Saturday, 6 February 2016

one line

















മൂന്നു പേർ ഒരു കടപ്പുറത്ത് ഇരുന്ന് എന്തോ ചര്ച്ച ചെയ്യുന്നു. അതിലൊരാൾ "ഇത് പറ്റില്ല.. വേറെ വഴി നോക്കൂ" എന്ന് പറയുന്നു. മറ്റ് രണ്ട് പേർ ചിന്താമാഗ്നരാവുന്നു. ആരെയോ കൊല്ലുന്ന  കാര്യമോ മറ്റോ ആണെന്നാവും കാണികൾ കരുതുക.


കടൽപ്പാലത്തിൽ കടല വിൽക്കാനായി സൈക്കിളിൽ വരുന്ന പ്രേമൻ അന്നത്തെ കസ്റ്റമേഴ്സിനെ തപ്പി തന്റെ ദിവസം തുടങ്ങുകയാണ്. കടലയുടെ മറവിൽ കഞ്ചാവ് വിൽപ്പനയാണ് പ്രേമന്റെ പ്രധാന ബിസിനസ്സ്. ഈ കച്ചവടത്തിൽ പ്രേമന് ഒരു എതിരാളിയുണ്ട്. തന്റെ സ്വന്തം അനന്തിരവനായ ന്യൂ ജെനെറേഷൻ ധർമ്മൻ. ബൈക്കിൽ ചെത്തി നടക്കുന്ന കാതിൽ കമ്മലിട്ട ധർമ്മന്റെയടുത്ത് ചെറുപ്പക്കാർ വരുന്നതിനാൽ ഈയിടെയായി പ്രേമന്റെ ബിസിനസ്സിന് പൊതുവെ ഇടിവാണ്. ധര്മ്മനും പ്രേമനും പരസ്പരം കണ്ടാൽ പിന്നെ പൊരിഞ്ഞ യുദ്ധം തന്നെയാണ്. എന്നാൽ രാത്രി വീട്ടിലെത്തി അല്പം മദ്യം അകത്താക്കി കഴിഞ്ഞാൽ രണ്ടു പേരും കരളും കരളുമാണ്.


പാലത്തിൽ എത്തിയ പ്രേമന് അവിടെ വന്നിറങ്ങുന്ന ചെറുപ്പക്കാരനിലായി  ശ്രദ്ധ. ആദ്യം കടല വാങ്ങുവാനായി അവനെ പ്രേമൻ സമീപിച്ചുവെങ്കിലും അവനത്‌ കാര്യമായെടുത്തില്ല. അവന് പ്രേമൻ ഒരു ശല്യമായി മാറി. അവസാനം കഞ്ചാവ് തന്നെ വേണമോയെന്ന് ചോദിച്ചെങ്കിലും അവൻ ഒന്നും വാങ്ങാൻ കൂട്ടാക്കിയില്ല. പ്രേമൻ നിരാശനായി അവിടെ നിന്നും പിൻവാങ്ങി. മറ്റ് കസ്ടമേഴ്സിനെ തിരക്കി അയാള് പോയി.

തന്റെ ജീവിതം അവസാനിപ്പിക്കുവാനായാണ് ചെറുപ്പക്കാരൻ അവിടെ എത്തുന്നത്‌. ഇനി മരിക്കുകയല്ലാതെ അവന്റെ മുന്നിൽ വേറെ ഒരു മാര്ഗ്ഗവും ഇല്ല. അവന് അച്ഛനും അമ്മയും ഒരു സഹോദരിയുമാണ് ഉള്ളത്. അനേകം ബിസിനസ്സുകൾ ചെയ്ത് പരാജയപ്പെട്ട അച്ഛന് ഇന്ന് ആരും അഞ്ചു പൈസ കടമായി പോലും കൊടുക്കാനില്ല. പെങ്ങളുടെ കല്യാണം ഈയിടെ തീരുമാനിച്ചു. പയ്യനെ പെങ്ങൾക്കും വീട്ടുകാർക്കും ഇഷ്ടമായി. വീടും സ്ഥലവും മാത്രമേ അവർക്ക് സ്വന്തമായുള്ളൂ. ആ പ്രമാണം പണയം വച്ച് കല്യാണം നടത്താമെന്ന് വീട്ടുകാർ തീരുമാനിക്കുന്നു. കെട്ടു പ്രായം കഴിഞ്ഞു നിൽക്കുന്ന പെണ്ണായതിനാൽ അമ്മക്കും അച്ഛനും ഈ കല്യാണം എത്രയും വേഗം നടത്തണം എന്നാണ് ആഗ്രഹം.

ഈ പ്രമാണം തന്നെയാണ് നമ്മുടെ പയ്യനെ മരിക്കാൻ പ്രേരിപ്പിക്കുന്നതും. കുറെ ദിവസങ്ങൾക്കു മുമ്പ് ഈ പ്രമാണം തന്റെ സുഹൃത്തിന് ബിസിനസ്സിൽ മുടക്കുവാൻ കാശിനായി പയ്യൻ കൊടുത്തിരുന്നു. ഉടനെ തിരിച്ചെടുക്കാം എന്നായിരുന്നു പ്ലാൻ. കല്യാണം ഇങ്ങിനെ ഉടനെ നടക്കുമെന്ന് അവർ കരുതിയിരുന്നില്ല. കല്യാണം തീരുമാനിച്ചു കഴിഞ്ഞപ്പോൾ ഉടനെ തന്നെ സുഹൃത്തിനെ കോണ്ടാക്റ്റ് ചെയ്തു വിവരം പറഞ്ഞെങ്കിലും ഇന്നലെ മുതൽ അവന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്. നാളെ തന്റെ അച്ഛൻ പ്രമാണവുമായി ബാങ്കിൽ പോകാനിരിക്കുകയാണ്. അതിനായി പ്രമാണം നോക്കുമ്പോൾ അത് കണ്ടില്ല എങ്കിൽ വീട്ടിൽ ഒരു കൂട്ട ആത്മഹത്യ നടക്കുമെന്ന് പയ്യന് ഉറപ്പാണ്. എന്നാൽ അതിലും ഭേദം താൻ തന്നെ ആത്മഹത്യ ചെയ്യുന്നതാവും നല്ലതെന്ന് അവൻ തീരുമാനിച്ചു. തന്റെ മരണം കണ്ടെങ്കിലും സുഹൃത്ത് ആ പ്രമാണം തിരിച്ചു നല്കുമല്ലോ. അങ്ങിനെ ഒരു കൂട്ട ആത്മഹത്യ ഒഴിവാക്കാം. അതാണ്‌ അവന്റെ പ്രതീക്ഷ. ആരുടേയും ശ്രദ്ധ പിടിച്ചു പറ്റാതെ പാലത്തിൽ നിന്നും ചാടി ചാവണം. അത് മാത്രമാണ് അവന്റെ മനസ്സിലെ ചിന്ത. തന്റെ കുടുംബം ആത്മഹത്യ ചെയ്യുന്ന ദൃശ്യം അവന്റെ മനസ്സിൽ ഇടക്കിടെ തെളിയുന്നുണ്ട്. അതവനെ വളരെ അസ്വസ്ഥനാക്കുന്നുണ്ട്.


അവിടെ ഒരു പെൺകുട്ടി വന്നിറങ്ങുന്നു. അവൾ ആകെ ആശങ്കയിലാണ്. വീട്ടുകാർ അറിയാതെ അവൾ ഒരു മാസത്തിനു മുമ്പ് താൻ പ്രേമിച്ച പയ്യനെ വിവാഹം കഴിച്ചിരുന്നു. അവളിന്ന് ഗർഭിണിയും  ആണ്. അവളുടെ ഭർത്താവിന്റെ വീട്ടുകാർക്കും ഈ വിവാഹം നടന്ന വിവരം അറിയില്ല. ഭർത്താവ് അവളുടെ സ്വര്ണ്ണം മുഴുവൻ രണ്ടാഴ്ച മുമ്പ് വാങ്ങിയിരുന്നു. ഇപ്പോൾ അയാളെ കുറിച്ച് യാതൊരു വിവരവും ഇല്ല. അവളുടെ കൂട്ടുകാരിക്ക് എന്തോ സംശയം ആദ്യം തന്നെ തോന്നിയിരുന്നു. ഇപ്പോൾ ഭർത്താവ് മുങ്ങുക കൂടി ചെയ്തപ്പോൾ താൻ ചതിക്കപ്പെട്ടു എന്നാ വസ്തുത അവൾ മനസ്സിലാക്കുന്നു. വഞ്ചിക്കപ്പെട്ട അവൾക്കു ജീവിതം മടുത്തു. ഇനി മരണമാണ് മുന്നിലുള്ള ഏക മാർഗ്ഗം. അതിനായാണ് അവൾ പാലത്തിൽ എത്തുന്നത്.

പ്രേമൻ അവളെയും കടല വാങ്ങിക്കുവാനായി സമീപിച്ചുവെങ്കിലും ഒന്നും നടന്നില്ല. അയാൾക്ക്‌ ഇവരുടെ രണ്ടു പേരുടെയും കാര്യത്തില അല്പം സംശയം തോന്നുകയും അയാൾ രണ്ടിലൊന്ന് അറിയുവാനായി അവിടെ തന്നെ ചുറ്റിപ്പറ്റി നിൽക്കുകയും ചെയ്യുന്നു.

പയ്യന്റെ അച്ഛൻ പ്രമാണം തിരയുന്നു. അത് കാണാത്തതിനാൽ അമ്മ ആത്മഹത്യക്ക് തയാറെടുക്കുന്നു. അവർ പയ്യനെ വിളിച്ചെങ്കിലും അവന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്. അവനെ കണ്ടുപിടിച്ചിട്ട് മരിച്ചാൽ മതിയെന്ന് അച്ഛൻ തീരുമാനിക്കുന്നു. അവരെല്ലാം അവനെ തിരക്കി ഇറങ്ങുന്നു.

എന്തും ചെയ്യാൻ മടിക്കാത്തവരും തട്ടിപ്പ് വീരന്മാരുമാണ് സായിയും ജോയിച്ചനും. സായി ആവശ്യത്തിന് പണം ഉണ്ടാക്കി കഴിഞ്ഞു. അയാൾക്ക്‌ ഇനി ഇതെല്ലാം അവസാനിപ്പിക്കണം എന്നാണു ചിന്ത. ഒരു വിവാഹമൊക്കെ കഴിച്ച് സെറ്റിൽ ചെയ്യാനുള്ള തയാറെടുപ്പിലാണ് അവൻ. മണിക്കുട്ടനെ ബിസിനസ്സിൽ ചേർക്കാം എന്ന് വാഗ്ദാനം കൊടുത്ത് നമ്മുടെ പയ്യന്റെ പ്രമാണം അവരാണ് പണയം വപ്പിച്ചത്. സിറ്റിയിൽ ഉള്ള സ്ഥലമായതിനാൽ അതിന് കോടികളുടെ വിലയുണ്ട്‌. ആദ്യം വച്ച ബാങ്കിൽ നിന്നും അതവർ എടുക്കുന്നു. ജോയിച്ചന്റെ പരിചയത്തിൽ ഉള്ള ബ്ലെയിഡ് കമ്പനിയിൽ അത് വച്ചാൽ രണ്ട് കോടി കിട്ടുമെന്ന് ജോയിച്ചൻ  സായിയോട് പറയുന്നു. മണിക്കുട്ടന്റെ പ്രമാണം അല്ല അതെന്നും അവർ മനസ്സിലാക്കി. മണിക്കുട്ടനെ എങ്ങിനെ എങ്കിലും ഒഴിവാക്കി ഈ പ്രമാണം തങ്ങൾക്കു പണയം വയ്കാം എന്നായി അവരുടെ  ചിന്ത. അവനെ കൊല്ലാനവർ  ആളിനെ വിട്ടെങ്കിലും അത് നടക്കുന്നില്ല. പ്രമാണം കൊടുക്കുവാൻ എന്ന വ്യാജേന കടൽ പാലത്തിൽ വിളിച്ചു വരുത്തി അവനെ വക വരുത്തുവാൻ ആണ് അവരുടെ ഇപ്പോഴത്തെ  പ്ലാൻ. പാലത്തിൽ നിന്ന് തള്ളിയിടുകയോ വെടി വച്ച് കൊല്ലുകയോ ആവാം.

തങ്ങളുടെ പതിവ് പട്രോളിങ്ങിനു ഇറങ്ങിയ ഹെഡ് കോൺ സ്റ്റബിൽ ഉല്ലാസും പുതിയതായി നിയമനം കിട്ടിയ പി സി വേണുവും കടല്പാലത്തിന്റെ അടുത്തേക്ക് വരുന്നുണ്ട്. ഉല്ലാസ് തന്റെ വീര കൃത്യങ്ങൾ വേണുവിനെ പറഞ്ഞ് കേൾപ്പിക്കുന്നുണ്ട്. തന്റെ കൊമ്പൻ മീശയാണ് മീശ മാധവൻ എന്നാ സിനിമയുടെ കഥയായി മാറിയതെന്നുവരെ അയാൾ വേണുവിനെ പറഞ്ഞ് വിശ്വസിപ്പിക്കുന്നുണ്ട്. ഒരു പോലീസുകാരനാവാൻ വേണ്ട ഗുണങ്ങൾ, കള്ളന്മാർ എത്ര തരമുണ്ട് തുടങ്ങിയ പാഠങ്ങൾ അദ്ദേഹം വേണുവിനെ പഠിപ്പിക്കുന്നു.


പാലത്തിൽ വച്ച് പെൺകുട്ടിയും ചെറുപ്പക്കാരനും തമ്മിൽ പരിചയപ്പെടുന്നു. രണ്ടു പേരുടെയും ഉദ്ദേശം ഒന്നാണെന്ന് അവർ അറിയുന്നു. അവരുടെ സംസാരം ഒളിഞ്ഞ് നിന്ന് കേള്ക്കുന്ന പ്രേമൻ അവിടെ ആ ദിവസം എന്തെങ്കിലും നടക്കുമെന്ന് തന്നെ ഉറപ്പാക്കുന്നു. അയാൾ അവിടെ കറങ്ങി നടക്കുന്നു.


സായിയും ജോയിച്ചനും അവിടെ ഒരു മാരുതി വാനിൽ എത്തുന്നു. പ്രമാണം വാങ്ങാൻ മണിക്കുട്ടനോട് പാലത്തിൽ  വരാൻ പറഞ്ഞിട്ടാണ് അവർ അവിടെ എത്തുന്നത്‌. അവിടെ എത്തിയ അവർ പാലത്തിൽ നിൽക്കുന്ന പെൺകുട്ടിയെയും പയ്യനെയും കാണുന്നു. ഇനി തള്ളിയിട്ട് കൊല്ലുക എന്നാ പ്ലാൻ നടക്കില്ല എന്നവർക്ക് മനസ്സിലാവുന്നു. അതിനാൽ വെടി വച്ച് കൊല്ലാം എന്ന് തന്നെ അവർ തീരുമാനിക്കുന്നു. ഇവരുടെ ചർച്ചയെല്ലാം മറഞ്ഞ് നിന്ന് കേൾക്കുന്ന പ്രേമൻ ഞെട്ടുന്നു. അയാൾ അവിടെ നിന്നും വേഗം പോയേക്കാം എന്ന് കരുതുന്നു. അല്ലെങ്കിൽ അയാളെയും ഇവന്മാർ കൊന്നാലോ?

പഴയ കഞ്ചാവ് വില്പനക്കാരനായ പ്രേമനെ ഉല്ലാസും വേണുവും കാണുന്നു. അവരവനെ ചോദ്യം ചെയ്ത് വിട്ടയക്കുന്നു. പ്രേമൻ പഴയ കഞ്ചാവ് വില്പനക്കാരൻ ആണെന്നും എന്നാൽ ഇപ്പോൾ പാവമാണെന്നും കടല വില്പന കൊണ്ട് ജീവിച്ച് പോവുകയാണെന്നും ഉല്ലാസ് വേണുവിനോട് പറയുന്നു.


ഈ സമയം പരിക്ഷീണനായ മണിക്കുട്ടൻ പ്രമാണം വാങ്ങുവാനായി പാലത്തിൽ വരുന്നു. പെൺകുട്ടിയും പയ്യനും പാലത്തിൽ ഉണ്ടെങ്കിലും അവനെ അവർ കാണുന്നില്ല. മണിക്കുട്ടനെ  കണ്ട മാത്രയിൽ തന്നെ സായി അവനെ വെടി വച്ച് കൊല്ലുന്നു. അവർ സന്തോഷത്തോടെ വാൻ ഓടിച്ച് പോകുന്നു. ശബ്ദം കേട്ട പ്രേമനും പെൺ കുട്ടിയും പയ്യനും അവിടേക്ക് ഓടി വരുന്നു. തന്റെ ഭർത്താവായ മണിക്കുട്ടൻ മരിച്ചു കിടക്കുന്നത് കാണുന്ന പെൺകുട്ടി ബോധ രഹിതയാവുന്നു. തന്റെ പ്രമാണം വാങ്ങിക്കൊണ്ട് പോയ സുഹൃത്ത് മരിച്ചു കിടക്കുന്നത് കണ്ട പയ്യൻ വാവിട്ടു കരയുന്നു. ഈ സമയം പയ്യനെ തിരക്കി വന്ന അച്ഛനും അമ്മയും പെങ്ങളും ഇത് കണ്ടു സ്തബ്ദരായി നിൽക്കുന്നു.

ഇതെല്ലാം കണ്ട പ്രേമന് ഈ സംഭവം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അയാൾ ക്യാമറയെ നോക്കി ഈ ക്ലൈമാക്സ് മാറ്റണം എന്ന് പറയുന്നു. ഇത്രയും പേരെ വേദനിപ്പിച്ചുകൊണ്ടുള്ള ഒരു ക്ലൈമാക്സ് ശരിയല്ല. അതായിരുന്നു അയാളുടെ വാദം. ഇതാകെ ഹലാക്കിന്റെ അവലും  കഞ്ഞി പോലെയായി എന്നാണ് അയാളുടെ അഭിപ്രായം.

വോയിസ് ഓവർ "നമ്മുടെ പ്രേമൻ പറഞ്ഞാൽ പിന്നെ അതിന് അപ്പീലില്ല..അയാളാണല്ലോ ഈ കഥ ഇത്രയും നേരം കൊണ്ട് പോയത്.."


സീനുകൾ പുറകോട്ട് പോകുന്നു.

പോലീസുകാർ പ്രേമനെ ചോദ്യം ചെയ്യുന്ന സ്ഥലത്ത് വന്ന് അത് സാധാരണ ഗതിയിലാവുന്നു. പ്രേമൻ ഇപ്പോൾ ഇവിടെ ഒരു പയ്യൻ ബൈക്കിൽ വരുമെന്നും അവനെ വാനിൽ ഇരിക്കുന്നവർ വെടി  വച്ച്  കൊല്ലുമെന്നും അവരോടു പറയുന്നു. ആദ്യം പ്രേമൻ പറയുന്നത്  വിശ്വസിക്കുന്നില്ല. അവരുടെ കയ്യില ഒരു തോക്കും പ്രമാണവും ഉണ്ടെന്ന് പ്രേമൻ പറഞ്ഞത് കേട്ട് അതൊന്നു ചോദിച്ചു കളയാം എന്ന് കരുതി പോലീസുകാർ വാനിന്റെ അടുത്തെത്തുന്നു. ജോയിച്ചൻ പോലീസ് വരുന്നത് കണ്ടിട്ട് തോക്ക് മാറ്റിക്കളയുന്നു. പരിശോധനയിൽ പോലീസിന് പ്രമാണം കിട്ടുന്നു. ആ സമയം മണിക്കുട്ടൻ അവിടെ എത്തുന്നു. ഈ പ്രമാണം ആരുടെ ആണെന്ന് പോലീസുകാർ മണിക്കുട്ടനോട് ചോദിക്കുന്നു. ഇത് തന്റെ സുഹൃത്തുക്കൾ ആണെന്നും അവർ ഈ പ്രമാണം തരാൻ വന്നതാണെന്നും മണിക്കുട്ടൻ ഉല്ലാസിനോടും വേണുവിനോടും  പറയുന്നു.  ഈ ബഹളം കണ്ടു അവിടെ എത്തുന്ന പെൺകുട്ടിക്ക് തന്റെ ഭർത്താവിനെ തിരിച്ച് കിട്ടുന്നു. പയ്യന് ഇനി മരിക്കണ്ട കാര്യമില്ല. അവന് പ്രമാണം കിട്ടിയല്ലോ.അവിടെ എത്തുന്ന അവന്റെ കുംബവും ഹാപ്പിയാവുന്നു. അവിടെ വച്ച് സായിയെ കാണുന്ന പയ്യനും കുടുംബവും സായിയാണ് അവരുടെ വീട്ടിൽ കല്യാണം ആലോചിച്ച് വന്ന പയ്യൻ എന്ന സത്യം മനസ്സിലാക്കുന്നു.തന്റെ കൂര്മ്മ ബുദ്ധിയിൽ ഒരു കേസ് കൂടി പരിഹരിച്ചതിന്റെ സന്തോഷത്തിലാണ് ഉല്ലാസ്. വേണുവിന് ഉല്ലാസിനോടുള്ള ബഹുമാനം ഇരട്ടിക്കുന്നു.

എല്ലാവരും കൂടി നിന്ന് ഒരു സെൽഫി എടുക്കാമെന്ന് പ്രേമൻ പറയുന്നു. തന്റെ ശത്രുവായ അനന്തരവൻ ധർമ്മനേയും പ്രേമൻ സെൽഫിയിൽ നിൽക്കാൻ ക്ഷണിക്കുന്നു. അവരുടെ ഒരു വിചിത്ര സെൽഫി സ്ക്രീനിൽ നിറയുന്നു.


ഇപ്പോൾ നമ്മൾ സിനിമയുടെ ആദ്യം കണ്ട മൂന്നു പേരെയാണ് ആ പാലത്തിൽ സെൽഫി എടുത്ത സ്ഥലത്ത് കാണുന്നത്. അത് ഈ സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവും ആയിരുന്നു. ഈ കഥ എങ്ങിനെയുണ്ട് എന്ന് തിരക്കഥാകൃത്ത് മറ്റ് രണ്ടു പേരോടും ചോദിക്കുന്നു. നിർമ്മാതാവും സംവിധായകനും സന്തോഷമാവുന്നു. അവർ പരസ്പരം കൈ കൊടുക്കുന്നു. ചിത്രം നിർമ്മിക്കാം എന്ന് നിർമ്മാതാവ് ഉറപ്പ് കൊടുക്കുന്നു.










































No comments:

Post a Comment