്പനക്കാരൻ ആണെന്നും എന്നാൽ ഇപ്പോൾ പാവമാണെന്നും കടല വില്പന കൊണ്ട് ജീവിച്ച് പോവുകയാണെന്നും ഉല്ലാസ് വേണുവിനോട് പറയുന്നു.


ഈ സമയം പരിക്ഷീണനായ മണിക്കുട്ടൻ പ്രമാണം വാങ്ങുവാനായി പാലത്തിൽ വരുന്നു. പെൺകുട്ടിയും പയ്യനും പാലത്തിൽ ഉണ്ടെങ്കിലും അവനെ അവർ കാണുന്നില്ല. മണിക്കുട്ടനെ  കണ്ട മാത്രയിൽ തന്നെ സായി അവനെ വെടി വച്ച് കൊല്ലുന്നു. അവർ സന്തോഷത്തോടെ വാൻ ഓടിച്ച് പോകുന്നു. ശബ്ദം കേട്ട പ്രേമനും പെൺ കുട്ടിയും പയ്യനും അവിടേക്ക് ഓടി വരുന്നു. തന്റെ ഭർത്താവായ മണിക്കുട്ടൻ മരിച്ചു കിടക്കുന്നത് കാണുന്ന പെൺകുട്ടി ബോധ രഹിതയാവുന്നു. തന്റെ പ്രമാണം വാങ്ങിക്കൊണ്ട് പോയ സുഹൃത്ത് മരിച്ചു കിടക്കുന്നത് കണ്ട പയ്യൻ വാവിട്ടു കരയുന്നു. ഈ സമയം പയ്യനെ തിരക്കി വന്ന അച്ഛനും അമ്മയും പെങ്ങളും ഇത് കണ്ടു സ്തബ്ദരായി നിൽക്കുന്നു.

ഇതെല്ലാം കണ്ട പ്രേമന് ഈ സംഭവം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അയാൾ ക്യാമറയെ നോക്കി ഈ ക്ലൈമാക്സ് മാറ്റണം എന്ന് പറയുന്നു. ഇത്രയും പേരെ വേദനിപ്പിച്ചുകൊണ്ടുള്ള ഒരു ക്ലൈമാക്സ് ശരിയല്ല. അതായിരുന്നു അയാളുടെ വാദം. ഇതാകെ ഹലാക്കിന്റെ അവലും  കഞ്ഞി പോലെയായി എന്നാണ് അയാളുടെ അഭിപ്രായം.

വോയിസ് ഓവർ "നമ്മുടെ പ്രേമൻ പറഞ്ഞാൽ പിന്നെ അതിന് അപ്പീലില്ല..അയാളാണല്ലോ ഈ കഥ ഇത്രയും നേരം കൊണ്ട് പോയത്.."


സീനുകൾ പുറകോട്ട് പോകുന്നു.

പോലീസുകാർ പ്രേമനെ ചോദ്യം ചെയ്യുന്ന സ്ഥലത്ത് വന്ന് അത് സാധാരണ ഗതിയിലാവുന്നു. പ്രേമൻ ഇപ്പോൾ ഇവിടെ ഒരു പയ്യൻ ബൈക്കിൽ വരുമെന്നും അവനെ വാനിൽ ഇരിക്കുന്നവർ വെടി  വച്ച്  കൊല്ലുമെന്നും അവരോടു പറയുന്നു. ആദ്യം പ്രേമൻ പറയുന്നത്  വിശ്വസിക്കുന്നില്ല. അവരുടെ കയ്യില ഒരു തോക്കും പ്രമാണവും ഉണ്ടെന്ന് പ്രേമൻ പറഞ്ഞത് കേട്ട് അതൊന്നു ചോദിച്ചു കളയാം എന്ന് കരുതി പോലീസുകാർ വാനിന്റെ അടുത്തെത്തുന്നു. ജോയിച്ചൻ പോലീസ് വരുന്നത് കണ്ടിട്ട് തോക്ക് മാറ്റിക്കളയുന്നു. പരിശോധനയിൽ പോലീസിന് പ്രമാണം കിട്ടുന്നു. ആ സമയം മണിക്കുട്ടൻ അവിടെ എത്തുന്നു. ഈ പ്രമാണം ആരുടെ ആണെന്ന് പോലീസുകാർ മണിക്കുട്ടനോട് ചോദിക്കുന്നു. ഇത് തന്റെ സുഹൃത്തുക്കൾ ആണെന്നും അവർ ഈ പ്രമാണം തരാൻ വന്നതാണെന്നും മണിക്കുട്ടൻ ഉല്ലാസിനോടും വേണുവിനോടും  പറയുന്നു.  ഈ ബഹളം കണ്ടു അവിടെ എത്തുന്ന പെൺകുട്ടിക്ക് തന്റെ ഭർത്താവിനെ തിരിച്ച് കിട്ടുന്നു. പയ്യന് ഇനി മരിക്കണ്ട കാര്യമില്ല. അവന് പ്രമാണം കിട്ടിയല്ലോ.അവിടെ എത്തുന്ന അവന്റെ കുംബവും ഹാപ്പിയാവുന്നു. അവിടെ വച്ച് സായിയെ കാണുന്ന പയ്യനും കുടുംബവും സായിയാണ് അവരുടെ വീട്ടിൽ കല്യാണം ആലോചിച്ച് വന്ന പയ്യൻ എന്ന സത്യം മനസ്സിലാക്കുന്നു.തന്റെ കൂര്മ്മ ബുദ്ധിയിൽ ഒരു കേസ് കൂടി പരിഹരിച്ചതിന്റെ സന്തോഷത്തിലാണ് ഉല്ലാസ്. വേണുവിന് ഉല്ലാസിനോടുള്ള ബഹുമാനം ഇരട്ടിക്കുന്നു.

എല്ലാവരും കൂടി നിന്ന് ഒരു സെൽഫി എടുക്കാമെന്ന് പ്രേമൻ പറയുന്നു. തന്റെ ശത്രുവായ അനന്തരവൻ ധർമ്മനേയും പ്രേമൻ സെൽഫിയിൽ നിൽക്കാൻ ക്ഷണിക്കുന്നു. അവരുടെ ഒരു വിചിത്ര സെൽഫി സ്ക്രീനിൽ നിറയുന്നു.


ഇപ്പോൾ നമ്മൾ സിനിമയുടെ ആദ്യം കണ്ട മൂന്നു പേരെയാണ് ആ പാലത്തിൽ സെൽഫി എടുത്ത സ്ഥലത്ത് കാണുന്നത്. അത് ഈ സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവും ആയിരുന്നു. ഈ കഥ എങ്ങിനെയുണ്ട് എന്ന് തിരക്കഥാകൃത്ത് മറ്റ് രണ്ടു പേരോടും ചോദിക്കുന്നു. നിർമ്മാതാവും സംവിധായകനും സന്തോഷമാവുന്നു. അവർ പരസ്പരം കൈ കൊടുക്കുന്നു. ചിത്രം നിർമ്മിക്കാം എന്ന് നിർമ്മാതാവ് ഉറപ്പ് കൊടുക്കുന്നു.